നാൾക്കുനാൾ മുഖം വികൃതമായിക്കൊണ്ടിരിക്കുന്ന ഒരു ഡിപ്പാർട്ട്മെൻ്റാണ് ലക്ഷദ്വീപ് പോർട്ട് ആൻ്റ് ഏവിയേഷൻ. ഒരിക്കലും ജനങ്ങളോട് സൗഹാർദ്ദപരമായ ഒരു സമീപനവും സ്വീകരിക്കുവാൻ ഡിപ്പാർട്ടുമെൻ്റിലെ താഴെത്തട്ടു മുതൽ മുകളിലേക്കുള്ള ഒരു ഓഫീസറും തയ്യാറാവുന്നില്ല. ആറ് യാത്രാക്കപ്പലും അത്ര തന്നെ ഹൈസ്പീഡ് വെസ്സലുകളും കയ്യിലുണ്ടായിട്ടും ദ്വീപു ജനങ്ങൾ അതിരൂക്ഷമായ യാത്രാപ്രശ്നമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ദ്വീപിന് കേന്ദ്രം അനുവദിക്കുന്ന ഫണ്ടിൽ സിംഹഭാഗവും ചിലവാക്കുന്നതും ഇതേ ഡിപ്പാർട്ടുമെൻ്റാണ്.
കപ്പലുകൾ യഥാസമയം ഡ്രൈ ഡോക്കിനയക്കാതെയും കൃത്യസമയത്ത് സർവ്വീസ് പുനരാരംഭിക്കാൻ വേണ്ട നടപടി സ്വീകരിക്കാതെയും ജനങ്ങളെ കഷ്ടത്തിലാക്കുവാൻ വ്രതം അനുഷ്ഠിച്ചവരാണ് വകുപ്പ് തലപ്പത്ത് ഇരിക്കുന്നവർ എന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്. ജനങ്ങളെ എങ്ങനെയെല്ലാം ബുദ്ധിമുട്ടിക്കാൻ പറ്റും എന്നതിൽ മാത്രമാണ് ഇവരുടെ ചിന്ത എന്നും തോന്നിപ്പോകുന്നുണ്ട്.
കൊട്ടിഘോഷിച്ച് ആരംഭിച്ച ഓൺലൈൻ ടിക്കറ്റ് സമ്പ്രദായം തുടക്കം മുതൽ ത്തന്നെ കല്ലുകടി നിറഞ്ഞതാണ്.ജനങ്ങളെ ഒന്നടങ്കം ദുരിതത്തിലാക്കുവാൻ വേണ്ടി മാത്രം നടപ്പിലാക്കിയതാണ് ഓൺലൈൻ ടിക്കറ്റ് സിസ്റ്റം എന്നാണ് വ്യക്തമാകുന്നത്. ദുരിതങ്ങൾ വിതയ്ക്കുന്ന നടപടികൾ എല്ലാം അഡ്മിനിസ്റ്റേറ്റർ പ്രഫുൽ ഘോഡാ പട്ടേലിൻ്റെ അക്കൗണ്ടിൽ വരവ് വെച്ച് രക്ഷപ്പെടാൻ സാധിക്കുന്നു ഇവർക്ക്.
ഉദ്യോഗസ്ഥൻമാരുടെ ഇത്തരം ചെയ്തികൾ ക്കൊണ്ട് ഏറ്റവും കഷ്ടത്തിലായിരിക്കുന്നത് കിൽത്താൻ ദ്വീപുകാരാണ്. ദ്വീപുകളിലേക്കും കരയിലേക്കും ഒരു പാട് യാത്ര ചെയ്യുന്നവരാണ് ഇന്നാട്ടുകാർ.കപ്പൽ ,വെസ്സൽ പ്രോഗ്രാമുകൾ നിഷേധിച്ചും, ടിക്കറ്റുകൾ ലഭ്യമല്ലാതാക്കിയും കിൽത്താൻ ദ്വീപിലെ യാത്രക്കാരെ കുരങ്ങുകളിപ്പിക്കുകയാണിവർ ചെയ്യുന്നത്. അസിസ്റ്റൻ്റ് ഡയറക്ടറുടെ തസ്തികയിൽ നിന്നും റിട്ടയർ ചെയ്ത ഒരാൾക്ക് കിൽത്താൻ എന്ന പേരു കേൾക്കുന്നത് തന്നെ അരിശമാണെന്ന് ഒരു കീഴ്ജീവനക്കാരൻ വ്യക്തമാക്കുകയുണ്ടായി. പുതുതായി ആതസ്തികയിലുള്ളയാൾക്ക് നാട് കലങ്ങിയാലും അറിയാത്ത അവസ്ഥയിലാണ്.
മാസത്തിൽ രണ്ട് കപ്പൽ പ്രോഗ്രാം എന്ന കണക്കിനാണ് കഴിഞ്ഞ കുറേ മാസങ്ങളായി കിൽത്താൻ ദ്വീപിന് ഡിപ്പാർട്ടുമെൻ്റ് അനുവദിക്കുന്നത്. ഒറ്റക്കപ്പൽ മാത്രം സർവ്വീസ് നടത്തുമ്പോൾ ഇത് നമുക്ക് മനസ്സിലാക്കാൻ പറ്റും. കവരത്തിക്കപ്പലിൻ്റെ വരവോടെ കൂടുതൽ പ്രോഗ്രാം ലഭിക്കും എന്ന പ്രതീക്ഷയെ കെടുത്തിക്കൊണ്ടാണ് അതിൻ്റെ പ്രോഗ്രാം വന്നത്.വിനോദ സഞ്ചാരത്തിൻ്റെ പേര് പറഞ്ഞ് സമുദ്രപാക്കേജ് എന്ന ലേബലൊട്ടിച്ചാണ് പ്രസ്തുത പ്രോഗ്രാം അവർ പ്രസിദ്ധീകരിച്ചത്.കിൽത്താൻ, ചെത്ത് ലാത്ത്, ബിത്ര ദ്വീപുകളെ പാടെ ഒഴിവാക്കിയാണ് കവരത്തിക്കപ്പലിൻ്റെ പ്രോഗ്രാം തയ്യാറാക്കിയത്.അമിനി , കടമം, കൽപ്പേനി, ആന്ത്രോത്ത് എന്നീ ദ്വീപുകളിലൊന്നും ഇപ്പോൾ നിലവിൽ വിനോദ സഞ്ചാരം നടക്കുന്നില്ല എന്നാണറിയാൻ സാധിച്ചത്.പിന്നീട് സമുദ്രപാക്കേജ് ക്യാൻസൽ ചെയ്തുവെങ്കിലും കപ്പൽ പ്രോഗ്രാമിൽ മാറ്റം വരുത്തിയില്ല. അപ്പോൾ പ്രോഗ്രാം ചാർട്ട് ചെയ്തവരുടെ ഉള്ളിലിരിപ്പ് എന്താണെന്ന് ആർക്കും മനസ്സിലാകുന്നതാണ്.
15 ദിവസം ഇടവിട്ട് വരുന്ന കപ്പലിന് പോലും കിൽത്താൻ ദ്വീപുകാർക്ക് ടിക്കറ്റ് ലഭിക്കാറില്ല. ടിക്കറ്റ് മുഴുവനും അമിനി, കടമം ദ്വീപുകളിലെ ആളുകൾക്കാണ് കിട്ടാറുള്ളത്. ഇത് എങ്ങിനെയാണ് സംഭവിക്കുന്നത് എന്നറിയില്ല. കപ്പലും വെസ്സലുമെല്ലാം കിൽത്താനിൽ എത്തുന്ന ദിവസം അമിനിയിൽ നിന്നും കടമത്തിൽ നിന്നും ബോട്ടുകൾ ഇവിടെ വരികയും അവരുടെ യാത്രക്കാരെയും എടുത്ത് തിരിച്ചു പോകയും ചെയ്യുന്നത് പതിവായിരിക്കുന്നു. കടമത്തിൽ നിന്നുള്ള ജലറാണി എന്ന ബോട്ട് കപ്പൽ വരുന്ന ദിവസങ്ങളിൽ മിക്കവാറും ഇവിടെ വന്നു പോകുന്നുണ്ട്. കപ്പലിൽ വരുന്ന മറ്റു് ദ്വീപ്കാരുടെ സൗകര്യത്തിനായി പോർട്ട് ഡിപ്പാർട്ടുമെൻ്റ് വെസ്സൽ പ്രോഗ്രാം വെച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട്.അമിനിയിലേക്ക് വരുന്ന സന്ദർശകർ പോലും കിൽത്താനിൽ വന്നിറങ്ങിയിട്ട് ബോട്ടിൽ പോകുന്നു.
കിൽത്താനിലെ ജനങ്ങളുടെ നീണ്ട കാലമായിട്ടുള്ള ഒരു ആവശ്യമാണ് കിൽത്താൻ മംഗലാപുരം വെസ്സൽ സർവ്വീസ് .നിരന്തരമായ ആവശ്യപ്പെടലുകൾക്കും സമ്മർദ്ധങ്ങൾക്കുമൊടുവിലാണ് പോർട്ട് ഡിപ്പാർട്ടുമെൻ്റ് അതിനു വഴങ്ങിയത്. എന്നാൽ ആദ്യ പ്രോഗ്രാം തന്നെ കല്ലുകടിയാണ് സമ്മാനിച്ചത്.കിൽത്താനിൽ നിന്നും നേരേ മംഗലാപുരം പോയ വെസ്സൽ തിരിച്ചു വരുന്നത് ആന്ത്രോത്ത് വഴിയായി. ആന്ത്രോത്ത് കാരുടെ ധാരാളിത്തം കിൽത്താൻകാർക്ക് ടിക്കറ്റിനു ബുദ്ധിമുട്ടുമായി.
കഴിഞ്ഞ ഒമ്പതാം തിയ്യതി (9-4-2025) ഇവിടെ നിന്നും മംഗലാപുരത്തേക്കു പോയ പരളി വെസ്സലിൽ കിൽത്താൻ ദ്വീപിൽ നിന്നുള്ള 15 പേർക്കു മാത്രമാണ് ടിക്കറ്റ് ലഭിച്ചത്. 150 പേർക്ക് യാത്ര ചെയ്യാവുന്ന വെസ്സലിൽ ബാക്കി 135 യാത്രക്കാരും മറ്റ് ദ്വീപുകളിൽ നിന്നുള്ള വരായിരുന്നു.അമിനി ,കടമം ദ്വീപുകളിൽ നിന്നുള്ള വരായിരുന്നു കൂടുതൽ യാത്രക്കാരും. ഇതെങ്ങിനെ സംഭവിക്കുന്നു എന്ന് ആലോചിക്കേണ്ടതുണ്ട്.വൊയേജ് ആരംഭിക്കുന്നതിൻ്റെ തലേ ദിവസമാണ് ടിക്കറ്റ് റിലീസ് ചെയ്യേണ്ടത്. അതിനും ഒരു ദിവസം മുമ്പെ റിലീസ് ചെയ്ത് മറ്റുള്ളവർക്ക് സൗകര്യമൊരുക്കി കൊടുക്കുക കൂടി ചെയ്തു എന്നാണ് അറിയാൻ സാധിക്കുന്നത്. ടിക്കറ്റിനു വേണ്ടി ഓൺലൈനിൽ കാത്തിരുന്നവരെല്ലാം കടുത്ത നിരാശയിലുമായി. നാട്ടുകാരായ 75 പേർ ടിക്കറ്റ് കിട്ടാത്തതുമൂലം യാത്ര മുടക്കി. സ്ഥലം BDO മുഖാന്തിരം ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി ഒരു അഡീഷണൽ പ്രോഗ്രാമിനു വേണ്ടി അഭ്യർത്ഥിച്ച് കാത്തിരുന്ന് ദിവസം രണ്ടു മൂന്നായെങ്കിലും അനുകൂലമായ നടപടി യുണ്ടായിട്ടില്ല.
ഓൺലൈൻ ടിക്കറ്റ് വിഷയത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അട്ടിമറിക്കു പരിഹാരം കാണാനും ഹാക്കർമാരെ നേരിടാനും സാധിക്കാതെ മിഴിച്ചു നിൽക്കുന്ന ലക്ഷദ്വീപ് പോർട്ട് ഡിപ്പാർട്ടുമെൻറിനെയോർത്ത് സഹതപിക്കാനും കഴിയുന്നില്ല.
ട്രെയിനിലും പ്ലെയിനിലുമെല്ലാം ഓൺലൈൻ ടിക്കറ്റിൻ്റെ വിവരം മൊബൈൽ ഫോണിൽ ഉള്ള പ്രൂഫ് സ്വീകരിക്കപ്പെടുമ്പോൾ ഇവിടെ മാത്രം ഹാർഡ് കോപ്പി നിർബന്ധം.ഡിപ്പാർട്ടുമെൻ്റിന് അവരുടെ ഓൺലൈൻ ടിക്കറ്റിനെത്തന്നെ വിശ്വാസമില്ല എന്നല്ലേ ഇത് വ്യക്തമാക്കുന്നത്. പോർട്ട് ഡിപ്പാർട്ടുമെൻ്റിലെ ഉദ്യോഗസ്ഥർ പോലും ടിക്കറ്റിനു വേണ്ടി ഹാക്കർമാരെ സമീപിക്കേണ്ട ഗതികേടിലാണ് എത്തി നിൽക്കുന്നത്.
ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടും വരെ കൗണ്ടർ ടിക്കറ്റ് പുനരാരംഭിക്കുക എന്നത് മാത്രമേ കരണീയമായിട്ടുള്ളൂ. കപ്പലും വെസ്സലും വരികയും നാട്ടുകാർക്കതിൽ യാത്ര ചെയ്യാൻ സാധിക്കാതെ വരികയും മറ്റു ദ്വീപുകാർ ഇവിടെ വന്നിറങ്ങി മറ്റ് വാഹനത്തിൽ അവരുടെ ദ്വീപുകളിലേക്ക് കൂളായി പോകുന്നതും നോക്കി എത്രനാൾ അക്ഷമരായി നിൽക്കാൻ പറ്റും എന്നു കൂടി ചിന്തിക്കേണ്ടതുണ്ട്.
ഇത് ഇന്നൊ ഇന്നലെയോ തുടങ്ങിയതൊന്നുമല്ല. എത്ര പ്രാവശ്യമാണ് ഇവിടത്തെയാളുകൾ കേരള ഹൈക്കോടതിയിൽ കേസ് കൂടിയിട്ടുള്ളത്. എത്ര മെമ്മോറാണ്ടങ്ങളാണ് സമർപ്പിച്ചിട്ടുള്ളത് എത്ര പ്രാവശ്യമാണ് കൊച്ചി ഓഫീസിൽ പ്രതിഷേധങ്ങളും സമരങ്ങളും നടന്നിട്ടുള്ളത്..ഇതൊന്നും കണ്ടില്ല കേട്ടില്ല എന്നു പറഞ്ഞിരിക്കുന്ന വകുപ്പ് തല ഉദ്യോഗസ്ഥരും പ്രാദേശിക നേതാക്കൻമാരും ജനങ്ങളെ കുരങ്ങുകളിപ്പിക്കുന്നു എന്നേ പറയാൻ കഴിയൂ. സ്വന്തം നാട്ടിലെ ജനങ്ങൾക്ക് അർഹതപ്പെട്ട സൗകര്യങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അവയ്ക്ക് പരിഹാരം കാണുവാൻ കഴിവില്ലാത്ത രാഷ്ട്രീയപ്പാർട്ടികളേയും നേതാക്കൻമാരേയും പാഠം പഠിപ്പിച്ചാലേ ഉദ്യോഗസ്ഥമേധാവികളുടെ കുരങ്ങ് കളി അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ.