സ്വഭാവിക നീതിയെ വെല്ലുവിളിക്കുന്ന ഉത്തരവ്- ഇബ്നു സെയ്ത് മുഹമ്മദ്

സ്വാഭാവിക നീതിക്ക് വെല്ലുവിളി ഉയർത്തുന്ന കാര്യം ആണ് ലക്ഷദ്വീപ് ഭരണകൂടം ഇറക്കിയ പുതിയ ഉത്തരവ് പ്രകാരം ഉണ്ടായിരിക്കുന്നത്.
ലക്ഷദ്വീപിൽ സ്വകാര്യമോ പണ്ടാരം ലാൻഡോ ആയ മുഴുവൻ ഭൂമികളിലെയും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കാനും നിലവിൽ ഉള്ള ഡെയ്‌വർഷൻ സർട്ടിഫിക്കറ്റ് റദാക്കിയും പുതിയവക്ക് അപേക്ഷ നൽകാനും പറഞ്ഞുള്ള ഉത്തരവ് ഭരണകൂടം ലക്ഷദ്വീപ് ജനങ്ങൾക്ക് മേൽ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന കാടൻ പ്രവണതകളുടെ തുടർച്ചയാണ്. വികസനവും നഗരാസൂത്രണവും പറഞ്ഞു ഇത് വരെ നടന്നു കൊണ്ടിരിക്കുന്ന മുഴുവൻ പദ്ധതികളെയും അവതാളത്തിൽ ആക്കുന്ന നടപടി ജനങ്ങളെ കോടതി വ്യവഹാരങ്ങളിലേക്കും നിയമ യുദ്ധങ്ങളിലേക്കും എന്നത്തേയും പോലെ തള്ളി വിടും എന്നതിൽ സംശയം ഇല്ല.

നിരവധി സ്വപ്നങ്ങളും ആയി നിലവിൽ നിയമം അനുസരിച്ചു തന്നെ വീടുകൾ കെട്ടി പ്പൊക്കുന്ന ജനങ്ങളുടെ മേൽ ഈ ഉത്തരവ് ഇടിത്തീ പോലെ വീണിരിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നിലക്കുന്നതിലൂടെ നിർമ്മാണ രംഗത്തു തൊഴിൽ ചെയ്യുന്നവർക്ക് അടക്കം ഉണ്ടാവുന്ന പ്രതിസന്ധിയും തങ്ങളുടെ വീട് എന്ന സ്വപ്നം താമസിച്ചു പോവുന്നതിലെ പ്രയാസങ്ങളും ഒന്നും മുഖവിലക്കെടുക്കാതെ ഇറക്കിയ ഉത്തരവ് അക്ഷരാർത്ഥത്തിൽ അസ്വഭാവികവും നീതിക്ക് നിരക്കാത്തതും ആണ്. വിഷയത്തിൽ നിയമപരമായും രാഷ്ട്രീയ പരമായും ചെയ്യാവുന്ന കാര്യങ്ങൾ എത്രയും പെട്ടെന്നു തന്നെ ചർച്ചയാവേണ്ടതുണ്ട്. മുഴുവൻ ദ്വീപുകളിലും മദ്യം ഒഴുക്കിയും ലക്ഷദ്വീപിലെ തദ്ദേശിയ ജനങ്ങളുടെ നിർമ്മാണങ്ങൾ മുടക്കിയും ഒക്കെ പ്ലാൻ ചെയ്യുന്ന ടൌൺ ആരെ സ്വാഗതം ചെയ്തു കൊണ്ട് വരാൻ ആയാലും അതിനെതിരെ പ്രതികരണങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും. ഏത് ഉത്തരവും ജനങ്ങൾക്ക്‌ സാവകാശം നൽകാതെയും നിലവിൽ നിർമ്മാണം നടക്കുന്നവക്ക് ഇളവ് നൽകാതെയും നിലവിൽ രേഖകൾ ഉള്ളതിനെ പോലും റദ്ദാക്കിയും ജനങ്ങളെ വീണ്ടും വീണ്ടും എല്ലാം ഓഫിസ് വരാന്തകളിൽ കയറ്റിയിറക്കിയും എല്ലാം ചെയ്യുക വഴി ലക്ഷദ്വീപിനെ പിന്നോട്ട് വലിക്കുകയാണ് യഥാർത്ഥത്തിൽ. ഭാവിയിലെക്കുള്ള പ്ലാനിങ് ചെയ്യുന്നതിന് പകരം നിലവിലെ കാര്യങ്ങൾ തകിടം മറിക്കുന്ന തുടർന്ന് കൊണ്ടിരിക്കുന്ന അനീതികൾ ചോദ്യം ചെയ്യപ്പെടാതെ പോവില്ല. .


വല നെയ്യുകയാണ് ചുറ്റും. ഇത്തരം വലകൾ ഭേദിച്ച ചരിത്രം ആണ് ഉള്ളത്. നീതി യുക്തമായ ഉത്തരവുകളും ജനങ്ങളെ കേട്ടു കൊണ്ടുള്ള നിലപാടുകളും ഉണ്ടാവണം. ജനങ്ങൾ ഇതേ നാട്ടിൽ ഉള്ളവർ ആണ്. .അവർ പുഴുക്കൾ അല്ല. . ഏതെങ്കിലും ദുസ്വപ്നങ്ങൾ കണ്ട് ഇറക്കുന്ന തിട്ടൂരങ്ങൾ ഇഴകീറി പരിശോധിക്കാൻ വിദ്യാഭ്യാസവും വിവരവും ഉള്ള ജനത ലക്ഷദ്വീപിൽ ജീവിച്ചിരിപ്പുണ്ട്. .

ഇബ്നു സെയ്ത് മുഹമ്മദ്