ഷെഡ്യുൾഡ് ട്രൈബ് വിഭാഗത്തിന്റെ ഭൂമി കോർപ്പറേറ്റ് കമ്പനികൾക്ക് പതിച്ചു നൽകുന്നത് തടയണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ലക്ഷദ്വീപ് സ്വദേശികളായ മഹദാ ഹുസൈൻ. ടി. ഐ, എം. കെ. അക്ബർ എന്നിവർ കേരളാ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് പ്രവേഗിന് നോട്ടീസ് അയച്ചിരിക്കുകയാണ് ബഹുമാനപ്പെട്ട കേരളാ ഹൈകോടതി.
ലക്ഷദ്വീപ് 1950 ൽ ഷെഡ്യുൾഡ് ഏരിയയുടെ അഞ്ചാം ഷെഡ്യുളിൽ ഉൾപെടുത്തപ്പെട്ട പ്രദേശമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന ഷെഡ്യുൾ ട്രൈബ് സമൂഹം അധിവസിക്കുന്ന ഒരു പ്രദേശം കൂടിയാണ് ലക്ഷദ്വീപ്.
നിലവിൽ ലക്ഷദ്വീപിലെ ബംഗാരം, തിണ്ണകര തുടങ്ങിയ ദ്വീപുകളിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ പ്രവേഗ് പോലെയുള്ള കുത്തക കമ്പനികൾക്ക് ടൂറിസത്തിനായി ഭൂമി പതിച്ചു നൽകി കൊണ്ടിരിക്കുകയാണ്. ഷെഡ്യുൾഡ് ട്രൈബ് പ്രൊട്ടക്ഷൻ റഗുലേഷനും, ഭരണഘടനയുടെ ആർട്ടിക്കിൾ 244(1) ന്റെയുമെല്ലാം പരസ്യമായ ലംഘനമാണ് ലക്ഷദ്വീപിൽ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്.
ഷെഡ്യുൾഡ് ഏരിയകളിലെ ഭൂമി, പുറത്ത് നിന്നുള്ളവർക്ക് നൽകാൻ പാടില്ലെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ മൂന്നംഗ ഭരണഘടനാ ബെഞ്ചിന്റെ ശക്തമായ വിധിയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോടതി ഇടപെടൽ തേടി ഇവർ ബഹു .കേരള ഹൈക്കോടതിയെ സമീപിച്ചത്. പണ്ടാരം ഭൂമി സമ്പന്നമായ കേസുകളെ അടക്കം സ്വാധീനിക്കാൻ സാധ്യതയുള്ള അതി പ്രസക്തമായ ഒരു കേസ് കൂടിയാണ് ഇത്. മുൻ കേരളാ ഹൈകോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ അഡ്വ. രാംകുമാർ നമ്പ്യാർ, അഡ്വ അജിത് അഞ്ജർലേക്കർ എന്നിവരാണ് കേരളാ ഹൈകോടതിയിൽ പരാതിക്കാർക്കു വേണ്ടി ഹാജരായത്.
ടെന്റ് സിറ്റി നിർമാണ കമ്പനിക്ക് ഹൈകോടതി നോട്ടീസ്
