കവരത്തി: ചെറിയ പെരുന്നാൾ ദിനത്തിൽ ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ എടുത്തു. എസ്.കെ.എസ്.എസ്.എഫ്, എസ്.എസ്.എഫ് എന്നീ സംഘടനകളുടെയും ദ്വീപിലെ ഖാസിമാരുടെയും നേതൃത്വത്തിൽ വിശ്വാസികൾ പ്രതിജ്ഞ ചൊല്ലി.
അമിനി ദ്വീപിൽ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫത്താഹ് തങ്ങൾ ബഹുജന പ്രതിജ്ഞക്ക് നേതൃത്വം നൽകി. കിൽത്താൻ ദ്വീപിൽ എസ്കെഎസ്എസ്എഫ് സംഘടിപ്പിച്ച ബഹുജന പ്രതിജ്ഞ നായിബ് ഖാസി മുഹമ്മദ് ഫൈസി നേതൃത്വത്തിൽ നടന്നു. ആന്ത്രോത്ത് ദ്വീപിൽ ഖാസി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബിത്ര ദ്വീപിൽ പെരുന്നാൾ നിസ്ക്കാരത്തിന് ശേഷം
ഖാസി യാസീൻ ഫൈളി ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കവരത്തി ഖാസിയുടെ നേതൃത്വത്തിൽ മാരക ലഹരിക്കെതിരായി നിരവധി നിർണ്ണായക തീരുമാനങ്ങൾ കൈകൊണ്ടു. ലഹരി കേസിൽ പിടിക്കപ്പെട്ടവർ (സത്യമാണെന്ന് തെളിഞ്ഞവർ), പരസ്യമായി ലഹരി ഉപയോഗിക്കുന്നവരോ വിതരണം ചെയ്യുന്നവരോ എന്ന് തെളിഞ്ഞവർ, മാരക ലഹരി ഉപയോഗിക്കുന്നവർക്കോ വിതരണം ചെയ്യുന്നവർക്കോ നിയമ സഹായങ്ങളോ മറ്റ് പരിരക്ഷകളോ നൽകുന്നവർ എന്നിവർക്കെതിരെയാണ് നടപടി.
മേൽപറഞ്ഞ വിഭാഗങ്ങളെ നേരിടുന്നതിനായി ആദ്യഘട്ടത്തിൽ ചില പ്രധാന നടപടികൾ നടപ്പിലാക്കും. കവരത്തി ഖാസിയുടെ നേതൃത്വത്തിൽ ഇവരുടെ സ്വന്തം വിവാഹം അല്ലെങ്കിൽ മക്കളുടെ വിവാഹം നടത്തിക്കൊടുക്കില്ല. കൂടാതെ, അവരുടെ മരണാനന്തര ചടങ്ങുകൾക്ക് കവരത്തി ഖാസിയും ഖത്വീബുമാരും നേതൃത്വം നൽകില്ല. ഇവർക്കെതിരെ ജനങ്ങൾ നിസ്സഹകരണം പുലർത്തണമെന്ന് ആഹ്വാനം ചെയ്തു.
ലഹരി വ്യാപനം ഒരു ഗുരുതര പ്രശ്നമാണെന്നും സമൂഹം അതിനെതിരെ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഖാസിമാരുടെ നിർദേശിച്ചു. ഇനിയുള്ള ദിവസങ്ങളിൽ മാരക ലഹരിയുമായി ബന്ധപ്പെടുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും ഇവർക്കെതിരെ കർശന നടപടികൾ ഉണ്ടാവുമെന്നും മുന്നറിയിപ്പ് നൽകി.
ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ എടുത്ത് ദ്വീപ് സമൂഹം
