കവരത്തി: കവരത്തി പോർട്ട് ഓഫീസിലെ അനിയന്ത്രിതവും അഴിമതിപരവുമായ പ്രവർത്തനങ്ങളിലൂടെ കിൽത്താനിലേക്കുള്ള യാത്ര തടഞ്ഞുവെന്നാരോപിച്ച് മുൻ പഞ്ചായത്ത് അംഗങ്ങൾ പോർട്ട് ഡയറക്ടർക്ക് പരാതി നൽകി. മുന്‍ അസിസ്റ്റന്റ് ഡയറക്ടർ (പഞ്ചായത്ത്) എ.ആർ. ബഷീറും, മുന്‍ ജില്ല പഞ്ചായത്ത് അംഗവും കിൽത്താൻ ദ്വീപ് പഞ്ചായത്ത് ചെയര്‍പേഴ്സണുമായ സാജിദ ബീഗം കെ.സിയും ചേര്‍ന്നാണ് പരാതി നൽകിയത്. അടുത്ത ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കിൽത്താനിലേക്ക് പോകാൻ ശ്രമിച്ചിരുന്ന ഇവർക്ക് ടിക്കറ്റ് ലഭിക്കാതെ വന്നത് അനീതിയെന്നും, ഇതിന് കാരണം പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥരുടെ ദുരുപയോഗമാണെന്നുമാണ് പരാതി.
ഏപ്രിൽ 10ന് കിൽത്താനിലേക്ക് ഉള്ള ബ്ലാക്ക് മെർലിന്‍ വെസ്സേലിൻ്റെ ടിക്കറ്റ് ഏപ്രിൽ 9 ന് 3:30ന് റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നെങ്കിലും സമയത്ത് ടിക്കറ്റുകൾ റിലീസ് ചെയ്തില്ല. 3:45 ന് നെറ്റ്‌വർക്ക് പ്രശ്നം മൂലം വൈകുമെന്നും പിന്നീട് അറിയിപ്പുണ്ടായി. എന്നാൽ, സൈറ്റ് ലഭ്യമായ സമയത്ത് തന്നെ ടിക്കറ്റുകൾ മുഴുവനും ‘സോൾഡ് ഔട്ട്’ ആയി കാണിച്ചതോടെ പൊതുജനങ്ങൾക്ക് ബുക്ക് ചെയ്യാൻ കഴിയാതെ പോയി. ഈ സാഹചര്യത്തിൽ ടിക്കറ്റുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയതല്ലെന്ന് സംശയം ഉയരുന്നതായി ഇവർ പരാതിയിൽ ഉന്നയിച്ചു.
തുടർന്ന് ഏപ്രിൽ 11 ന് പുറത്തിറക്കിയ യാത്രാ ഷെഡ്യൂളിൽ കിൽത്താനിലേക്കുള്ള എല്ലാ ടിക്കറ്റുകളും ‘Blocked’ ആയി കാണിക്കുകയും ബ്ലോക്ക് ചെയ്യാനുള്ള കാരണങ്ങൾ ഒന്നും വ്യക്തമാക്കുകയും ചെയ്തില്ല. വിശദീകരണം തേടിയപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഫോൺ എടുക്കുകയും ചെയ്തില്ല എന്നും നേരിട്ട് ഓഫീസിൽ ചെന്നപ്പോൾ മോശമായി പെരുമാറുകയും, “ഇത്രയും പേരെല്ലാം നാളെ പോകണ്ടേ? അടുത്ത യാത്രക്ക് കാത്തിരിക്കുക,” എന്നുപറഞ്ഞ് അവഗണിക്കുകയും ചെയ്തതായി പരാതിക്കാർ പറഞ്ഞു.
സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും വിശ്വസനീയമായ ഉറവിടങ്ങളിലൂടെയും ലഭിച്ച വിവരങ്ങൾ പ്രകാരം, ബിത്രയിൽ നിന്നും കല്യാണം കഴിഞ്ഞ് കിൽത്താനിലേക്ക് പോകുന്നവർക്ക് ടിക്കറ്റുകൾ നിരുദ്ദേശമായി തടഞ്ഞുവെച്ച് നൽകുകയും, ബാക്കിയുള്ള ടിക്കറ്റുകൾ ഓൺലൈനായി പബ്ലിഷ് പോലും ചെയ്യാതെ ചെത്ത്ലാത്ത് ദ്വീപിലെ തിരഞ്ഞെടുക്കപ്പെട്ട ചിലർക്ക് ഓഫ്ലൈനായി നൽകിയതായും പരാതിയിൽ പറയുന്നു.
സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണവും ഉത്തരവാദിത്വക്കാർക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാൻ ഉറപ്പ് വരുത്തുകയും ടിക്കറ്റിംഗ് പ്രക്രിയയിലെ ക്രമക്കേടുകൾ ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണമെന്നും എ.ആർ. ബഷീറും സാജിദ ബീഗം കെ.സിയും ആവശ്യപ്പെട്ടു.
കല്യാണ പാർട്ടിക്ക് വേണ്ടി വെസ്സെൽ ടിക്കറ്റുകൾ ദുരുപയോഗിച്ചെന്ന് പരാതി
