ലക്ഷദ്വീപിൽ മദ്യം വിതരണം ചെയ്യാനുള്ള ഉത്തരവ് പിൻവലിക്കണം: ഹംദുള്ള സഈദ് എം.പി

കവരത്തി: ലക്ഷദ്വീപിലെ സർക്കാർ അതിഥി മന്ദിരങ്ങളിൽ മദ്യം വിളമ്പാനുള്ള ദ്വീപ് ഭരണകൂടത്തിന്റ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും അടിയന്തരമായി പിൻവലിക്കണമെന്നും ലക്ഷദ്വീപ് എം.പി. അഡ്വ.ഹംദുള്ള സഈദ് ആവശ്യപ്പെട്ടു. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ 2021ൽ വിനോദസഞ്ചാരത്തിൻറെ മറവിൽ ജനങ്ങളുടെ എതിർപ്പിനെ മറികടന്ന് മദ്യഷാപ്പുകൾ അനുവദിച്ചിരുന്നു. ചെത്താത്ത്, ബിത്രാ ദ്വീപുകളിൽ മദ്യ വിതരണം അനുവദിച്ചത് യുവാക്കളിൽ മദ്യാസക്തി വർധിപ്പിക്കുമെന്നും ക്രമസമാധാന പ്രശ്‌നങ്ങൾക്കും സാമൂഹ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്നും എം.പി. ചൂണ്ടിക്കാട്ടി.

ലക്ഷദ്വീപിലെ ചെത്ലത്ത് ദ്വീപിലുള്ള സർക്കാർ അതിഥി മന്ദിരമായ ഡാക് ബംഗ്ലാവിൽ മദ്യം കൈവശം വെക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഭരണകൂടം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ലക്ഷദ്വീപ് ടൂറിസം വകുപ്പിന് കീഴിലുള്ള സ്പോർട്സ് ജനറൽ മാനേജർക്കാണ് ഇത് സംബന്ധിച്ച ലൈസൻസ് അനുവദിച്ചിരിക്കുന്നത്. ലക്ഷദ്വീപ് കലക്ടർ ഡോ. ആർ. ഗിരി ശങ്കർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

1979ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമത്തിലെ 19(1) (ബി) വകുപ്പ് പ്രകാരമാണ് ഈ പ്രത്യേക അനുമതി. ഒരു വർഷത്തേക്കാണ് ലൈസൻസിന്റെ കാലാവധി. മദ്യം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കർശനമായ എട്ട് നിബന്ധനകളാണ് ഭരണകൂടം മുന്നോട്ട് വെച്ചിട്ടുള്ളത്. സാധുവായ പെർമിറ്റോ ലൈസൻസോ ഉള്ളവർക്ക് മാത്രമേ മദ്യം നൽകാൻ പാടുള്ളു. ചെത്ലത്ത് ദ്വീപിലെ ഡാക് ബംഗ്ലാവിൽ മാത്രമായിരിക്കും മദ്യം സൂക്ഷിക്കാനും വിതരണം ചെയ്യാനുമുള്ള അധികാരം.

ലക്ഷദ്വീപിന്റെ പ്രത്യേക സാഹചര്യവും സാമൂഹ്യ ഘടനയും പരിഗണിച്ച് മദ്യം ഇറക്കുമതി ചെയ്യുന്നതിൽ നിന്നുള്ള തീരുമാനത്തിൽ നിന്നും ഭരണകുടം പൂർണമായി പിന്മാറണമെന്നാണ് പൊതുവികാരം.

ചെത്താത്ത് ബിത്രാ ദ്വീപുകളിലെ കോൺഗ്രസ് കമ്മിറ്റികൾ ഇതിനോടകം തന്നെ ലക്ഷദ്വീപ് ജില്ലാ കലക്ടർക്ക് ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും കോൺഗ്രസ് നേത്യത്വം അറിയിച്ചു.