ഡൽഹി: 2-ാം മത് ഡൽഹി ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവെലിൽ പങ്കെടുക്കാനായി ലക്ഷദ്വീപ് കൈറ്റ് ടീം ഡൽഹിയിലെത്തി. ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് അഞ്ചംഗ ടീം ഫെസ്റ്റിവലിൽ പങ്കെടുക്കും. കിൽത്താൻ ദ്വീപിൽ നിന്നുള്ള ചമയം ഇദ്രീസ് ടീമിന്റെ ക്യാപ്റ്റനാണ്. ടീമിന്റെ മാനേജറായി മുഹമ്മദ് നജീബും അന്താരാഷ്ട്ര കോർഡിനേറ്ററായി സി.എച്ച് രാജേഷും പങ്കെടുക്കും. എസ്.എം കോയ ടീമിന്റെ സിഇഒയും ജിയാദ് ഹുസൈൻ മീഡിയ കോൺവീനറുമായിരിക്കും.
ജനുവരി 12 മുതൽ 15 വരെ ഡൽഹിയിലെ ബനേസര, സരായ് കാലേകാൻ എന്നിവിടങ്ങളിൽ വെച്ചാണ് ഫെസ്റ്റിവൽ നടക്കുന്നത്. ഡൽഹി ഡവലപ്പ്മെന്റ് അതോറിറ്റിയാണ് സംഘാടകർ. ലോകത്തെ 45 രാജ്യങ്ങളിൽ നിന്നുള്ള 250-ഓളം പട്ടം പറത്തൽ വിദഗ്ധരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 110 ടീമുകളും ഈ ഫെസ്റ്റിവലിൽ പങ്കെടുക്കും. മത്സരങ്ങൾ ഇന്ത്യൻ പാരമ്പര്യ ട്രെയിൻ കൈറ്റുകൾ, പ്രത്യേക രൂപത്തിലുള്ള ആധുനിക പട്ടങ്ങൾ, സ്പോർട്സ് കൈറ്റ് എന്നിവയിൽ വിവിധ വിഭാഗങ്ങളിലായാണ് നടത്തുന്നത്.