‘സേവ് ലക്ഷദ്വീപ്’ ക്യാംപയിന് പിന്നിൽ പൃഥ്വിരാജ്; വിമർശനവുമായി ഓർഗനൈസർ

ഡൽഹി: നടനും സംവിധായകനുമായ പൃഥ്വിരാജിനെതിരെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ വീണ്ടും കടുത്ത വിമർശനവുമായി രംഗത്ത്. ‘സേവ് ലക്ഷദ്വീപ്’ ക്യാംപയിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ ഒരാളാണ് പൃഥ്വിരാജ് എന്നും ദേശവിരുദ്ധരുടെ ശബ്ദ‌മാണ് പൃഥ്വിരാജിന് എന്നും ഓർഗനൈസർ വിമർശിച്ചു.
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററായി പ്രഫൂൽ ഖൊഡാ പട്ടേൽ എത്തി വിവാദ ഉത്തരവുകൾ നടപ്പിലാക്കാൻ തുടങ്ങിയ കാലം മുതൽ ലക്ഷദ്വീപിന്റെ അവകാശങ്ങൾക്കായി സംസാരിച്ച പൃഥ്വിരാജിനെതിരെയുള്ള സംഘപരിവാറിന്റെ പക ഇപ്പോഴും തുടരുകയാണ്. 

‘സേവ് ലക്ഷദ്വീപ്’ ക്യാംപയിൻ പിന്തുണച്ചതും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചത് ഉൾപ്പെടെ അദ്ദേഹത്തിന്റെ നിരവധി നിലപാടുകൾ സംഘപരിവാറിനെ ചൊടിപ്പിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ വിഷയത്തിൽ പ്രതികരിച്ചില്ലെന്നും സിനിമയിൽ ഭീകരവാദ ബന്ധമുള്ള പേരുകൾ ഉപയോഗിച്ചുവെന്നുമുള്ള ആരോപണങ്ങളാണ് ഓർഗനൈസർ ഉന്നയിച്ചത്. 

മോഹൻലാൽ നായകനായ ‘എമ്പുരാൻ’ റിലീസിനുശേഷം പൃഥ്വിരാജിനെതിരെ ഓർഗനൈസർ നേരത്തെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സിനിമയിൽ പൃഥ്വിരാജിന്റെ കഥാപാത്രമായ സയീദ് മസൂദ് എന്നത് ഭീകരവാദ സംഘടനയുടെ നേതാവിന്റെ പേരാണ്. അത് മനഃപൂർവമാണ് സിനിമയിൽ ഉൾപ്പെടുത്തിയത് എന്നും ഓർഗനൈസർ ആരോപിക്കുന്നു. സിനിമാ കരിയറിൽ വിജയകരമായ മുന്നേറ്റം തുടരുന്ന പൃഥ്വിരാജിനെതിരെ രാഷ്ട്രീയ ആസക്തിയുള്ള പ്രചാരണമാണ് സംഘപരിവാർ നടത്തുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *