കവരത്തി: ലക്ഷദ്വീപിലെ ജനവാസമില്ലാത്ത ദ്വീപുകളിലേക്കുള്ള മനുഷ്യരുടെയും വസ്തുക്കളുടെയും എല്ലാ നീക്കവും നിരോധിച്ചുകൊണ്ട് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചു. 2023 ലെ ബി.എൻ.എസ്.എസ് നിയമത്തിന്റെ സെക്ഷൻ 163 (1) പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ലക്ഷദ്വീപ് ദ്വീപസമൂഹത്തിൽ 17 ജനവാസമില്ലാത്തതുമായ ദ്വീപുകൾ ഉണ്ട്. ഇടയ്ക്കിടെയുള്ള ആളുകളുടെ സഞ്ചാരം ഒഴികെ ജനവാസമില്ലാത്ത ദ്വീപുകളിൽ സ്ഥിരമായ വാസസ്ഥലങ്ങളില്ല. കൂടാതെ, ഈ ദ്വീപുകളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം വളരെ പരിമിതമാണ്. ഈ ജനവാസമില്ലാത്ത ദ്വീപുകൾ കള്ളക്കടത്ത്, ചാരവൃത്തി തുടങ്ങിയ അനധികൃത നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കോ അല്ലെങ്കിൽ ദേശീയ/പ്രാദേശിക സുരക്ഷയെ അപകടപ്പെടുത്തുന്ന മറ്റ് നിയമവിരുദ്ധ ആവശ്യങ്ങൾക്കോ വേണ്ടിയുള്ള ഗതാഗത കേന്ദ്രങ്ങളായോ ഉപയോഗിക്കാൻ കഴിയും.
അതിനാൽ രാജ്യത്തെ നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, പൊതു സുരക്ഷ, മനുഷ്യജീവന് അപകടം സംഭവിക്കുന്നത് തടയൽ, പൊതു സമാധാനത്തിന് ഭംഗം സംഭവിക്കുന്നത് തടയൽ എന്നിവയുടെ താൽപ്പര്യങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് നിരോധനം ഏർപ്പെടുത്തുന്നതെന്ന് ഉത്തരവിൽ പറയുന്നു.
ബംഗാരം, തിന്നക്കര ദ്വീപുകളിൽ സഞ്ചാര സൗകര്യങ്ങൾ ഒരുക്കുന്ന ടൂറിസ്റ്റുകൾക്കും ഉദ്യോഗസ്ഥർക്കും മാത്രമായിരിക്കും ഇളവ്. വിനോദസഞ്ചാരികൾ, മത്സ്യത്തൊഴിലാളികൾ, മറ്റ് തദ്ദേശീയർ അല്ലെങ്കിൽ സന്ദർശകർ എന്നിവരുൾപ്പെടെ എല്ലാ വ്യക്തികൾക്കും ഈ നിരോധനം ബാധകമാണ്. സുരക്ഷാ പരിശോധനകൾക്കുശേഷം മാത്രമേ ഇവർക്കുള്ള പ്രവേശനം അനുവദിക്കുകയുള്ളൂ. ഇന്ത്യൻ നേവി, കോസ്റ്റ്ഗാർഡ്, പോലീസുൾപ്പെടെയുള്ള ഏജൻസികൾക്ക് ഉത്തരവിന്റെ കർശനമായ നടപ്പാക്കൽ നിർദേശം നൽകിയിട്ടുണ്ട്.
ജനവാസമില്ലാത്ത ദ്വീപുകളിലേക്കുള്ള യാത്രയ്ക്ക് നിരോധനം
