കവരത്തി: കാനറാ ബാങ്കിന്റെ പേരിൽ വ്യാജ സന്ദേശങ്ങളിലൂടെ ഉപഭോക്താക്കളെ വലയിൽ കുടുക്കാനുള്ള പുതിയ തട്ടിപ്പ് വ്യാപകമാവുകയാണ്. കെവൈസി അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഉടനെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആവുന്നതാണ് എന്ന രീതിയിലാണ് പുതിയ തട്ടിപ്പ്. “Dear user, your CANARA BANK Account will be blocked Today! Please KYC Your ADDHAR CARD Immediately Open CANARA BANK apk” എന്ന സന്ദേശം വാട്സ്ആപ്പിലൂടെ ലഭിക്കുകയും ഔദ്യോഗികമല്ലാത്ത ഒരു apk ഫയൽ ഡൗൺലോഡ് ചെയ്യാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് തട്ടിപ്പുകാർ. ഈ സന്ദേശം ആത്മവിശ്വാസം പെടുത്തുന്നതിനായി ബാങ്കിന്റെ യഥാർത്ഥ സന്ദേശം എന്ന് തോന്നിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.
തത്സമയം .apk ഫയലുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടും. ബാങ്കുകൾ വ്യക്തിപരമായ വിവരങ്ങൾ ആരായുന്നത് ഓൺലൈൻ സന്ദേശങ്ങൾ വഴി ചെയ്യുന്നതല്ലെന്നും ഇത്തരം സന്ദേശങ്ങൾ അവഗണിക്കണമെന്നും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപ്രതീക്ഷിതമായ സന്ദേശങ്ങൾ ലഭിച്ചാൽ ഉടനെ എടുത്തു ചാടാതെ കാനറാ ബാങ്കിന്റെ ഔദ്യോഗിക കസ്റ്റമർ കെയറുമായി ബന്ധപ്പെടുക. മറ്റ് ഉറപ്പില്ലാത്ത ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതും ഇൻസ്റ്റാൾ ചെയ്യുന്നതും ഒഴിവാക്കുക. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ വീഴാതെ ജാഗ്രത പാലിക്കുക അത്യാവശ്യമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കാനറാ ബാങ്കിന്റെ പേരിൽ വാട്സ്ആപ്പ് തട്ടിപ്പ്: ഉപഭോക്താക്കൾ ജാഗ്രത
