ന്യൂഡൽഹി: ഇന്ത്യയിലെ വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും എളുപ്പത്തിൽ തിരഞ്ഞെടുപ്പ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ECINET ആരംഭിക്കുന്നു. നിലവിലുള്ള 40-ത്തിലധികം ഐടി ആപ്പുകൾ സംയോജിപ്പിച്ച് മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ECINET മുഖേന, വോട്ടർമാർക്കും രാഷ്ട്രീയ പാർട്ടികൾക്കും, ബൂത്ത് ലെവൽ ഓഫീസർമാർക്കും, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ഏകോപിതമായ ഒരു ഡിജിറ്റൽ സേവന സംവിധാനം ലഭ്യമാകും. മൊബൈൽ, ഡെസ്ക്ടോപ്പ് പ്ലാറ്റ്ഫോമുകളിൽ എല്ലായിടത്തും ഒരേ ലോഗിൻ ഉപയോഗിച്ച് സേവനങ്ങൾ ആക്സസ് ചെയ്യാനാവും. നിലവിലെ വോട്ടർ ഹെൽപ്‌ലൈൻ ആപ്പ്, cVIGIL, സുവിധ 2.0, ESMS, KYC, സാക്ഷം തുടങ്ങിയ സേവനങ്ങൾ ECINET-ലേക്ക് ലയിപ്പിക്കും.
2025 മാർച്ചിൽ നടന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ സമ്മേളനത്തിലാണ് ECINET ആശയം ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആണിത് ആവിഷ്കരിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആപ്പ് വികസനത്തിന്റെ അവസാനഘട്ടത്തിലാണെന്നും, അതിന്റെ പ്രവർത്തനം സ്മൂത്തും സൈബർസുരക്ഷിതവുമായിരിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നിയമങ്ങൾ, പെരുമാറ്റ ചട്ടങ്ങൾ, മാർഗ്ഗനിർദേശങ്ങൾ എന്നിവയുടെ കൃത്യമായ പാലനത്തിനുള്ള സംവിധാനങ്ങളോടെയാണ് ECINET രൂപകൽപ്പന ചെയ്തിരിക്കുന്നത്.
100 കോടിയിലധികം വോട്ടർമാർക്കും, 10.5 ലക്ഷം BLO-കൾക്കും, 45 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർക്കും, രാഷ്ട്രീയ പാർട്ടികൾ നിയമിച്ച 15 ലക്ഷം BLA-കൾക്കും ഈ ആപ്പ് വലിയ സഹായമാകും എന്നാണ് കമ്മീഷൻ പ്രതീക്ഷിക്കുന്നത്.
തിരഞ്ഞെടുപ്പ് സേവനങ്ങൾക്ക് ഏകീകൃത ആപ്പ്: ‘ECINET’ ഉടൻ
