മയ്യഴിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി സൈക്കിൾ സവാരി നടത്തുന്ന ഒരു കൂട്ടായ്മയാണ് കെവലിയേർസ് ദേ മായേ . മയ്യഴിയിലും അതിൻ്റെ പ്രാന്തപ്രദേശങ്ങളിലും മാത്രമല്ല കണ്ണൂർ, വടകര, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലുള്ള സൈക്കിൾ സവാരി കൂട്ടായ്മയുമായി സഹകരിച്ച് നിരവധിയായ സൈക്കിൾ റാലികളിലും മത്സരങ്ങളിലും പങ്കാളികൾ ആയിട്ടുമുണ്ട്.
എന്നാൽ തങ്ങളുടെ ദൈന്യം ദിന സവാരിക്കിടയിൽ മയ്യഴിയിലും പരിസരങ്ങളിലും ഒറ്റയാനായി സൈക്കിൾ സവാരി നടത്തുന്ന ഒരു വ്യക്തി ഉണ്ടായിരുന്നു. മയ്യഴി ഗവ.ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ.മുഹമ്മദ് ഇഷാഖ് ഷാമിർ ആയിരുന്നു ആ ഒറ്റയാനായ സൈക്കിൾ യാത്രികൻ. ഇടയ്ക്ക് ഒരു കൊള്ളിയാൻ പോലെ മയ്യഴിയിലെ സൈക്കിൾ സവാരി ഗ്രൂപ്പിലെത്തും ,ഒരു ഡോക്ടറുടെ കരുതലിലും കാഴ്ചപ്പാടിലും സൈക്കിൾ സവാരി മെച്ചപ്പെടുത്താനും റൈഡ് ചെയ്യുമ്പോഴുള്ള തിരുത്തുകൾ വരുത്താനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ തന്നു മടങ്ങും. എന്നാൽ ഡോക്ടർ എല്ലാ ദിവസവും സൈക്കിൾ ചവിട്ടാറില്ല..ചിലപ്പോൾ ദീർഘദൂര ഓട്ടത്തിലാവും മറ്റു ചിലപ്പോഴാവട്ടെ നിർത്താതെ പുഴയിലോ കായലിലോ കടലിലോ നീന്തുന്നുണ്ടാവും.
ലക്ഷദ്വീപിൽ ജനിച്ചു പ്രാഥമിക വിദ്യാഭ്യസം നേടിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും MBBS ഉം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും PG യും കരസ്ഥമാക്കിയ ശേഷം UPSC സെലക്ഷനിലാണ് മയ്യഴി ഗവ.ജനറൽ ആശുപത്രിയിൽ 2012 ൽ സർജനായി ജോലിയിൽ പ്രവേശിച്ചത്.
മയ്യഴിയിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടർ ഇതിനോടകം തന്നെ മയ്യഴിക്കാരുടെ പ്രിയപ്പെട്ട സർജനായി മാറി. അദ്ദേഹത്തിൻ്റെ പുഞ്ചിരി വിടാത്ത പെരുമാറ്റവും അങ്ങേയറ്റം ലാളിത്യവും വിനയവും തുളുമ്പുന്ന പെരുമാറ്റം രോഗികൾക്ക് ആശ്വാസമേകി. ആശുപത്രി സമയങ്ങളിൽ കൃത്യതയോടെ പ്രവർത്തിക്കുന്ന ഡോക്ടർ ആരോഗ്യരംഘത്ത് തുടരുന്ന ദിനചര്യ അത്ഭുതാവഹമാണ്.
ഇന്ത്യയിൽ ഗോവ കേന്ദ്രമാക്കി സംഘടിപ്പിക്കുന്ന അയൺ മെൻ മത്സരത്തിൽ ഇതിനോടകം മൂന്നു തവണ സോക്ടർ അയൺ മാൻ പട്ടം കരസ്ഥമാക്കി കഴിഞ്ഞു.
70.3 മൈൽ അതായത് നൂറ്റിപതിമൂന്ന് കിലോമീറ്റർ ഓരോന്നും നിശ്ചിത സമയ പരിധിയിൽ 90 കിലോമീറ്റർ സൈക്കിളിലും 21.1 കിലോമീറ്റർ ഓടിയും 1.9 കിലോമീറ്റർ കടലിൽ നീന്തിയും എട്ടര മണിക്കൂറിന് മുൻപ് പൂർത്തിയാക്കുന്നവരാണ് ഇന്ത്യയിൽ ഗോവയിൽ വച്ചു നടക്കുന്ന അയൺമാൻ മത്സരത്തിൻ്റെ ലക്ഷ്യം.
കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പത്ത് പേരടങ്ങുന്ന ഒരു കൂട്ടായ്മയായ കണ്ണൂർ ട്രെ ക്ലബ്ബിൻ്റെ മുഖ്യ താരമാണ് ഡോക്ടർ മുഹമ്മദ് ഇഷാഖ് ഷാമിർ. അദ്ദേഹത്തെ കൂടാതെ രണ്ട് തവണ അയൺമാൻ ആയ ഐ ടി രംഘത്തെ സനിൽ, ഒരു വർഷം അയൺമാൻ ആയ മുൻ മയ്യഴിയിലെ സർജൻ ആയിരുന്ന ഡോ.വൈശാഖ്, മെഡിക്കൽ ലാബ് ഉപകരണ വിതരണക്കാരൻ നിസാർ എന്നിവരും ശാരീരികവും മാനസീകവുമായ സഹനശക്തി (Endurance) പരീക്ഷിക്കുന്ന അയൺമാൻ ട്രയാത്ലോൺ മത്സരങ്ങളിൽ ഇഞ്ചോടിഞ്ച് ഏർപ്പെടുന്നു.
ആയുർവേദ ഡോക്ടർമാരായ ഡോ.അരുൺ, ഡോ.ഡിജോ , എക്സൈസ് വിഭാഗം ഉദ്യോഗസ്ഥൻ സുകേഷ്, ബാങ്ക് ഉദ്യോഗസ്ഥൻ വിമലേഷ് എന്നിവർ കൂടി അടങ്ങുന്നതാണ് കണ്ണൂർ ട്രെ ക്ലബ്ബ് .കണ്ണൂരിലും സമാനമായ ട്രെക്കത്തോൺ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള അണിയറ പ്രവർത്തനങ്ങളിലാണ് ഡോക്ടറും സുഹൃത്തുക്കളും .
ലോക നീന്തൽ മത്സര വിഭാഗത്തിൽ പെട്ട സാഗര മനുഷ്യൻ (oceanman) മത്സരം UAE ആസ്ഥാനമാക്കി 5 KM കടലിൽ സംഘടിപ്പിച്ചപ്പോൾ ഡോക്ടർ ഷാമിർ അതിലും അത്ഭുതാവഹമായ നേട്ടം കൈവരിച്ചിരുന്നു.
കൂടാതെ ഡോക്ടർ ഷാമിർ ഒരു SR (Super Randonneur ) കൂടിയാണ്.ജനുവരി മുതൽ ഡിസമ്പർ വരെയുള്ള കലണ്ടർ വർഷത്തിൽ 200 കി.മീ,300 കി.മീ,400 കി.മീ,600 കി.മീ എന്നീ ദൂരങ്ങളിലുള്ള ബ്രെവറ്റുകൾ (BRM) പൂർത്തിയാക്കുന്ന സൈക്കിൾ യാത്രികർക്ക് ലഭിക്കുന്ന അംഗീകാരമായ ഓഡാക്സ് ക്ലബ്ബ് പാരിസിയൻ (Audax Club Parisien – ACP) ആണ് ഈ പുരസ്കാരം നൽകുന്നത്.
കണ്ണൂർ ട്രെ ക്ലബ്ബിൻ്റെ വാരാന്ത നീന്തൽ പരിശീലനം മിക്കവാറും അഞ്ച് മണിക്കൂറിലേറെ സമയം ജോസ് ഗിരി ആശുപത്രി പരിസരത്തെ കടലിലോ, മുഴപ്പിലങ്ങാട് ബീച്ചിലോ, പയ്യാമ്പലത്തെ കടലിലോ ആയിരിക്കും. അല്ലെങ്കിൽ മമ്പറം പുഴയിലും, ചിലപ്പോൾ ഉണ്ടായേക്കാവുന്ന പ്രതികൂല കാലാവസ്ഥ ,കടലിലെ പാറക്കെട്ടുകളും അവയിലെ മൂർച്ചയേറിയ ഷെൽ മത്സ്യങ്ങളുടെ പുറംതോടുകൾ തുടങ്ങിയവയെ നേരിടാനുള്ള മാനസീക ധൈര്യം മറ്റുള്ളവർക്ക് ലഭിക്കുന്നത് ഡോക്ടറുടെ സജീവ സാമീപ്യമാണ്. ഇത്തരം മൂർച്ചയേറിയ പുറംതോടു കൊണ്ട് തൻ്റെ കാലിൽ ഉണ്ടായ മുറിവ് തുന്നിച്ചേർത്തു ഭേദമാക്കിയ സംഭവം സനൽ അഭിമാനത്തോടെ ഓർത്തെടുക്കുന്നു.
കടലുകളാൽ ചുറ്റപ്പെട്ട ദ്വീപസമൂഹമായ ലക്ഷദ്വീപിൽ നിന്നും സാമാന്യം നന്നായ നീന്തൽ വശമായി മയ്യഴിയിലെത്തിയ ഡോക്ടർ മയ്യഴി വിദ്യാഭ്യാസ മേഖലയിലെ ഫിസിക്കൽ എഡുക്കേഷൻ അദ്ധ്യാപകൻ റോഷിത്തിൻ്റെ ശിക്ഷണത്തിലാണ് ദീർഘദൂര നീന്തൽ രംഘത്തേക്ക് കടന്നു വരുന്നത്.
മലയാള സാഹിത്യത്തിൻ്റെ വിസ്മയമായ മയ്യഴിക്കാരൻ എം.മുകുന്ദൻ്റെ പഴയ വസതിയിലാണ് ഡോക്ടർ സകുടുംബം താമസിക്കുന്നത്.
മയ്യഴി ഗവ.ജനറൽ ആശുപത്രിയിലെ ഡോക്ടർ നസീനയാണ് ഡോ. ഷാമിറിൻ്റെ ഭാര്യ. രണ്ട് മക്കൾ ആയിഷയും ആദമും .പ്രമുഖ പൊതുപ്രവർത്തകൻ അഡ്വ.കെ.പി. മുത്തിൻ്റെ മകനാണ് ഡോ. ഷാമിർ.
കടപ്പാട്: സോമൻ പന്തക്കൽ
