ലക്ഷദ്വീപ് ഭരണകൂടം ഡാക്ക് ബംഗ്ലാവിലേക്കായി മദ്യ ഇറക്കുമതി അനുവദിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി SKSSF കിൽത്താൻ യൂണിറ്റ് ജില്ലാ ഭരണകൂടത്തിന് മെമ്മോറാണ്ടം സമർപ്പിച്ചു.
ദ്വീപിന്റെ സാമൂഹിക–സാംസ്കാരിക മൂല്യങ്ങൾക്കും മതപരമായ വിശ്വാസങ്ങൾക്കും വിരുദ്ധമായ തീരുമാനമാണിത് എന്നാരോപിച്ചാണ് സംഘടന രംഗത്തെത്തിയത്. ദ്വീപിലെ ജനങ്ങളുടെ ജീവിതശൈലിയെയും യുവതലമുറയുടെ ഭാവിയെയും പ്രതികൂലമായി ബാധിക്കുന്ന വിധത്തിലുള്ള നടപടികൾ ഭരണകൂടം പിൻവലിക്കണമെന്ന് മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടു. ടൂറിസം വികസനത്തിന്റെ പേരിൽ ദ്വീപിന്റെ സംസ്കാരവും സാമൂഹിക ശുദ്ധിയും തകർക്കുന്ന നീക്കങ്ങൾ അനുവദിക്കാനാവില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
SKSSF കിൽത്താൻ യൂണിറ്റ് സീനിയർ പ്രസിഡന്റ് തൗഫീഖ് റഹീമിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മെമ്മോറാണ്ടം BDO മുഖാന്തിരം ലക്ഷദ്വീപ് ജില്ലാ കളക്ടർക്കാണ് കൈമാറിയത്.
മെമ്മോറാണ്ടം സമർപ്പിക്കുന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് ഫൈസി, വൈസ് പ്രസിഡന്റ് അബ്ദു റഊഫ് ഫൈസി, ഇസ്സതുള്ളാ ഫൈസി, അർഫാസ് ഹുദവി എന്നിവർ പങ്കെടുത്തു.
കിൽത്താൻ പോലുള്ള ചെറിയ ദ്വീപുകളിൽ മദ്യവ്യാപനം സാമൂഹിക പ്രശ്നങ്ങൾക്കും ക്രമസമാധാന പ്രശ്നങ്ങൾക്കും വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടിയ നേതാക്കൾ, ഈ തീരുമാനം പുനഃപരിശോധിച്ച് പിൻവലിക്കണമെന്ന് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ വികാരം മാനിച്ച് ദ്വീപുകളുടെ സാംസ്കാരിക അന്തരീക്ഷം സംരക്ഷിക്കുന്ന നിലപാടാണ് ഭരണകൂടം സ്വീകരിക്കേണ്ടതെന്നും SKSSF കിൽത്താൻ യൂണിറ്റ് നേതാക്കൾ അറിയിച്ചു.
