ഭീതിപ്പെടുത്തുന്ന ഓർഡറുകൾ ഇനിയും വന്നേക്കാം…..ജാഗ്രത- അഡ്വ. ഹിദായ ചേര്യന്നല്ലാൽ

ലക്ഷദ്വീപ്‌ അഡ്മിനിസ്റ്റ്രേഷൻ സ്വകാര്യഭൂമിയിന്മേലും പണ്ടാരഭൂമിയിന്മേലുമായി നേരത്തെ ഇഷ്യു ചെയ്തിട്ടുള്ള എല്ലാ Diversion Certificate കളും ഒരു പൊതു ഓർഡർ വഴി റദ്ദാക്കിയിരിക്കുന്നു. അതോടൊപ്പം തന്നെ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ നിർമ്മാണപ്രവർത്തനങ്ങളും നിർത്തിവെയ്ക്കാനും ഉത്തരവായിട്ടുണ്ട്‌.

ഈ വിഷയത്തിൽ ആശങ്കപ്പെടുന്നതിന്‌ പകരമായി യാതൊരു നിയമസാധുതയുമില്ലാത്ത ഇത്തരം ഓർഡറുകളെ എങ്ങനെ മറികടക്കാം എന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു. അറിവില്ലായ്മ എന്നത്‌ ആരുടെയും കുറ്റമല്ല, എന്നാൽ വിദ്യ ആവോളം ഉണ്ടായിട്ടും മറ്റാരുടെയോ ചരടുവലികൾക്കൊത്ത്‌ പാവകളി കണക്കെ ആടുന്നതും അതിനൊത്ത്‌ പ്രവർത്തിക്കുന്നതും ആ ഓഫീസറുടെ ഗതികേടും ചങ്കൂറ്റമില്ലായ്മയുമാണ്‌.

ഈ കേസിൽ പരിഗണിക്കപ്പെടേണ്ട കാര്യങ്ങൾ:-

  1. ഡെപ്യൂട്ടി കലക്ടർ ലാന്റ്‌ റവന്യു ആൻഡ്‌ ടെനൻസി റഗുലേഷൻ 20 പ്രകാരം, diversion certificate നിയമപരമായ അധികാരത്തോടെയാണ് നേരത്തെ നൽകിയിട്ടുള്ളത്‌. അതിനാൽ, നിയമാനുസൃതമായി ലഭിച്ച അനുമതി സാധാരണയായി ഒരു പൊതുവായ ഉത്തരവിലൂടെ ഉടൻ തന്നെ റദ്ദാക്കാൻ സാധിക്കില്ല.
  2. ഒരാളുടെ അവകാശത്തെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് സാധാരണയായി അയാൾക്ക്‌ നോട്ടീസ് നൽകുകയും വിശദീകരണം ചോദിക്കുകയും ചെയ്യേണ്ടതാണ്.
  3. Diversion അനുമതി ലഭിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ വീടിന്റെ നിർമ്മാണം ആരംഭിച്ചിട്ടുള്ള വ്യക്തിക്ക് ചില നിയമപരമായ അവകാശങ്ങൾ ഉണ്ട്‌. അവയെ പരിഗണിക്കാതെ എല്ലാ സർട്ടിഫിക്കറ്റുകളും ഒരുമിച്ച് റദ്ദാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യപ്പെടേണ്ടതാണ്‌.

അതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടാതെ, ഔദ്യോഗിക ഉത്തരവിന്റെ വിശദാംശങ്ങൾ മനസ്സിലാക്കി നമുക്ക്‌ നിയമപരമായ മാർഗങ്ങൾ പിന്തുടരാം.

അഡ്വ. ഹിദായ ചേര്യന്നല്ലാൽ