ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ പോർട്ട്, ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ വകുപ്പ് മൺസൂൺ കാലത്ത് ചരക്ക് ഗതാഗതത്തിൽ ഉണ്ടാകുന്ന നിയന്ത്രണങ്ങളെ തുടർന്ന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. നവംബർ 19-നാണ് ഡയറക്ടർ (PSA) ഡോ. ആർ. ഗിരി ശങ്കർ IAS പൊതുനോട്ടീസ് പുറപ്പെടുവിച്ചത്.
ദ്വീപുകളിലെ ജനങ്ങൾക്ക് ആവശ്യമായ നിത്യാവശ്യ വസ്തുക്കൾ നിലവിൽ സർക്കാർ ബാർജുകളും സ്വകാര്യ എം.എസ്.വികളുമാണ് കരയിൽ നിന്ന് എത്തിക്കുന്നത്. എന്നാൽ ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന മൺസൂൺ കാലത്ത് മോശമായ കാലാവസ്ഥയെ തുടർന്ന് സ്വകാര്യ എം.എസ്.വികളുടെ സർവീസ് നിർത്തിവയ്ക്കുന്നതുകൊണ്ട് ചരക്ക് ഗതാഗത ശേഷി ഗണ്യമായി കുറയുന്നു. ഇതോടെ മൺസൂൺ സമയത്ത് കൊണ്ടുപോകുന്ന ചരക്കുകളിൽ മുൻഗണന നിശ്ചയിക്കേണ്ട സാഹചര്യം ഉണ്ടാകുന്നുവെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ
- മൺസൂൺ മാസങ്ങളിൽ ദ്വീപുകളിൽ നിത്യാവശ്യ ഉത്പന്നങ്ങളുടെ കുറവ് സംഭവിക്കാതിരിക്കാൻ സർക്കാർ നടത്തുന്ന മെക്കനൈസ്ഡ് ബാർജുകളും യാത്രക്കപ്പലുകളും വഴി ഇത്തരം നിത്യാവശ്യ വസ്തുക്കളുടെ ഗതാഗതത്തിന് മുൻഗണന നൽകും.
- ദ്വീപുകളിൽ പ്രവർത്തിക്കുന്ന എല്ലാ കടകളും ഹോട്ടലുകളും മറ്റും മൺസൂൺ സീസണിന് ആവശ്യമായ സാധനങ്ങൾ (ആട്ട, ഉപ്പ്, പഞ്ചസാര തുടങ്ങിയവ) 2026 മെയ് മാസത്തിനകം മുൻകൂട്ടി ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
- ദ്വീപുകളിലേക്ക് ചരക്കുകൾ എല്ലാവർക്കും തുല്യമായി ലഭ്യമാക്കുന്നതിനായി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അനുവദിക്കുന്ന ചരക്ക് ബില്ലുകളുടെ പരമാവധി പരിധി ഭരണകൂടം ആവശ്യാനുസരണം നിശ്ചയിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
മൺസൂൺ കാലയളവിൽ നിത്യാവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവന്നതെന്ന് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. എല്ലാ സ്റ്റേക്ക്‌ഹോൾഡർമാരും നിർദ്ദേശങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
