കൊച്ചി: ലക്ഷദ്വീപ് നിവാസികൾ അനുഭവിക്കുന്ന ഗുരുതരമായ യാത്രാ ദുരിതത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എൻ.സി.പി (എസ്.പി) സംസ്ഥാന ഘടകം ഡെപ്യൂട്ടി ഡയറക്ടർ പി. ജമാലിന് നിവേദനം സമർപ്പിച്ചു. കൊച്ചിയിൽ കുടുങ്ങിക്കിടക്കുന്ന ദ്വീപ് നിവാസികളെ പ്രതിനിധീകരിച്ചുകൊണ്ടാണ് എൻ.സി.പി (എസ്.പി) സംസ്ഥാന പ്രസിഡന്റ് അഡ്വ. കോയ അറഫയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം അധികൃതരുമായി ചർച്ച നടത്തിയത്.
മാസങ്ങളായി അറ്റകുറ്റപ്പണികൾക്കായി കെട്ടിക്കിടക്കുന്ന കപ്പലുകൾ യാത്രാ യോഗ്യമാക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ഇപ്പോഴത്തെ യാത്രാ സാഹചര്യം ലക്ഷദ്വീപ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാവസ്ഥയാണെന്നും ചികിത്സക്കും മറ്റു ആവശ്യങ്ങൾക്കുമായി വന്ന സാധാരണക്കാർ ടിക്കറ്റ് ലഭിക്കാതിരുന്നത് മൂലം കയ്യിലുള്ള പണം തീർന്ന് കടം വാങ്ങിയും സ്വർണ്ണം വിറ്റുമാണ് ജീവിതം തുടരുന്നതെന്നും അഡ്വ. കോയ അറഫ പറഞ്ഞു. ഇത്തരം അവസ്ഥയിലും ലക്ഷദ്വീപ് എം.പിയുടെ മൗനം നിരാശാജനകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിനിധി സംഘത്തിൽ എൻ.സി.പി (എസ്.പി) സംസ്ഥാന വൈസ് പ്രസിഡന്റ് എ.ആർ. തൗസീഫ്, സെക്രട്ടറി സി.ജി. ഹക്കീം, മെയിൻലാൻഡ് യൂണിറ്റ് പ്രസിഡന്റ് എ.ബി. മുഹമ്മദ് ഫസൽ, അഗത്തി യൂണിറ്റ് പ്രസിഡന്റ് ഹനീഫ, സബാഹ് അറക്കൽ തുടങ്ങിയവർ പങ്കെടുത്തു.
