ലക്ഷദ്വീപ് ഉൾപ്പെടെ രാജ്യത്തുടനീളം ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം ഇന്ന് (2026 ജനുവരി 26) ആഘോഷിച്ചു. ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി പ്രാബല്യത്തിൽ വന്ന ദിനത്തിന്റെ സ്മരണയായി ഓരോ വർഷവും ജനുവരി 26-നാണ് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.
ജനുവരി 26 എന്ന് കേൾക്കുമ്പോൾ തന്നെ ഓരോ ഇന്ത്യൻ പൗരന്റെയും ഹൃദയം അഭിമാനത്തോടെ നിറയുന്ന ദിനമാണിത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത ധീര സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരവും നന്ദിയും അർപ്പിക്കുന്ന ദിനം കൂടിയാണിത്. അതോടൊപ്പം അതിർത്തികളിലും വിവിധ സാഹചര്യങ്ങളിലും രാവും പകലും രാജ്യത്തെ കാക്കുന്ന ധീര ജവാന്മാരെയും ഈ ദിനത്തിൽ രാജ്യം ഓർക്കുന്നു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലും സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തി. കവരത്തിയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് ഡോ. എസ് ബി ദീപക് കുമാർ, ഐഎസ് പതാക ഉയർത്തി.
വിവിധ ദ്വീപുകളിൽ ഐഎഎസ്, ഡാനിക്സ് ഓഫീസർമാരും പതാക ഉയർത്തി. ദേശഭക്തി ഗാനങ്ങൾ, പ്രസംഗ മത്സരങ്ങൾ, ക്വിസ്, ഉപന്യാസ മത്സരങ്ങൾ തുടങ്ങിയ പ്രത്യേക പരിപാടികളും സംഘടിപ്പിച്ചു. കുട്ടികളും യുവജനങ്ങളും സജീവമായി ആഘോഷങ്ങളിൽ പങ്കെടുത്തു.
ദേശീയ ഐക്യവും ഭരണഘടനാപരമായ മൂല്യങ്ങളും പുതുതലമുറയിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മധുരവിതരണവും പരസ്പരം ആശംസകൾ നേർക്കലും നടന്നു.
77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾ രാജ്യത്താകമാനം ദേശസ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സമാപിച്ചു.
