മലപ്പുറം: സമസ്ത കേരള ജംഇയ്യതുൽ ഉലമാ കേന്ദ്ര മുശാവറ അംഗവും അമിനി ദ്വീപിന്റെ ഖാസിയുമായിരുന്ന സയ്യിദ് ഫത്ഹുല്ല മുത്തുക്കോയ തങ്ങൾക്ക് അഭിലാഷം പോലെ മുണ്ടക്കുളം ജാമിഅ ജലാലിയ ക്യാമ്പസിൽ അന്ത്യനിദ്ര. വൻ ജനാവലിയുടെ അകമ്പടിയോടെയാണ് അദ്ദേഹത്തെ ജലാലിയ കാമ്പസിൽ കബറടക്കിയത്. കോഴിക്കോട് നിന്നും വെകീട്ട് 3.30 ഓടെയാണ് ജനാസ ജലാലിയ കാമ്പസിൽ എത്തിച്ചത്. സംഘടനാ പ്രവർത്തകരും നാട്ടുകാരുമായി ആയിരങ്ങൾ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഖുർആൻ വചനങ്ങളും പ്രാർഥനാ വചനങ്ങളും ഇടമുറിയാതെ അന്തരീക്ഷത്തിൽ ഉയർന്നുകൊണ്ടേയിരുന്നു. ആത്മീയ നായകനെ അവസാനമായൊരു നോക്ക് കാണാൻ ലക്ഷദ്വീപിൽ നിന്നടക്കം ആളുകൾ ഒഴുകിയെത്തി.വർഷങ്ങൾ നീണ്ട ബന്ധമാണ് ഫത്ഹുല്ല തങ്ങൾക്ക് മുണ്ടക്കുളവുമായുള്ളത്. ജലാലിയയുടെ രക്ഷാധികാരികളിലൊരാളും ഇരിതാഖ് ഉലമ കൗൺസിൽ അംഗവുമായിരുന്നു തങ്ങൾ.
ഒൻപതു വർഷകാലമായി മുണ്ടക്കുളം പ്രദേശത്ത് നടക്കുന്നസുലൂഖ് റാത്തീബിന്റെ ആത്മീയ നേതൃത്വവും ഫത്ഹുല്ല തങ്ങളായിരുന്നു. മുശാവറ യോഗങ്ങൾക്കായും, മറ്റും കേരളത്തിൽ എത്തുമ്പോഴെല്ലാം അദ്ദേഹം സ്ഥാപനം സന്ദർശിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരമകനെയും സ്ഥാപനത്തിൽ ഉപരി പഠനത്തിനയച്ചിരുന്നു. സന്ദർശനത്തിനെത്തുമ്പോൾ ജലാലിയയിലെ വിദ്യാർഥികൾക്ക് ഉപദേശ നിർദേശങ്ങളും അദ്ദേഹം നൽകിയിരുന്നു. സ്ഥാപനത്തിൽ അന്ത്യവിശ്രമം കൊള്ളാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം സഫലീകരിച്ചാണ് അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾക്ക് സ്ഥാപനമുറ്റത്ത് അവസരമൊരുക്കിയത്. ജനാസ മുണ്ടക്കുളത്തെത്തിയത് മുതൽ നേതാക്കളുടെ നീണ്ട നിര തന്നെ അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാനെത്തി.
സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ, സയ്യിദ് ഫള്ൽ തങ്ങൾ മേൽമുറി എന്നിവർ നിസ്‌കാരത്തിന് നേതൃത്വം നൽകി.പാണക്കാട് ഹാഷിറലി ശിഹാബ് തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, ഹംദുല്ല സഈദ് എം.പി ലക്ഷദ്വീപ്, സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ.എ.എം. അബ്ദുൽ ഖാദർ, വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, ടി.വി ഇബ്രാഹിം എം.എൽ.എ, അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളം, സിദ്ധീഖ് ഹാജി എറണാകുളം, ബക്കർ ഹാജി പെരിങ്ങാല,റഷീദ് ഫൈസി വെള്ളായിക്കോട്, യൂനുസ് ഫൈസി വെട്ടുപാറ, ബാപ്പുഹാജി മുണ്ടക്കുളം, ഷാഫി കടമത്ത് തുടങ്ങിയവർ ജനാസ സന്ദർഷിക്കാനെത്തി. വൈകീട്ട് ആറ് മണിയോടെ മകൻ സയ്യിദ് അബൂസ്വാലിഹ് തങ്ങൾ ഫൈസി ലക്ഷദ്വീപിന്റെ നേതൃത്വത്തിലുള്ള നിസ്‌കാരവും കഴിഞ്ഞ് ലക്ഷദ്വീപിന്റെ ആത്മീയ നായകനെ മുണ്ടക്കുളം ജലാലിയയുടെ മണ്ണ് ഏറ്റുവാങ്ങി.
കടപ്പാട്: സുപ്രഭാതം
