കടമത്ത് ബി.വോക് വിദ്യാർഥികളുടെ കൂട്ടതോൽവി: അന്വേഷണം ആവശ്യപ്പെട്ട് ഹംദുള്ളാ സഈദ്

കടമത്ത്: ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ബി.വോക് ടൂറിസം ആൻഡ് സർവീസ് ഇൻഡസ്ട്രി കോഴ്‌സിന്റെ മൂന്നും അഞ്ചും സെമസ്റ്റർ പരീക്ഷാഫലത്തിൽ വിദ്യാർഥികൾ കൂട്ടത്തോടെ പരാജയപ്പെട്ടതിനെ തുടർന്ന് യഥാർത്ഥ സ്ഥിതിഗതികൾ അന്വേഷിക്കുകയും ആവശ്യമെങ്കിൽ പുനർമൂല്യനിർണയം നടത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ളാ സഈദ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്ക് കത്തയച്ചു.

ഡിസംബർ 2024-ൽ നടന്ന സെമസ്റ്റർ പരീക്ഷയിൽ 50-ഓളം വിദ്യാർത്ഥികൾ പങ്കെടുത്തുവെങ്കിലും ഒരാളും പാസായില്ല എന്നത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പലരും പരീക്ഷയിൽ ആത്മവിശ്വാസത്തോടെ എഴുതിയിട്ടും ഒരുപോലെ പരാജയപ്പെട്ടത് അസ്വാഭാവികമാണെന്നും, മൂല്യനിർണയത്തിൽ പിഴവുണ്ടായിരിക്കാമെന്നുമാണ് പ്രധാനമായും ഉയരുന്ന ആരോപണം.

ഈ പശ്ചാത്തലത്തിൽ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയാണ് എം.പി.ഹംദുള്ളാ സഈദ്. യൂണിവേഴ്സിറ്റി തലത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയും, വേണ്ടവിധത്തിൽ ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയം ചെയ്യുകയും ചെയ്യണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തിൽ ആധികാരികവും നീതിയുള്ളതുമായ നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
“വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാനും നീതി ഉറപ്പാക്കാനും യൂണിവേഴ്സിറ്റി അടിയന്തര നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” എന്നും എം.പി കത്തിൽ കൂട്ടിച്ചേർത്തു.

Share to

Leave a Reply

Your email address will not be published. Required fields are marked *