ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ കർശനമായി ജാഗ്രത പാലിക്കണം. നിലവിൽ മറ്റുള്ളവരുടെ പേരിലുള്ള ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് ഒരു സാധാരണ പ്രാക്ടീസായി മാറിയിട്ടുണ്ട്. എന്നാൽ ഇനി മുതൽ സ്വന്തം പേരിലല്ലാത്ത ടിക്കറ്റുമായി യാത്ര ചെയ്യാൻ അധികൃതർ അനുവദിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞദിവസം ആന്ത്രോത്തിൽ നിന്ന് മംഗലാപുരത്തേക്ക് പോകാനായി ബ്രേക്ക് വാട്ടർ ജെട്ടിയിൽ എത്തിയ യാത്രക്കാരിൽ മറ്റൊരാളുടെ പേരിലുള്ള ടിക്കറ്റുമായി എത്തിയതിനാൽ യാത്ര ചെയ്യാൻ അനുവദിക്കാതെ മടക്കി അയച്ചു.
കഴിഞ്ഞ ആഴ്ച കൽപേനിയിൽ നിന്നുള്ള വെസലിൽ ഉണ്ടായ ഒരു അനിഷ്ട സംഭവത്തെ തുടർന്നാണ് ഈ നടപടി. അന്ന് കുട്ടിയെ പീഡനത്തിന് ഇരയാക്കിയ പ്രതി ഉപയോഗിച്ച ടിക്കറ്റ് ഒരു സ്ത്രീയുടെ പേരിലായിരുന്നു. ഈ സംഭവത്തെ തുടർന്നുള്ള അന്വേഷണത്തിൽ വെസൽ ഇൻചാർജ് ക്യാപ്റ്റനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
ഈ പശ്ചാത്തലത്തിലാണ് എല്ലാ യാത്രക്കാരുടെയും ടിക്കറ്റുകൾ കർശനമായി പരിശോധിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇനി മുതൽ ടിക്കറ്റ് കൈമാറ്റം ചെയ്യുന്നവരും, മറ്റു പേരിലുള്ള ടിക്കറ്റുകൾ ഉപയോഗിക്കുന്നവരും നിയമപരമായി പ്രതിസന്ധിയിലാവാൻ സാധ്യതയുണ്ട്. അതിനാൽ നിങ്ങളുടെ പേരിലുള്ള ടിക്കറ്റും തിരിച്ചറിയൽ രേഖയും കൈവശം വെച്ചുകൊണ്ട്, നിയമപരമായി യാത്ര ചെയ്യുക.
യാത്രക്കാർ ജാഗ്രത: മറ്റൊരാളുടെ പേരിലുള്ള ടിക്കറ്റിൽ ഇനി യാത്ര അനുവദിക്കില്ല
