കവരത്തി: ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും ഓരോ ആഴ്ചയും ബുധനാഴ്ച ‘നോ വെഹിക്കിൾ ഡേ’ ആയി ആചരിക്കുമെന്ന് ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിട്ടു. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനുമായി ഈ നടപടി സ്വീകരിച്ചതായി ഉത്തരവിൽ വ്യക്തമാക്കുന്നു.
ബുധനാഴ്ചകളിൽ ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന വാഹനങ്ങൾ, സുരക്ഷാ ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ, അടിയന്തര മെഡിക്കൽ സേവനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവ ഒഴികെ മറ്റ് എല്ലാ മോട്ടോർ വാഹനങ്ങൾക്കും റോഡുകളിൽ സഞ്ചരിക്കാൻ വിലക്കുണ്ടാകും. ഉത്തരവ് ലംഘിക്കുന്ന വാഹനങ്ങൾക്ക് 500 രൂപ പിഴ ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
നടന്ന് സഞ്ചരിക്കൽ, സൈക്കിൾ യാത്ര എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘നോ വെഹിക്കിൾ ഡേ’ നടപ്പിലാക്കുന്നതെന്ന് ഭരണകൂടം വ്യക്തമാക്കി. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പൊതുജനങ്ങളും ഉത്തരവ് പാലിക്കണമെന്നും ഭരണകൂടം അഭ്യർത്ഥിച്ചു.
ഈ ഉത്തരവ് 2026 ഫെബ്രുവരി 25 മുതൽ പ്രാബല്യത്തിൽ വരും.
ജനറൽ അഡ്മിനിസ്ട്രേഷൻ & പ്രോട്ടോക്കോൾ വിഭാഗത്തിന്റെ അനുമതിയോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ജില്ലാ കളക്ടറും സെക്രട്ടറിയുമായ ഡോ. ആർ. ഗിരി ശങ്കർ ഐഎഎസ് അറിയിച്ചു.
ലക്ഷദ്വീപിൽ എല്ലാ ബുധനാഴ്ചകളും ‘നോ വെഹിക്കിൾ ഡേ’ പ്രഖ്യാപിച്ചു
