സ്കൂളുകൾ അടച്ചു പൂട്ടിയതിൽ അഗത്തിയിൽ  പ്രതിഷേധം

അഗത്തി: അഗത്തി, ആന്ത്രോത്ത് ദ്വീപുകളിൽ സ്കൂളുകൾ അടച്ചതും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകാത്തതും കുട്ടികളുടെ വിദ്യാഭ്യാസ ഭാവിയെ ഗുരുതരമായി ബാധിക്കുന്നു എന്ന ആരോപണവുമായി രക്ഷിതാക്കൾ തെരുവിലിറങ്ങി. കുട്ടികളുടെ അവകാശങ്ങൾ കാറ്റിൽ പറത്തുന്നതിനെതിരെ പൊതുപ്രവർത്തകരും രാഷ്ട്രീയ പാർട്ടികളും ചേർന്ന് അഗത്തിയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.

വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന അവകാശം ഭംഗപ്പെടുത്തുന്ന നടപടികളിൽ നിന്ന് ഭരണകൂടം പിന്മാറണമെന്നും, സ്കൂളുകൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധങ്ങൾ നടക്കുന്നത്.

അഗത്തി ദ്വീപിൽ പ്രവർത്തിച്ചിരുന്ന അഞ്ചു സ്കൂളുകൾ ഇപ്പോൾ മൂന്നായി ചുരുങ്ങിയിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജെ ബി സ്കൂൾ സൗത്ത് പൂർണ്ണമായി നിർത്തലാക്കി. ഇവിടെ പഠിച്ചിരുന്ന വിദ്യാർത്ഥികളെ സമീപത്തെ സ്കൂളിലേക്കാണ് മാറ്റിയത്. അഞ്ച് സ്കൂളുകളുണ്ടായിരുന്ന അഗത്തി ദ്വീപി‌ലെ ഒരു സ്കൂൾ നേരത്തെ തന്നെ അടച്ചിരുന്നു.

ലക്ഷദ്വീപിലെ വിദ്യാഭ്യാസ മേഖലയിൽ ഗൗരവകരമായ പ്രതിസന്ധിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. അഗത്തി, ആന്ത്രോത്ത്  ദ്വീപുകളിൽ സ്കൂളുകൾ അടച്ചുപൂട്ടിയതും, അടിസ്ഥാന സൗകര്യങ്ങൾ നൽകാത്ത നടപടികൾ വലിയ പ്രതിഷേധത്തിനിടയാക്കുകയാണ്.