‘നോ വെഹിക്കിൾ ഡേ’ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം; പുനഃപരിശോധിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളും പ്രമുഖരും

കവരത്തി:
ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും ഓരോ ബുധനാഴ്ചയും “No Vehicle Day” ആയി ആചരിക്കണമെന്ന ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ശക്തമാകുന്നു. പരിസ്ഥിതി സംരക്ഷണവും ആരോഗ്യകരമായ ജീവിതശൈലിയുമാണ് ലക്ഷ്യമെന്ന ഭരണകൂട വിശദീകരണത്തോട് കൂടി ഈ മാസം 25 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചിരുന്നു.

എന്നാൽ, ഈ തീരുമാനം സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ഉപജീവനത്തെയും ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ജില്ലാ ഭരണകൂടത്തിന് നിവേദനം സമർപ്പിച്ചു. NYC സംസ്ഥാന കമ്മിറ്റിയും CPM, ലോക് ജനശക്തി പാർട്ടിയും നാഷണൽ ലീഗും ഉത്തരവ് അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ ഡോ. ആർ. ഗിരി ശങ്കർ ഐഎഎസിന് നിവേദനവും ഇമെയിൽ പരാതിയും നൽകി.

*പ്രധാന ആശങ്കകൾ:*
പല ദ്വീപുകളിലും സ്കൂളുകൾ ലയിപ്പിച്ചതിനാൽ കുട്ടികളെ ദിവസേന വാഹനങ്ങളിൽ എത്തിക്കുകയും തിരികെ കൊണ്ടുപോകുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ബുധനാഴ്ചകളിൽ വാഹനങ്ങൾ നിരോധിച്ചാൽ കുടുംബങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ.
കപ്പലുകൾ, കാർഗോ സർവീസുകൾ, വിമാനങ്ങൾ, എച്ച്.എസ്.സി. സർവീസുകൾ ബുധനാഴ്ചകളിൽ എത്തുന്ന സാഹചര്യത്തിൽ യാത്രക്കാരുടെയും അവശ്യ സാധനങ്ങളുടെയും ഗതാഗതം തടസ്സപ്പെടുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
വയോധികർ, രോഗികൾ, സ്ത്രീകൾ, കുട്ടികൾ തുടങ്ങിയവർക്ക് അടിയന്തര യാത്രാസൗകര്യം ലഭിക്കാതെ വരാൻ സാധ്യതയുണ്ടെന്നും, ഓട്ടോ–ടാക്സി തൊഴിലാളികൾക്ക് ഒരാഴ്ചയിൽ ഒരു ദിവസത്തെ വരുമാന നഷ്ടം ഉണ്ടാകുന്നതിലൂടെ നിരവധി കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നും നിവേദനങ്ങളിൽ പറയുന്നു.
ടൂറിസം മേഖലയ്ക്കും ദ്വീപുകളുടെ സൗകര്യപ്രദമായ ഇമേജിനും ഇതുവഴി പ്രതികൂല സ്വാധീനം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്നു.

*ഐഷ സുൽത്താനയുടെ വിമർശനം:*
വാഹനനിയന്ത്രണ ഉത്തരവിനെതിരെ സംവിധായിക ഐഷ സുൽത്താനയും വിമർശനവുമായി രംഗത്തെത്തി. “ഇത്രയും ശുദ്ധവായു ഉള്ള ലക്ഷദ്വീപിൽ എവിടെയാണ് പൊല്യൂഷൻ?” എന്ന് ചോദിച്ച അവർ, “ഡൽഹിയിലെ മലിനീകരണം കാറ്റടിച്ച് ലക്ഷദ്വീപിലേക്ക് വഴിമാറി വീശിയതാണോ?” എന്നും പരിഹസിച്ചു. ഈ നിയമം സർക്കാർ ഉദ്യോഗസ്ഥർക്കും ഒരുപോലെ ബാധകമാണോയെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദ്യം ചെയ്തു. സർക്കാർ ഉദ്യോഗസ്ഥർ തന്നെ നടന്ന് അല്ലെങ്കിൽ സൈക്കിളിൽ ഓഫീസിലെത്തിയാൽ ജനങ്ങൾക്ക് മാതൃകയാകുമെന്ന അഭിപ്രായവും അവർ പങ്കുവച്ചു.

*പാർട്ടികളുടെ നിലപാട്:* അഡ്മിനിസ്‌ട്രേഷന്റെ വിചിത്ര ഉത്തരവിന് എതിരെ സിപിഐ(എം) ലക്ഷദ്വീപ് ലോക്കൽ കമ്മിറ്റി, നാഷണൽ ലീഗ് ലക്ഷദ്വീപ് സ്റ്റേറ്റ് ഇൻചാർജ് സയ്യിദ് ഷബീൽ ഐദ്റൂസി തങ്ങൾ, ലോക് ജനശക്തി പാർട്ടി നേതാക്കൾ, NYC സംസ്ഥാന കമ്മിറ്റി തുടങ്ങിയവർ നൽകിയ നിവേദനങ്ങളിൽ പൊതുവേ പറയുന്നത് ഒരേയൊരു കാര്യമാണ് – പരിസ്ഥിതി സംരക്ഷണം പ്രധാനമാണെങ്കിലും, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെയും ഉപജീവനത്തെയും ബാധിക്കുന്ന രീതിയിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങൾ ജനവിരുദ്ധമാകുമെന്നും, ലക്ഷദ്വീപിന്റെ ഭൗഗോള സവിശേഷതകളും പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് ‘No Vehicle Day’ ഉത്തരവ് പുനഃപരിശോധിക്കുകയോ പിൻവലിക്കുകയോ ചെയ്യണമെന്നും.

വിശുദ്ധ റമദാൻ മാസം മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ഗതാഗതവും വരുമാനവും കൂടുതൽ അനിവാര്യമാണെന്നും, അതിനാൽ പൊതുതാൽപര്യം മുൻനിർത്തി ഉത്തരവിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.