കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പൽ ജീവനക്കാർ സുരക്ഷിതർ

കൊച്ചി: ആഫ്രിക്കൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പൽ ജീവനക്കാർ സുരക്ഷിതരെന്ന് കുടുംബത്തിന് വിവരം ലഭിച്ചു. പത്ത് നാവികരെയും കടൽക്കൊള്ളക്കാർ വിട്ടയച്ചതായും സന്ദേശത്തിൽ പറയുന്നു. നിലവിൽ കപ്പൽ ഉടമയുടെ സുരക്ഷിത കസ്റ്റഡിയിലാണിവർ. തിരിച്ചുവരവ് സുഗമമാക്കുന്നതിന് വിസ ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ
ഉടമ ഏകോപിപ്പിക്കുകയാണ്. ഉടൻ തന്നെ ഇന്ത്യയിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

ലോമിൽ നിന്ന് ഡൗവാലയിലേക്കുള്ള യാത്രക്കിടെ പശ്ചിമ ആഫ്രിക്കൻ തീരത്ത് നിന്നാണ് ഏഴ് ഇന്ത്യക്കാർ ഉൾപ്പെടെ പത്ത് കപ്പൽ ജീവനക്കാരെ ആയുധങ്ങളുമായെത്തിയ മൂന്ന് അക്രമികൾ തട്ടിക്കൊണ്ടു പോയത്. ബിട്ടു റിവർ എന്ന കപ്പലാണ് കടൽക്കൊള്ളക്കാർ ആക്രമിച്ചു കീഴ്പ്‌പെടുത്തിയത്. പശ്ചിമ ആഫ്രിക്കയിലെ സാവോ ടോമിന്റെയും പ്രിൻസിപ്പെയുടെയും തീരത്ത് വെച്ചാണ് ടാങ്കർ കപ്പലിന് നേരെ ആക്രമണമുണ്ടായത്. ഇന്ത്യയിലെ മാരിടെക് ടാങ്കർ മാനേജ്‌മെൻ്റാണ് കപ്പൽ നിയന്ത്രിക്കുന്നത്.

ആക്രമണത്തിനിടെ സംഭവ സ്ഥലത്ത് നിന്ന് വെടിയൊച്ചകൾ കേട്ടതായി റിപോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ മാസം പതിനേഴിന് കടൾക്കൊള്ളക്കാരുടെ പിടിയിൽ അകപ്പെട്ട ഇവരുടെ മോചനത്തിന് അടിയന്തരമായി ഇടപെടണമെന്ന് ലക്ഷദ്വീപ് എം പി ഹംദുല്ല സഈദ് പാർലിമെൻ്റിൽ ആവശ്യപ്പെട്ടിരുന്നു.

Share to

Leave a Reply

Your email address will not be published. Required fields are marked *