ന്യൂഡൽഹി: പശ്ചിമ ആഫ്രിക്കൻ തീരത്ത് സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ പാനാമ രജിസ്‌ട്രേഷനിലുള്ള ‘ബിറ്റു റിവർ’ എന്ന ഓയിൽ ടാങ്കറിൽ ലക്ഷദ്വീപ് സ്വദേശിയും ഉൾപ്പെടെ 10 ഇന്ത്യൻ സീമാൻമാരെ ബന്ദിയാക്കിയ സംഭവത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് എൻ സി പി എസ് നേതൃത്വം.
ഈ പശ്ചാത്തലത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൻ സി പി നേതാക്കളായ ശരദ് പവാർ, സുപ്രിയ സുലെ എന്നിവർ കേന്ദ്ര സർക്കാരിന് കത്ത് നൽകി. മിനിക്കോയ് ദ്വീപിലെ എൻ സി പി (എസ് പി) നേതാക്കൾ ഈ വിഷയത്തിൽ സജീവമായ ഇടപെടലുകൾ നടത്തുകയും എൻ സി പി ലക്ഷദ്വീപ് ഘടകം സംസ്ഥാന കമ്മിറ്റിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇന്നലെ എൽ സി പി എസ് ലക്ഷദ്വീപ് പ്രസിഡൻറ് അഡ്വ. അറഫ മിറാജും മുൻ എംപി മുഹമ്മദ് ഫൈസലും ശരദ് പവാറിനെ നേരിൽ കണ്ടു കാര്യങ്ങൾ വിശദീകരിക്കുകയും ആസിഫ് അടക്കമുള്ള ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദ്വീപിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ശരദ് പവാർ ലക്ഷദ്വീപ് സന്ദർശിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. ദ്വീപുകാർ നേരിടുന്ന പ്രശ്നങ്ങളിൽ നാഷണൽ കമ്മിറ്റി ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ആസിഫിന്റെ കുടുംബവും മറ്റ് ബന്ദികളായവരുടെ കുടുംബങ്ങളും വലിയ ആശങ്കയിലാണ്. എത്രയും പെട്ടെന്ന് പ്രിയപ്പെട്ട ആസിഫ് തിരിച്ചു നാട്ടിലെത്തട്ടെ എന്നാവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്.