ശൈഖ് ഗുലാം മുഹമ്മദ് അഹ്മദ് നഖ്ശബന്ദി (ഖ.സി)

🖊️തഖിയ്യുദ്ദീൻ അലി സി എച്ച്‌,
കിൽത്താൻ

ലക്ഷദ്വീപിലെ മതവൈജ്ഞാനിക രംഗത്ത്‌ ചിരസ്മരണീയമായ നാമമാണ്‌ ശൈഖ്‌ ഗുലാം മുഹമ്മദ്‌ അഹ്മദ്‌ നഖ്ശബന്ദ്‌ (ഖ.സി).
‘ചെറിയപൊന്നാനി’ എന്ന് വിശ്രുതമായ അറബിക്കടലിലെ വിജ്ഞാന കേന്ദ്രമായ കിൽത്താൻ ദ്വീപിലെ മുഖ്യ തറവാടുകളിൽ ഒന്നായ പള്ളിത്തിത്തിയോടയിലെ  സച്ചരിതയായ മഹിതമഹിളാ രത്നത്തിൽ മലയാട്ടിയോട അബ്ദുള്ള മുസ്‌ലിയാർ ( വഫാത്ത് ഹിജ്റ 1279- അമിനി ജുമാ മസ്ജിദിൽ അന്തിയുറങ്ങുന്നു) എന്ന പണ്ഡിതപരമ്പരയിലെ അഗ്രസ്തനീയനായ പണ്ഡിതശ്രേഷ്ടരിലൂടെ പിറവിയെടുത്ത കാലം കരുതിവെച്ച  പ്രതിഭയായിരുന്നു മഹാനവർകൾ.

കുഞ്ഞു പ്രായത്തിൽ തന്നെ പല പ്രത്യേകതകളും മഹാനിൽ പ്രകടമായിരുന്നു. ശാഠ്യങ്ങളും കുസൃതികളും പരാതിപ്പെടലുകളും ഇല്ലാത്ത ബാല്യം. കൽപ്പേനി കഴിഞ്ഞവർ എന്ന സയ്യിദ് മുഹമ്മദ് ഖാസിം വലിയ്യുള്ളഹി (ഖ.സി) യുടെ പൗത്രൻ ശൈഖ് അബ്ദുൽ ഖാദിർ (ഖ.സി) കിൽത്താൻ ദ്വീപ് സന്ദർശനവേളയിൽ മണ്ണിൽ ഇഴഞ്ഞ് നടക്കുന്ന കുഞ്ഞിനെ കാണാൻ ഇടയാവുകയും കുഞ്ഞിന്റെ സവിശേഷതകൾ തിരിച്ചറിയുകയും കുഞ്ഞിനെ മണ്ണിൽ ഇരുത്തി വളർത്തരുതെന്ന് മാതാപിതാക്കളെ ഉപദേശിക്കുകയും കുഞ്ഞിന്റെ മഹത്വത്തെ കുറിച്ച് സൂചന നൽകുകയും ചെയ്തു.

ചെറുപ്പത്തിൽ തന്നെ സ്ഥിരോത്സാഹവും ആത്മീയബോധവും കൈയ്മുതലാക്കിയ ശൈഖവർകൾ
സ്വപിതാവിൽ നിന്നും തിരിതെളിയിച്ച വിജ്ഞാനദാഹം അക്കാലത്തെ ലക്ഷദ്വീപ്‌ കണ്ട വിശ്രുതമഹാപണ്ഡിതൻ കുരുഡിയോട മൂസ മുസ്‌ലിയാരുടെ (ഖു.സി) ദർസ്സിലേക്ക്‌ കൊണ്ടെത്തിച്ചു എന്ന് കരുതുന്നു. കിൽത്താൻ ദ്വീപിനു “ചെറിയപൊന്നാനി” എന്ന വിജ്ഞാനപ്പട്ടം നില നിർത്തിപ്പോകുന്നതിൽ  കാരണഹേതുവായ ആ മഹാപണ്ഡിതന്റെ ശിഷ്യഗണങ്ങളെല്ലാം തന്നെ ദ്വീപ്‌ ചരിത്രത്തിൽ ഒളിമങ്ങാത്ത സൂര്യതേജസ്സുകളായ്‌ നിറഞ്ഞു നിൽക്കുന്നു. നീണ്ട വർഷക്കാലം മഹാനവർ കൾ ത്വായിഫിൽ ദർസ്സ്‌ നടത്തിയിട്ടുണ്ട്‌ എന്ന് പറയപ്പെടുന്നു.

ചൂളത്തിയോട അഹ്മദ്‌ മുസ്‌ ലിയാർ (ഖു.സി), ബലിയ ഇല്ലം അഹ്മദ്‌ മുസ്‌ലിയാർ അൽ മീർഗ്ഗനി (ഖു.സി), കൽപ്പേനി കഴിഞ്ഞവരുടെ പുത്രൻ അമ്മേനി കഴിഞ്ഞവർ എന്ന് അറിയപ്പെടുന്ന സയ്യിദ്‌ അബൂസ്വാലിഹ്‌ തങ്ങൾ (ഖു.സി), കീളാപ്പുര കുഞ്ഞി അഹമ്മദ്‌ മുസ്‌ലിയാർ (ഖു.സി) തുടങ്ങിയ ആത്മീയ സോപാനങ്ങളിലെ ഉന്നതസ്താനീയരെല്ലാം തന്നെ  മൂസ മുസ്‌ ലിയാരുടെ  (ഖു.സി) ദർസ്സിൽ ഓതിപ്പടിച്ചവരാണെന്നാണ്‌ വാമൊഴികളിലൂടെ അറിയപ്പെടുന്നത്‌.

ഗുലാം മുഹമ്മദ്‌ നഖ്‌ശബന്ദി (ഖ.സി) തുടർ പഠനത്തിനായി കേരളത്തിന്റെ മക്കയായ പൊന്നാനിയിലേക്ക്‌ പായക്കപ്പലേറി. മഖ്‌ദൂമികളിൽ നിന്ന് ആവോളം ജ്ഞാനം നുകർന്ന മഹാനവർകൾ നീണ്ട 10 വർഷം (21 വർഷമാണെന്നും അഭിപ്രായമുണ്ട് )  പൊന്നാനിയിൽ പഠിച്ചു .
നാടിനേയും വീടിനേയും കുറിച്ചുള്ള ഗ്രഹാതുരത്വ ചിന്തകൾ പഠനത്തിനു വിഘ്നം വരുത്താതിരിക്കാൻ  നാട്ടിൽ നിന്ന് വരുന്ന കത്തുകൾ  പോലും വായിച്ചു നോക്കാറില്ലായിരുന്നു.അവ ഭദ്രമായി പെട്ടിയിൽ സൂക്ഷിച്ചു. കഴിയുന്നത്ര സമയം വിജ്ഞാന ശേഖരണത്തിനായി സമർപ്പിക്കുകയും ആവശ്യമുള്ളവ പകർത്തി എഴുതി സൂക്ഷിക്കുകയും ചെയ്തു. മമ്പുറം സയ്യിദ് അലവി (ഖു.സി) തങ്ങളുടെ ദർസ്സിൽ കുറച്ചു കാലം  പഠിച്ചിരുന്നതായും അഭിപ്രായമുണ്ട്.

ഗഹനമായ വിഷയങ്ങളെ കുറിച്ചുള്ള പല കിതാബുകൾക്കും അവിടുന്ന് ” തഖ് രീർ” (അനുബന്ധ കുറിപ്പുകൾ ) എഴുതി സൂക്ഷിച്ചിരുന്നു.

അറിവും അദബും നിറഞ്ഞു തുളുമ്പിയ അവിടുന്ന് വടക്കെ മലബാറിലെ പ്രസിദ്ധ പണ്ഡിതനും സൂഫിവര്യനും കൈരളിയുടെ ആത്മീയ ഗുരുവുമായ മഹാനായ ശൈഖ്‌ നൂഞ്ഞേരി കുഞ്ഞഹമ്മദ്‌ ഇബ്നു സൂഫി (ഖ.സി ) ( വഫാത്ത് ഹിജ്റ 1300 ) യിൽ നിന്നും അതുല്ല്യമായ ആത്മീയ ചൈതന്യം നേടുകയും  “സിൽ സിലതു ദ്ദഹബി”  ആത്മീയ സരണിയായ നഖ്‌ശബന്ദി ത്വരീഖത്തിൽ പ്രവേശിക്കുകയും ചെയ്തു.

ത്വരീഖത്തിന്റെയും അധ്യാത്മിക  വിജ്ഞാനത്തിന്റെ  ഉന്നത ശ്രേണിയിൽ വിരാജിച്ച അവിടുന്ന് അതിസൂക്ഷ്മമായ ജീവിതം കൊണ്ടും ദൈവമാർഗ്ഗത്തിലുള്ള സമർപ്പണം  കൊണ്ടും വലിയ  മഹത്വത്തിനു ഉടമയാണ്‌ .
അവിടുത്തെ  സമകാലികരായ സൂഫീ പണ്ഡിത മഹത്വുക്കളായ  കിൽത്താൻ ദ്വീപ്‌ ചരിത്രത്തിലെ  വെള്ളിനക്ഷത്രങ്ങളിൽ പ്രമുഖരായവർ സ്വദേശം വിട്ട് പലദേശങ്ങളിലേക്കായ്‌ പാലായനം  ചെയ്ത്‌ പോയപ്പോൾ ചെറിയപൊന്നാനിയുടെയും അറബിക്കടലിലെ തുരുത്തുകളുടേയു ആത്മീയ നേതൃത്വം ശൈഖ്‌ ഗുലാം മുഹമ്മദ്‌ അഹ്മദ്‌ നഖ്ശബന്ദിയിലേക്ക്  (ഖു.സി) കാലം ഏൽപ്പിക്കുകയായിരുന്നു.

സ്വപ്രയത്നം കൊണ്ട്‌ നേടിയെടുത്ത അകം പൊരുളിന്റെ പ്രഭ ദ്വീപുകാർ നക്ഖ്ശബന്ദിയോരിൽ  (ഖു.സി) നിന്ന് ദർശ്ശിച്ചു. നേടിയെടുത്ത വിജ്ഞാനം  സ്വജീവിതത്തിൽ പകർത്തുകയും  സമൂഹത്തെ നേർ വഴിക്കു  നടത്തുന്നതിനു വേണ്ടി അവ യഥേഷ്ടം  പകർന്നു കൊടുത്തു.

അനേകം കറാമത്തുകൾ  നിരന്തരം പ്രകടമായിക്കൊണ്ടിരുന്നു.
കടലിൽ മുസ്വല്ല വിരിച്ച്‌ അതിൽ അമിനി ദ്വീപിലേക്ക്‌ യാത്ര ചെയ്യുന്ന  ശൈഖിന്റെ  അത്ഭുതസിദ്ദി നേരിൽ കണ്ടപലരും ചരിത്രത്തിൽ അത്‌ അടയാളപ്പെടുത്തി.
മനുഷ്യരും ജിന്നുകളും അവിടുത്തെ അധരമൊഴികളിൽ നിന്ന് അടർന്ന് വീഴുന്ന വിജ്ഞാന  മുത്തുകൾ ശേഖരിക്കുവാനും അവിടുത്തേക്ക്‌ ഖിദ്‌മത്ത്‌ ചെയ്ത്‌ കൊടുക്കാനും മത്സരിച്ചു.

ഒരു സാമൂഹിക പരിഷ്കർത്താവ്‌ കൂടിയായിരുന്നു അവിടുന്ന്. അന്നത്തെ ദ്വീപുകാരുടെ പല അനാചാരങ്ങളേയും അനിസ് ലാമികതയേയും തുടച്ചു നീക്കി ഇസ് ലാമിന്റെ വിശുദ്ധ സംസ്കാരം ജനഹൃദയങ്ങളിൽ ഊട്ടിയുറപ്പിച്ചു. കവിതകളിലൂടെയും വഅളുകളിലൂടെയും ജനങ്ങളെ നേർമാർഗ്ഗത്തിലേക്ക് നിരന്തരം ക്ഷണിച്ചുകൊണ്ടിരുന്നു.
അവിടുന്ന് പല ദ്വീപുകളിലും പള്ളികൾ നിർമ്മിക്കുകയും അമിനി ജുമാമസ്ജിദ്‌ ഉൾപ്പെടെ പലപള്ളികളുടേയും പുനർ നിർമ്മാണത്തിന്  കാർമ്മികത്വം വഹിക്കുകയും പെണ്ണുങ്ങൾക്കായി ‘നിസ്ക്കാരപ്പുരകൾ’ സ്ഥാപിക്കുകയും ചെയ്തു.
പള്ളികൾ നിർമ്മിക്കുവാനും പുനർ നിർമ്മാണം ചെയ്യുവാനും അവിടുത്തോടൊപ്പം എന്നും തോളോട് തോൾ നിന്ന് പ്രവർത്തിച്ചത് ‘അമിനി ഗ്രൂപ്പ്‌ ഓഫ്‌ ഐലന്റിന്റെ’ ഭരണാധികാരിയായിരുന്ന (1876-1897) മനേഗാർ മുഹമ്മദ്‌ സുലൈമാൻ സാഹിബ്‌ അവർകളായിരുന്നു .അമിനി ‘ബേളാപുരം’ പള്ളിയിലാണ്‌ അദ്ദേഹത്തിന്റെ ഖബർ സ്ഥിതി ചെയ്യുന്നത്‌ .പല സിവിൽ കേസുകളും തീർപ്പ്‌ കൽപ്പിക്കുന്നതിനായി  ശൈഖവർകളെ അദ്ദേഹം ചുമതലപ്പെടുത്തുകയും  നീതിപൂർവ്വകമായി തീർപ്പ്‌ കൽപ്പിച്ചു കൊടുക്കുകയും ചെയ്തത്‌ ചരിത്ര രേഖകളിൽ കാണാം. അവിടുത്തെ പ്രധാന ശിഷ്യന്മാരിൽ പ്രമുഖനും അവിടുത്തെ നഖ്ശബന്ദി സരണിയിലെ മുരീദുമായിരുന്നു സാഹിബവർകൾ. സയ്യിദ് അബൂസ്വാലിഹ് തങ്ങളുടെ (അമ്മേനീ കഴിഞ്ഞവർ) മക്കളായ വലിയതങ്ങളും (സയ്യിദ് മുഹമ്മദ്) ചെറിയ തങ്ങളും (സയ്യിദ് യൂസുഫ് റബ്ബാനി) അവിടുത്തെ ശിഷ്യന്മാരാണ് എന്ന് പണ്ടുള്ളോർ പറയാറുണ്ട്‌. കിൽത്താൻ ജുമുഅത്ത് പള്ളിയങ്കണത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന ദലായിലുൽ ഖൈറാത്തിന്റെ ശൈഖും ഖാദിരിയ്യ ത്വരീഖത്തിലെ കണ്ണിയും സൂഫിയും ആലിമും വലിയ്യും മുഫ്തിയുമായ ‘ബലിയമേലിയാർ’ കോയാ എന്ന് അറിയപ്പെടുന്ന ബിരിയം തിത്തിയോട ഖാസിം മുസ് ലിയാർ  (ഖു സി) (വഫാത്ത് ഹിജ് റ 1350 ), അനുജൻ ബിരിയം തിത്തിയോട മൂസാൻ കുട്ടി മുസ് ലിയാർ (ഖു സി) (മുല കുടിമാലയുടെ രചയിതാവ്)  തുടങ്ങിയവരൊക്കെ അവിടുത്തെ മറ്റ് പ്രമുഖ ശിഷ്യഗണങ്ങളാണ് എന്ന് കരുതപ്പെടുന്നു.
അമിനി ചാണത്തബേലി അഹ്മദ് കോയ മുസ്ലിയാർ  (ഖു.സി) അവിടുത്തെ സന്തത സഹചാരിയായിരുന്നു (വഫാത്ത് ഹിജ്റ 1332 റബീഉൽ അവ്വൽ 15). അവിടുത്തെ ഇഷ്ടം കരകതമാക്കിയ വലിയ ധർമ്മിഷ്ടനായിരുന്നു  ബരളി ബലിയ കോയാ (ഖു.സി) ( തിരുവത്തപ്പള്ളി മഖാം).

        ലളിതവും സൂക്ഷ്മവും സുന്ദരവും മാതൃകാ പരവുമായിരുന്നു ശൈഖവർകളുടെ ജീവിതം. ദ്വീപുകളിലെ സ്വത്ത്‌ സമ്പ്രതായങ്ങളേ കുറിച്ചും ഭൂ ഉടമസ്തരേ കുറിച്ചും കൃത്യമായി അറിയാമായിരുന്ന അവിടുന്ന്  അന്യന്റെ പറമ്പിലെ ഒരു ഈർക്കിൽ കഷ്ണം പോലും   പല്ലുകുത്താനായി പോലും ഉപയോഗിക്കാറില്ലായിരുന്നു .അത്രമാത്രം സൂക്ഷ്മജ്ഞാനിയായിരുന്നു ശൈഖവർകൾ.

കിട്ടുന്നതൊക്കെ കുറിച്ച്‌ വെക്കുകയും പകർപ്പെഴുതി സൂക്ഷിക്കുകയും ചെയ്തിരുന്ന അവിടുത്തെ ശേഖരങ്ങളും സ്വരചനകളും എണ്ണമറ്റതാണ്‌. പലതും അന്വേഷകർക്ക്‌ കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെങ്കിലും ചുരുക്കം ചില രചനകൾ ഇന്നും കാലങ്ങളെ അതിജീവിച്ച്‌ നിലനിൽക്കുന്നു .
അറബി ഭാഷയിൽ ത്വരീഖത്ത് സംബന്ധിയായി മഹാനവർകൾ രചിച്ച “നുബുദതും മിൻ ജാമി ഉൽ ഉസൂൽ” അവിടുത്തെ ഭാഷാ പരിജ്ഞാനത്തിന്റെ പ്രതീകമാണ്. മഹാനവർകളുടെ ആത്മീയ സരണിയിലെ  പ്രമുഖ ശൈഖ് ളിയാഉദ്ധീൻ നഖ്ശബന്ദിയുടെ (ഖു.സി) ലോകപ്രശസ്ത ഗ്രന്ഥമായ “ജാമിഉൽ ഉസൂൽ ” എന്ന കിതാബിൽ നിന്ന് സംഗ്രഹിച്ചതും അല്ലാത്തതുമായ അനർഘ മുത്തുകൾ അതിലുണ്ട്. അതിന്റെ ആദ്യഭാഗത്ത് തന്നെ അവിടുത്തെ മശായിഖന്മാരുടെ സനദ് കൊടുത്തിട്ടുണ്ട്.
ദുൻയാവിനേയും ആഖിറത്തേയും സ്ത്രീ രൂപത്തോട് ഉപമിച്ച് ആലങ്കാരിക പ്രയോഗങ്ങളാൽ രചിച്ച ദാർശനിക കാവ്യമായ “കോലസ്സരി മാല, സമൂഹത്തിൽ നടമാടുന്ന അനിസ്‌ ലാമികമായ  പ്രവണതകളെ പരാമർശ്ശിക്കുകയും അത്തരം പ്രവർത്തനങ്ങളെ ആക്ഷേപിക്കുകയും സത്യമാർഗ്ഗം എന്താണെന്ന് ജനങ്ങൾക്ക്‌ ഉപദേശിക്കുകയും ചെയ്യുന്ന  കാവ്യഗ്രന്ഥമായ  ”ചരദമാല”  അവിടുത്തെ മാസ്റ്റർ പീസ് രചനകളിൽ ഒന്നാണ്‌, സ്വർഗ്ഗഭവനത്തിന്റെ അലങ്കാര വർണ്ണനകൾ ഉൾക്കൊള്ളുന്ന “സ്വർഗ്ഗമാല” ( ഹുമ്പ് മാല ) , അഹ്‌സനുൽ ഖസസ്‌ എന്ന് ഖുർആൻ വിശേഷിപ്പിച്ച യൂസുഫ്‌ നബിയുടെ ചരിത്രം ഹൃസ്വമായി പ്രതിപാധിക്കുന്ന  “യൂസുഫ്‌ ഖിസ്സ” , സാആത്തുകളും ഔഖാത്തുകളും എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടിയും ഖുർആനിലെ അത്ഭുതങ്ങളായ എണ്ണങ്ങൾ വേഗത്തിൽ  പഠിച്ചെടുക്കാനും  വേണ്ടി ഹിജ്‌റ 1290 ൽ  രചിച്ച ” ലി ഹിഫ്‌ ളിൽ ഹിസാബ്‌” (ഇത്‌ കുറിപ്പുകൾ പോലെയുള്ളവയാണ്‌), ചേരമാൻ പെരുമാളിന്റെയും  മാലിക്ക്‌  ഇബ്ൻ ദീനാറിന്റെയും (റ) ചരിത്രം പറയുന്ന പകർപ്പെഴുത്ത്‌ , അവസാന രണ്ട്‌ വർഷത്തെ പ്രധാന കുറിപ്പുകൾ തുടങ്ങിയവയൊക്കെ അവിടുത്തെ വിലപ്പെട്ട തൂലികയിൽ നിന്ന് പിറവി കൊണ്ട കനപ്പെട്ട സംഭാവനകളാണ്‌.

‘അമിനി ഐലന്റേസ്‌’ എന്ന പുസ്തകം രചിക്കുന്നതിനായി ശ്രീ ഇട്ടാമൻ ആശ്രയിച്ചിരുന്നത്‌ അവിടുത്തെ കുറിപ്പുകളെയായിരുന്നു. വട്ടെഴുത്ത്, അറബി, അറബി മലയാളം , കന്നട തുടങ്ങിയ ഭാഷകളിൽ കുറിച്ചവയായിരുന്നു കുറിപ്പുകൾ. കിൽത്താൻ, കടമം, അമിനി ദ്വീപുകളുമായി ബന്ധപ്പെട്ടവയാണ് കുടുതലും. വിവാഹം, മരണം, ജനസംഖ്യ, വീട്ടു പേരുകൾ, ഖിബ് ല കണക്ക്, ഓട്ടക്കണക്ക്, നഹ്സ്, പരമ്പരകൾ, കടമത്തിലെ താൻ പണികഴിപ്പിച്ച പള്ളികളെ കുറിച്ചുള്ള വിവരണം ഇങ്ങനെ നിരവധിയായ കാര്യങ്ങൾ വെറും രണ്ട് വർഷത്തെ ആ ഡയകുറിപ്പുകളിൽ മാത്രം പ്രതിപാദിക്കുന്നുണ്ടെങ്കിൽ അതിന് മുമ്പുള്ള ജീവിത കാലയളവിലെ കുറിപ്പുകളുടെ വ്യാപ്തി ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും എന്നതിൽ തർക്കമില്ല. നിർഭാഗ്യവശാൽ നമുക്ക് അത് ലഭ്യമാകാതെ പോയി.

ശൈഖവർകളെ കുറിച്ചും ഒരുപാട്‌ കൃതികർ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌.
പള്ളിത്തിത്തിയോട ബംബൻ കോയാ രചിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന  ശൈഖവർകളുടെ വഫാത്തിന്റെ അഞ്ച്‌ വർഷങ്ങൾക്ക്‌ ശേഷം രചിക്കപ്പെട്ട “ഹഖീഖത്ത്‌ മാല” അവിടുത്തെ അനിതരസാധാരണമായ ജീവിതത്തിലേക്ക്‌ വെളിച്ചം വീശുന്ന ഒരു രചനയാണ്‌. ആന്ത്രോത്ത്‌ ദ്വീപിലെ പൊയിലം അബ്ദുൽ ഖാദർ , ഇ എ കോയാ ബാഖവി , മർഹൂം  കെ.പി അബ്ദുൽ ജബ്ബാർ മുസ്‌ലിയാർ  (ഖു.സി) തുടങ്ങിയവർ അവിടുത്തെ  അപദാനങ്ങളെ വാഴ്ത്തിക്കൊണ്ട്‌ അറബി  ഭാഷയിൽ ഓരോ മൗലിദുകൾ രചിച്ചിട്ടുണ്ട്‌.  “വലിയുള്ളാ മാല” എന്ന പേരിൽ ഒരു മാലപ്പാട്ട്‌ ഇ.എ കോയാ ബാഖവിയും പള്ളിത്തിത്തിയോട മുഹമ്മദ്‌ കോയാ എന്നയാൾ രചിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന ”അസ്‌ റാർ മാല”യും ആ മഹാനുഭാവനെ അടുത്തറിയാൻ ഏറെ സഹായിക്കുന്ന രചനകളാണ്‌ .
കെ ബാഹിർ, ഫഖീർ ഭായ് എന്നിവർ  വിശാലമായും, മുത്തുകോയാ സഖാഫി, ചമയം ഹാജാഹുസൈൻ തുടങ്ങിയ പലരും ഹൃസ്വമായും അവിടുത്തെ ജീവിതം ചരിത്ര വായനകൾക്കായി ക്രോഡീകരിച്ചിട്ടുണ്ട്.
      
   
ദ്വീപുകളിലും മലബാർ ദേശങ്ങളിലും ദലാഇലുൽ ഖൈറാത്ത്‌ എന്ന , ജുസൂലി ഇമാം ക്രോഡീകരിച്ച, ലോകപ്രശസ്ത സ്വലാത്തിന്റെ പ്രചാരകനാവുകയും അതിന്റെ ശൈഖായി വർത്തിക്കുകയും അവിടുന്ന് ചെയ്തിട്ടുണ്ട്‌. നഖ്ശബന്ദി ത്വരീഖത്തിലെ കണ്ണിയും ആലി അലി കുടുംബ താവഴിയിൽ മംഗലാപുരത്ത്‌ ജനിച്ച്‌ വളർന്ന് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്ത  ആലി  മുഹമ്മദ്‌ എന്ന അപരനാമത്തിൽ അറിയപ്പെടുന്നവരുമായ  സൂഫീ മഹാൻ മുഹമ്മദ്‌ ഇബ്നു അഹ്മദ്‌ മുല്ലാ (ഖു.സി) എന്നവരിൽ നിന്നാണ്‌  ഹിജ്‌ റ 1280 ൽ ‘ദലാഇലുൽ ഖൈറാത്തിന്റെ’ ഇജാസത്ത്‌ സ്വീകരിക്കുന്നത്‌ . ഇത്‌ കൂടാതെ ഖസീദത്തുൽ ബുർദ്ദ , അൽ മുളരിയ്യ  എന്നിവ ചൊല്ലാനും അവിടുന്ന് ഇജാസത്ത്‌ വാങ്ങി.
രണ്ട്‌ വർഷങ്ങൾക്ക്‌ ശേഷം  ഹിജ്‌ റ 1282ൽ പരിശുദ്ദ മക്കയിൽ  വെച്ച്‌ മുഹമ്മദ്‌ ഇബ്നു  അഹ്മദ്‌ മുല്ലാ (ഖു.സി) എന്നവർ വഫാത്തായി. 
പത്തുവർഷങ്ങൾക്ക്‌ ശേഷം ഹിജ്‌റ 1290 ൽ മദീനത്തെ പള്ളിയിൽ വെച്ച്‌  ദലാഇലുൽ ഖൈറാത്ത്‌ സ്വലാത്തിന്റെ അന്നത്തെ “ഖാദിമായിരുന്ന” സയ്യിദ്‌ മുഹമ്മദ്‌ ഇബ്നു സയ്യിദ്‌ അഹ്മദ്‌  (ഖു.സി) എന്ന മഹാൻ ശൈഖവർകളെ മദീനത്തെ പള്ളിയിൽ വെച്ച് കാണുകയും അവിടുത്തെ സ്വലാത്ത്‌ കിതാബ്‌  വാങ്ങി ഓതി നോക്കുകയും  കുറ്റമറ്റതാണെന്ന് സാക്ഷ്യപ്പെടുത്തുകയും മലബാറു ഭാഗത്തുള്ളവർ ഇദ്ദേഹത്തെ പിൻ പറ്റണമെന്ന്  അവിടെ കൂടിയിരുന്നവരോട്‌  ഉപദേശിക്കുകയും ചെയ്തു.

അമിനി ദ്വീപിൽ അദ്ദേഹം താമസിച്ചിരുന്ന ഫുറക്കാട്‌ എന്ന വീട്ടിലേക്ക്‌ സ്വന്തം  കൈയ്പ്പടയിൽ എഴുതി വഖ്ഫ്‌ ചെയ്ത ദലായിലുൽ ഖൈറാത്ത്‌ സ്വലാത്ത് കിതാബും ശൈഖിന്റെ സ്വന്തം കൈപ്പടയിൽ എഴുതിയ ദലായിലുൽ ഖൈറാത്ത് സ്വലാത്തിന്റെ മറ്റൊരു കിതാബ് കിൽത്താനിൽ കണ്ണിപ്പുര തറവാട്ടിലും ഇന്നും വളരെ  ബഹുമാനപുരസ്സരം സൂക്ഷിച്ചിരിപ്പുണ്ട്‌.

ബിരിയം തിത്തിയോട പൂവ്‌ എന്ന സ്ത്രീരത്നത്തേയാണ്‌ ശൈഖവർകൾ വിവാഹം കഴിച്ചത്‌. ഈ ദാമ്പത്യ ജീവിതത്തിൽ മൂന്ന് കുസുമങ്ങൾ വിരിഞ്ഞു. രണ്ടാണും ഒരു പെണ്ണും. മൂത്തമകന്‌ മുഹമ്മദ്‌ എന്ന് പേരിടുകയും  മമ്മിക്കുട്ടി എന്ന ഓമനപ്പേരിൽ അറിയപ്പെടുകയും ചെയ്തു. അദ്ദേഹം മീർഗ്ഗനി ത്വരീഖതിന്റെ വക്താവായിരുന്നു. പിതാവിന്റെ തറവാടായ പള്ളിത്തിണിയോടയിൽ നിന്നാണ് വിവാഹം ചെയ്തത്. അതിൽ വിരിഞ്ഞ വാടാമലരാണ് പള്ളിത്തിത്തിയോട കുഞ്ഞീദ് കോയാ.1922 കാലഘട്ടത്തിൽ കിൽത്താൻ ദ്വീപിലെ കാരാണിയായിരുന്നു കുത്തീദ് കോയാ. കുഞ്ഞീദ് കോയയുടെ ആദ്യ ഭാര്യ പാളിയത്തിയോട റഹ്മാബി ആയിരുന്നു. അതിൽ സന്താനങ്ങളുണ്ട്. ആ പരമ്പര ഇന്നും നില നിൽക്കുന്നു. ആദ്യഭാര്യയുടെ വിയോഗാനന്തരം ബിരിയം തിത്തിയോടയിലെ ഒരു സ്ത്രീ രത്നത്തെ വേളി കഴിച്ചു. അതിൽ ഹസ്സൻ കോയാ എന്നൊരു മകനുണ്ട്. പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെട്ട കുഞ്ഞീദ് കോയാ പിന്നീട് നാട്ടിൽ തിരിച്ചെത്തിയില്ല. മമ്മിക്കുട്ടി മീർഗ്ഗനിയുടെ (ഖു.സി) ഖബർ കിൽത്താൻ കവരോരപ്പള്ളിയുടെ തിരുമുറ്റത്തായി സ്ഥിതി ചെയ്യുന്നു.

ശൈഖവരുടെ രണ്ടാമത്തെ മകനെ അബ്ദുള്ളാ എന്ന് നാമകരണം ചെയ്യുകയും  കുഞ്ഞി എന്ന്  ഓമനപ്പേരിട്ട്‌ വിളിക്കുകയും ചെയ്തു. ശൈഖവർ കളുടെ വാപ്പയുടെ പേരാണ്‌ തന്റെ പ്രിയപ്പെട്ട രണ്ടാമത്തെ പുത്രന്‌ നൽകിയത്‌ .ഹിജ്‌ റ 1274 ലാണ് അബ്ദുള്ളാ എന്ന മകൻ ജനിക്കുന്നത്‌ എന്നും ആ ദിവസത്തെ പ്രത്യേകതകളും മറ്റും ഉൾപ്പെടുത്തി രചിച്ച കാവ്യത്തിൽ അവിടുന്ന്  വിശദമാക്കുന്നുണ്ട്‌. അബ്ദുല്ലാ വിവാഹം കഴിച്ചത്  തെക്കിള ഇല്ലത്തിൽ യൂസുഫ് ഹാജിയുടേയും ഭാര്യ ഖദീജയുടെയും മകളായ ഖദീജക്കുട്ടിയെയാണ്. ഇതിൽ 4 ആൺമക്കളും 2 പെൺമക്കളും പിറന്നു. സുഹ്‌റബി, മുഹമ്മദ് മുസ്‌ലിയാർ, ഹാമിദ്, ബീഹുർമാൻ, മഹ് മൂദ്,  അഹിദ് കുന്നി എന്നിങ്ങെനെയാണ് പേരുകൾ. ഇതിൽ മുഹമ്മദ് മുസ്ലിയാർ എന്ന മകന്റെ പരമ്പരയിലൂടെയാണ്‌ ശൈഖവർകളുടെ പണ്ഡിത സരണി നിലനിൽക്കുന്നത്‌ .
അബ്ദുല്ല മുസ് ലിയാരുടെയും മകൻ മുഹമ്മദ് മുസ് ലിയാരുടേയും ഖബർ കിൽത്താനിൽ ബീരാൻ പള്ളിക്ക് മുൻവശം സ്ഥിതിചെയ്യുന്നു. മൂന്നാമത്തെ കുഞ്ഞിന്റെ പേര്‌ കൃത്യമായി അറിയപ്പെട്ടില്ലെങ്കിലും കുഞ്ഞിപ്പാത്തുമ്മാ എന്നാണ്‌  മഹതിയുടെ നാമമെന്ന് ചിലചരിത്രകാരന്മാർ രേഖപ്പെടുത്തിയതായി കാണുന്നു. രണ്ട്‌ പെണ്മക്കളുണ്ടായിരുന്നെന്നും അതിലൊരാൾ കുഞ്ഞുനാളിലെ മരണപ്പെട്ടു എന്നും ചില  അഭിപ്രായങ്ങളുണ്ട്‌.

ശൈഖിന്റെ രണ്ടാമത്തെ മകൻ അബ്ദുല്ലാ  കവരത്തിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഹംസത്ത്‌ ഇബ്നു ഇബ്രാഹീം ഇബ്നു അബ്ദുൽ ഖാദിരി രിഫാഇയിൽ (ഖു.സി) നിന്നാണ്‌ ദലായിലുൽ ഖൈറാത്ത്‌ സ്വലാത്തിന്റെ ഇജാസത്ത്‌ സ്വീകരിച്ചത്‌. മഹരങ്കീസ്‌ എന്ന ഖിസ്സപ്പാട്ടിന്റെ രചയിതാവ്‌ അബ്ദുർ റഹ്മാൻ ഗുലാം മുഹമ്മദ്‌ അഹ്മദ്‌ നഖ്ശബന്ദിയുടെ (ഖു.സി) പ്രിയ പുത്രൻ അബ്ദുല്ല  തന്റെ ഗുരുവാണെന്ന് പ്രസ്തുത ഖിസ്സയിൽ  സൂചിപ്പിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ മകനാണ്‌ ലക്ഷദ്വീപിലും കേരളക്കരയിലുമായി പ്രസിദ്ധനായ തെക്കിള ഇല്ലം മുഹമ്മദ്‌ മുസ്‌ ലിയാർ (ഖു.സി). താജ്‌ മുഹമ്മദ്‌ എന്നും ബീച്ചിയക്കോയാ എന്നും അവിടുന്ന് അറിയപ്പെടുന്നു. മഹാപണ്ഡിതനും കവിയും കരകൗശലവിദഗ്ദനും വാഗ്മിയും എന്ന് തുടങ്ങി സർവ്വമേഖലകളിലും കഴിവു തെളിയിച്ച മഹാനായിരുന്നു. അവിടുത്തെ ഫത്‌ വകൾ  ഏറെ പ്രശസ്തമാണ്‌. മേലാപ്പുരയിലും കുമ്പുപുരയിലുമായി അദ്ദേഹത്തിനു രണ്ട്‌ ഭാര്യമാർ ഉണ്ടായിരുന്നു .രണ്ടിലും സന്താനങ്ങളുമുണ്ട്‌.നീണ്ട 45 വർഷക്കാലം കിൽത്താൻ ദ്വീപിന്റെ ഖാളിപദം അലങ്കരിച്ച ഖാളി കുമ്പുപുര സിറാജ്‌ കോയാ മുസ്‌ ലിയാർ തെക്കിള  ഇല്ലം മുഹമ്മദ്‌ മുസ്‌ ലിയാരുടെ മക്കളിൽ അതിപ്രശസ്തനായ പണ്ഡിതവരേണ്യരാണ്‌. ഇദ്ദേഹം വിവാഹം ചെയ്തത്‌ കണ്ണിപ്പുര ബീഫാത്തുമ്മയേയാണ്. അതിൽ വിരിഞ്ഞ രണ്ടാമത്തെ മകനാണ്‌  കേരളത്തിലും കർണ്ണാടകയിലുമായി ദീനീ രംഗത്ത്‌ സ്തുത്യർഹമായ സേവനങ്ങൾ അർപ്പിച്ച ,ജീവിതകാലം മുഴുവനും സുന്നത്‌ ജമാ  അത്തിന്റെ ആശയപ്രചാരണത്തിനായ്‌ സമർപ്പിച്ച ,  സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമ എന്ന ആധികാരിക  പണ്ഡിത സഭയുടെ മുശാവറ അംഗമാവുകയും പിന്നീട്‌ അതിന്റെ ഉപാദ്യക്ഷനായി മുസ്‌ ലിം ഉമ്മത്തിന്റെ ആത്മീയ നേതൃത്വത്തിന്‌ ചുക്കാൺ പിടിക്കുകയും അതേ പദവിയിൽ തുടരുമ്പോൾ 2019 ജനുവരി 8 ജമാദുൽ അവ്വൽ 2 നാഥന്റെ വിളിക്കുത്തരം ചെയ്ത്‌ റബ്ബിന്റെ സവിധത്തിലേക്ക്‌ യാത്രയായ കണ്ണിപ്പുര അബ്ദുൽ ജബ്ബാർ മുസ്‌ ലിയാർ (ഖു.സി) എന്ന  ബിയ്യക്കോയാ ഉസ്താദെന്നും മിത്തബൈൽ ഉസ്താദെന്നും ജനങ്ങൾ ബഹുമാനപുരസ്സരം വിളിക്കുന്ന പണ്ഡിതവരേണ്യർ. സിറാജ്‌ കോയാ മുസ്‌ ലിയാരുടെ മറ്റൊരു മകനായ  സൂഫിയും പണ്ഡിതനും വിനയസ്വരൂപനൂമായ അസ്‌ ഹർ ഫൈസി (ത്വ.ഉ)തെക്കൻ കന്നടയിൽ ഏറെ പ്രശസ്തനാണ്. ഇന്ന് കിൽത്താൻ ദ്വീപിന്റെ ഖാളിയാണ്‌. എസ്‌ എസ്‌ എഫ്‌ എന്ന മതവിദ്യാർത്ഥി സംഘടനയുടെ  സ്ഥാപക വൈസ്‌ പ്രസിഡന്റായിരുന്നു അവിടുന്ന്.
ആറ്റക്കോയാ ഹാജി, കുന്നിക്കോയാ ഹാജി, അബ്ദുൽ നാസർ ഫൈസി (ഇന്ന് കിൽത്താൻ ദ്വീപിന്റെ നാഇബ്‌ ഖാളിയാണ്‌) , റുഖിയാബി, ബീബി ഖദീജാ, മുഹമ്മദ്  റാസി എന്നിവരാണ് സിറാജ് കോയാ മുസ് ലിയാരുടെ മറ്റ് സന്തതികൾ.

ജീവിതകാലത്ത് തന്നെ ഒരു പാട് കറാമത്തുകൾക്ക് ഉടമയായ ശൈഖ് ഗുലാം മുഹമ്മദ് അഹ്മദ് നഖ് ശബന്ധി (ഖ.സി)  ഹിജ് റ *1299 റബീഉൽ ആഖിർ മാസം 12 വെള്ളിയാഴ്ച* ജഗന്നിയന്താവായ നാഥന്റ വിളിക്ക് ഉത്തരം നൽകി ഈ നശ്വര ലോകത്തോട് വിട പറഞ്ഞു.
കഫൻ ചെയ്യും മുമ്പേ അവിടുത്തെ മുരീദന്മാർ കാൺകെ ചൂണ്ടുവിരൽ ഉയർത്തുകയും കണ്ണുകൾ തുറക്കുകയും ചെയ്ത കറാമത്ത് പ്രസിദ്ധമാണ്. വർഷങ്ങൾക്ക് ശേഷം നീണ്ട കാലം അമിനി ജുമാ മസ്ജിദ് കേന്ദ്രീകരിച്ച് ദർസ്സ് നടത്തിയ പൊന്നാനി ബാവ മുസ് ലിയാർ തഹജ്ജുദിന്റെ വേളയിൽ  വർഷങ്ങൾക്ക് മുമ്പ് വഫാത്തായ ശൈഖവർകളെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്ന കാഴ്ച കണ്ടതും പ്രസിദ്ധ സംഭവമാണ്.

ശൈഖിന്റെ ആണ്ട് വളരെ വിപുലമായി കിൽത്താനിൽ പുതിയ പള്ളിയിലും കവരോരപ്പള്ളിയിലും നടത്തിവരുന്നു. അമിനിയിൽ ശൈഖ്നപ്പള്ളിയിൽ നടത്തിവരാറുണ്ടായിരുന്ന ആണ്ട് ശൈഖോരുടെ പരമ്പരയിലെ തെക്കിള ഇല്ലം കുന്നിബിയുടെ ഭർത്താവ് അമിനി “ബീരിയടം” മുഹമ്മദ് കോയാ ഏറ്റെടുത്ത് നടത്തുകയും തുടർന്ന്  അവരുടെ മക്കളും ബന്ധുക്കളും ചേർന്ന് വളരെ വിപുലമായി ആണ്ട് നേർച്ച നടത്തിവരികയും ചെയ്യുന്നു.
അമിനി ജുമാമസ്ജിദിൽ വഫാത്ത് ദിനത്തിൽ യാസീൻ പാരായണവും നടക്കുന്നു.

മഹാനവർകളോട് കൂടെ നമ്മൾ ഏവരേയും ഇരുലോക വിജയികളിൽ ഉൾപ്പെടുത്തി നാഥൻ അനുഗ്രഹിക്കട്ടെ .
ആമീൻ