കവരത്തി: ലക്ഷദ്വീപിലെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നിർണായകമായ മാറ്റം
വരുത്തിക്കൊണ്ട് സ്‌കൂളുകളിൽ ത്രിഭാഷാ നയം നിർബന്ധമാകുന്നു. നാഷണൽ എഡ്യൂക്കേഷൻ പോളിസി 2020 (NEP 2020)യും നാഷണൽ കരിക്കുലം ഫ്രെയിംവർക്കും (NCF 2023) അനുസരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ പ്രകാരമാണ് ഈ തീരുമാനം.
ഇതുപ്രകാരം ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവിൽ അറബിക്ക് സ്ഥാനം ഇല്ല.
പുതിയ ഭാഷാ ഘടന പ്രകാരം മലയാളം മീഡിയം സ്‌കൂളുകളിലും (കേരള പാറ്റേൺ) ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും (CBSE പാറ്റേൺ) ഇനി മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളാണ് പഠിക്കേണ്ടി വരിക. അറബി ഇതിൽ ഉൾപ്പെടുന്നില്ല. വർഷങ്ങളായി ലക്ഷദ്വീപിലെ വിദ്യാർത്ഥികൾക്കിടയിൽ അറബി ഭാഷയുടെ പഠനം തുടരുന്നുണ്ടായിരുന്നുവെങ്കിലും, പുതിയ ഭാഷാ മാതൃകയ്ക്ക് അനുസൃതമായി ഇത് ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ഭാഷാ വികസനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, കുട്ടികളിൽ മാതൃഭാഷയോടുള്ള ബോധവും അനുഭവപരിചയവുമേറെയാക്കുന്നതിനും വേണ്ടിയാണ് ഈ നടപടി എന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ പറയുന്നു. വിദ്യാഭ്യാസ ഡയറക്ടർ പദ്മാകർ റാം ത്രിപാഠി പുറത്തിറക്കിയ ഈ ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരും. എല്ലാ ദ്വീപുകളിലെയും പ്രിൻസിപ്പലുകൾക്കും ഹെഡ് മാസ്റ്റർമാർക്കും ഈ ഉത്തരവ് കൈമാറിയതായും അറിയിപ്പിൽ പറയുന്നു.
