ഡോ.സീജി.പൂക്കോയ കൽപേനി
അക്കാലത്ത് കപ്പൽ സൗകര്യം ഉള്ളത് രാജലക്ഷ്മി, ധനലക്ഷ്മി എന്നീ രണ്ടു കപ്പലുകൾ മാത്രം. അത് രണ്ടും ചരക്കു കപ്പലുകൾ. ചരക്കു മുറിയുടെ മുകളിൽ താർപ്പായ വിരിച്ചു അതിന്റെ മുകളിൽ കുറെ പേരെ യാത്രക്കാരായി കയറ്റി കിടത്തും. ഒരു ദ്വീപിൽ ചെന്നാൽ ചരക്കിറക്കാനും ഉദ്യോഗസ്ഥൻമാർക്ക് ഇറങ്ങി ജോലി കഴിഞ്ഞ് കയറാനും മൂന്നോ നാലോ ദിവസം എടുത്തെന്നുമിരിക്കും.
രാജലക്ഷ്മി എന്ന കപ്പലിൽ കയറിയാണ് ഞാൻ എസ് എസ് എൽ സി പരീക്ഷ പാസായ ശേഷം പ്രിയൂനിവേഴ്സിറ്റി പഠിക്കാൻ കോഴിക്കോട്ടിലേക്ക് പുറപ്പെട്ടുത്. കപ്പൽ കൽപേനിയുടെ കിഴക്ക് ഭാഗത്ത് എത്തി. അന്ന് ബ്രേക്ക് വാട്ടർ ജട്ടി ഇല്ല. ഔട്ട് ബോർഡ്, പാബ്ലോ ബോട്ട് എന്നിവയൊന്നും ഇല്ലാതിരുന്നു. തുഴയുന്ന ആറ് വലിക്കുന്നതും, നാല് വലിക്കുന്നതും മാത്രം ശരണം. ബാപ്പ പോക്കറ്റ് മണി ആയി തന്ന ഇരുനൂർ രൂപയും ഇരുമ്പ് പെട്ടിയും കോതടി എന്ന കിടപ്പ് സാധനവുമായി ജേഷ്ഠൻ ഇയ്യയോടൊപ്പം ഞങ്ങൾ ആർ പേർ തണ്ട് വലിക്കുന്ന തോണിയിൽ കയറി തിരമാലകൾ മറികടന്ന് കപ്പലിൽ എത്തി കപ്പലിന്റെ കാർഗോ ചേമ്പറിനു മുകളിൽ സ്ഥലം പിടിച്ചു. കപ്പൽ യാത്ര ആണെങ്കിലും ഓടത്തെക്കാളും യാത്ര ഒട്ടും കേമമായി തോന്നിയില്ല. പിറ്റെ ദിവസം കോഴിക്കോട്ടിൽ എത്തി.
അന്ന് കോളേജിലാണ് പ്രീയൂനിവേർസിറ്റി പഠിക്കുന്നത്. എസ് എസ് എൽസി പാസ്സായ എല്ലാവർക്കും കോഴിക്കോട്ടിലുള്ള മലബാർ കൃസ്തിയൻ കോളേജിൽ സീറ്റ് ഉറപ്പ്. കോളേജ് എന്നാൽ അന്ന് ദ്വീപുകാർക്ക് കോഴിക്കോട്ടിലുള്ള മലബാർ കൃസ്ത്യൻ കോളേജ് മാത്രം. കാരണം അന്നത്തെ കോളേജ് പ്രിൻസിപ്പൽ പാവമണി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ മൂർക്കോത്ത് രാമുണ്ണിയുമായി നല്ല സൗഹൃദബന്ധം ഉള്ള ആളായിരുന്നു. അഡ്മിനിസ്ട്രേറ്റർ രാമുണ്ണി എത്ര സീറ്റ് ചോദിച്ചാലും അവിടെ സീറ്റ് റെഡി.
കോഴിക്കോട്ടിൽ അന്ന് എന്ത് പരിപാടി ഉണ്ടെങ്കിലും അവർ രണ്ടുപേരുടെയും സാന്നിദ്ധ്യം കാണും. അക്കാലത്ത് കോഴിക്കോട്ട് വെച്ച് പല കളി മത്സരങ്ങളും അവർ നടത്തി. അന്ന് കോഴിക്കോട്ടിലെ ബീച്ചിനടുത്ത് വെള്ളയിൽ ആയിരുന്നു ലക്ഷദ്വീപ് ഓഫീസ്. അഡ്മിനിസ്റ്റ്റേറ്റർക്ക് ഒരു അമ്പാസിഡർ കാറും, ലക്ഷദ്വീപ് ഓഫീസിൽ കുറെ ജീപ്പും ലോറികളും ഉണ്ടായിരുന്നു. കോഴിക്കോട്ടിൽ കളി നടക്കുമ്പോൾ എല്ലാ വാഹനങ്ങളും അഡ്മിനിസ്റ്റ്റേറ്റർ രാമുണ്ണി അതിന്റെ ആവശ്യങ്ങൾക്കായി വിട്ടു നൽകിയിരുന്നു. അന്ന് അതൊന്നും കറപ്ഷൻ ആയി ആരും കണ്ടിരുന്നില്ല. അത് മാത്രമല്ല മൂർക്കോത്ത് രാമുണ്ണി ഒരു കോൺഗ്രസ് പാർട്ടി പ്രവർത്തകനും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനോട് വളരെ അടുപ്പമുള്ള വ്യക്തിയും, ഇന്ത്യൻ എയർഫോഴ്സിൽ വിംഗ് കമാൻഡർ ആയി ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത വ്യക്തിയും ആയിരുന്നു. അത് കൊണ്ട് ഡൽഹിയിൽ നല്ല സ്വാധീനമുള്ള വ്യക്തിയും ആയിരുന്നു.
മിസ്റ്റർ രാമുണ്ണിയുടെ പിതാവ് മൂർക്കോത്ത് കുമാരൻ പ്രശസ്തനായ ഒരു എഴുത്തുകാരനും ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ആയിരുന്നു. രാമുണ്ണി അഡ്മിനിസ്റ്റ്റേറ്ററും അറിയപ്പെട്ട എഴുത്തുകാരനായിരുന്നു. കോളേജ് പഠന ശേഷം മദ്രാസ് ഫ്ലൈയിംഗ് ക്ലബ്ബിൽ ചേർന്ന് പഠിച്ചു മലയാളി ആയ ആദ്യത്തെ പൈലറ്റ് ആയി. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെതിരെ ബ്രിട്ടീഷ്കാർക്കു വേണ്ടി യുദ്ധ വിമാനം പറത്തി, പിന്നീട് ഇന്ത്യൻ എയർ ഫോസിൽ ചേർന്നു. ഐ എഫ് എ എസ് നൽകി പ്രധാനമന്ത്രിയുടെ ഓഫീസ്, നേപ്പാൾ, നാഗാലാൻഡ് എന്നിവിടങ്ങളിൽ ഗവർണറുടെ ഉപദേഷ്ടാവ്, കാബിനറ്റ് സെക്രട്ടറി എന്നീ പോസ്റ്റുകൾക്ക് ശേഷം 1961 ൽ ലക്ഷദ്വീപ് അഡ്മിനിസ്റ്റ്റേറ്റർ ആയി നിയമിച്ചു. നാഗാലാൻഡ് കാരിയായിരുന്നു ഭാര്യ. ഭരണ തന്ത്രജ്ഞം കൊണ്ടോ, സ്വാധീനം കൊണ്ടോ എന്തോ അഡ്മിനിസ്റ്റ്റേറ്റർ പദവി അദ്ദേഹത്തിനു തികച്ചും വ്യത്യസ്തമായിരുന്നു. എല്ലാം സ്വന്തം വക എന്ന പോൽ പണം ചെലവഴിക്കും. ചോദിക്കുന്നത്രയും ഫണ്ടും ലഭിച്ചിരുന്നു. ദ്വീപു വികസനത്തിനും വിദ്യാർഥികളുടെ താൽപര്യത്തിനും ഇന്ന് കാണുന്ന തടസ്സങ്ങൾ ഒന്നും തന്നെ അന്ന് ഇല്ലായിരുന്നു.
ലക്ഷദ്വീപിൽ വളരെ ഏറെ മാറ്റങ്ങൾ വരുത്തിയ ഭരണാധികാരി ആയിരുന്നു അഡ്മിനിസ്ട്രേറ്റർ മൂർക്കോത്ത് രാമുണ്ണി. അദ്ദേഹം എല്ലാ ദ്വീപുകളിലും വികസനപ്രവർത്തനങ്ങൾ തുടങ്ങി വെച്ചു. അമേനി ദ്വീപിൽ ഒരു എണ്ണ മില്ലും സോപ്പ് ഫാക്ടറിയും തുടങ്ങി. അഗത്തി ദ്വീപിൽ ഒരു കൈത്തറി തുണി ഫാക്ടറി തുടങ്ങി തോർത്ത് മുണ്ട്, ലുങ്കി എന്നിവ നിർമ്മാണം ആരംഭിച്ചു. കൽപേനിയിൽ ഒരു ബനിയൻ ഫാക്ടറി തുടങ്ങി. അന്ത്രോത്ത് ദ്വീപിൽ ഒരു എണ്ണ ആട്ടുന്ന ചക്കും തുടങ്ങി. എല്ലാ ദ്വീപിലും കയർ ഫാക്ടറികളും മത്സ്യ ബന്ധനവും ആരംഭിച്ചു. സഹകരണാടിസ്ഥാനത്തിൽ സൊസൈറ്റി തുടങ്ങി കച്ചവട സാധനങ്ങൾ കുറഞ്ഞ വിലക്ക് എല്ലാ ദ്വീപുകളിലും ലഭ്യമാക്കി. ഒരു റജിസ്റ്റ്രാറെയും നിയമിച്ചു. മിസ്റ്റർ വാസു ആയിരുന്നു ആദ്യത്തെ റജിസ്റ്റ്രാർ.
ആധുനിക മൽസ്യബന്ധനം പരിശീലനം നടത്തുന്നതിനായി മിസ്റ്റർ ജോർജ്ജ് വർഗ്ഗീസിനെ ആദ്യത്തെ ഫിഷറീസ് ഇൻസ്പെക്ടർ ആയി നിയമിച്ചു. പി ഡബ്ലിയു ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് എൻജിനീയറെയും നിയമിച്ചു. എഡുകേഷൻ ഓഫീസറേയും, കൃഷി വികസനത്തിന് ഒരു കൃഷി ഓഫീസറേയും നിയമിച്ചു. മിസ്റ്റർ സേതുമാധവൻ ആയിരുന്നു ആദ്യത്തെ കൃഷി ഓഫീസർ.
ലാൻഡ് സർവേ നടത്തുന്നതിനും റജിസ്റ്റ്റേഷൻ നടത്തുന്നതിനുമായി സർവ്വയർ പോസ്റ്റും പിന്നീട് സെറ്റിൽമെന്റ് ഓഫീസർ പോസ്റ്റും നിർമിച്ചു. എല്ലാ ദ്വീപുകളിലും പോലീസ് സബ് ഇൻസ്പെക്ടർ പോസ്റ്റും ഉണ്ടാക്കി. എല്ലാ വകുപ്പ് മേധാവികളും കേരളത്തിൽ നിന്നുള്ളവരായിരുന്നു. എന്നാൽ താഴെക്കിടയിൽ ഉള്ള ഉദ്യോഗസ്ഥൻമാരായി ദ്വീപുകാരെ നിയമിച്ചു. വിദ്യാഭ്യാസ യോഗ്യത കണക്കാക്കാതെ തന്നെ നിയമനങ്ങൾ നടത്തി.
കൽപേനിയിൽ ആറാം ക്ലാസ് പഠനത്തിന് ശേഷം പഠനം നിർത്തേണ്ടിവന്ന പലരേയും സബ് ഇൻസ്പെക്ടർ പോസ്റ്റിലേക്കും കൃഷി ഡമോൺസ്റ്റേറ്റർ പോസ്റ്റിലേക്കും നിയമിച്ചു എങ്കിലും ചിലർ വിസമ്മതിക്കുകയുണ്ടായി. പല പോസ്റ്റിംഗുകളും വാക്കാൽ ആയിരുന്നു. ചെറുതും വലുതും എല്ലാം അഡ്മിനിസ്റ്റ്റേറ്റർ നേരിട്ടാണ് നടത്തിയത്. എല്ലാ ദ്വീപുകളിലും വിജിലൻസ് എന്ന ദ്വീപുകാരുടെ ഗ്രൂപ്പ് ഉണ്ടാക്കി. അതിൽ പത്തോ പതിനഞ്ചോ ചെറുപ്പക്കാരെ നിയമിച്ചു. അവർക്ക് ശമ്പളം ഇല്ലായിരുന്നു. അഡ്മിനിസ്ട്രേറ്ററുമായി അടുത്ത ബന്ധം മാത്രം.
ബില്ലത്തിൽ നീന്തികുളിക്കാനും, വാട്ടർ പോളോ കളിക്കാനും രാമുണ്ണി അഡ്മിനിസ്റ്റ്റേറ്റർ സമയം കണ്ടെത്തിയിരുന്നു. മത്സ്യബന്ധനം അദ്ദേഹത്തിന്റെ ഒരു ഹോബി ആയിരുന്നു. ചെറിയ പാണിയിലും വലിയ പാണിയിലും മത്സ്യബന്ധനത്തിന് അദ്ദേഹം പോയിരുന്നു. പക്ഷിപിട്ടിയും മറ്റു ജനവാസം ഇല്ലാത്ത ദ്വീപുകളിലും അദ്ദേഹം ചെല്ലാറുണ്ടായിരുന്നു. ബിത്ര അദ്ദേഹത്തിന്റെ ഒരു ഓമന ആയിരുന്നു. മാസങ്ങളോളം കപ്പൽ അവിടെ കാത്തു നിന്ന് അവിടെ താമസിക്കുകയും ബില്ലത്തിൽ നീന്തി കുളിക്കുകയും, മത്സ്യ ബന്ധനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം അക്കാലത്ത് തലശ്ശേരിയിൽ ഒരു വീട് നിർമിച്ച് ബിത്ര എന്ന് അതിനു നാമകരണം ചെയ്തു. ആ വീട് നിർമ്മാണത്തിന് ആവശ്യമായ പല സാധനങ്ങളും വെളുത്ത പൂഴിമണലും ദ്വീപിൽ നിന്നും കപ്പലിൽ കൊണ്ടു പോയിരുന്നു എന്നും സംസാരമുണ്ട്.
വെക്കേഷൻ കഴിഞ്ഞു മേയ് മാസത്തിൽ ആദ്യവാരത്തോടെ തന്നെ ഞങ്ങൾ കപ്പലിൽ കോഴിക്കോട്ടിൽ എത്തി. കപ്പൽ ഒരു മൈൽ അകലെ നങ്കൂരം ഇട്ടു. വലിയ തോണിയിൽ ഞങ്ങൾ ഇറങ്ങി. എസ് എസ് എൽസി പരീക്ഷ കഴിഞ്ഞ ഞങ്ങൾക്ക് ഒരു ഹോസ്റ്റൽ കോഴിക്കോട്ടിൽ ആറാം ഗേറ്റിനടുത്ത് തുടങ്ങി വെച്ചിരുന്നു. ഓഫീസിൽ ഉള്ള ഒരു ക്ലാർക്ക് പി.പി.മേനോൻ ഞങ്ങളെയും കൂട്ടി ആറാം റയിൽവേ ഗേറ്റിലെ ഹോസ്റ്റലിലേക്ക് ചെന്നു കൊണ്ടാക്കി. ഹോസ്റ്റൽ ഒരു ഇരുനില പഴയ വീട്. സാമാന്യം വലിയ മുറ്റവും കൽമതിലും. അവിടെ മുകളിലത്തെ നിലയിൽ രണ്ടു വലിയ മുറികൾ ഉണ്ട്. മരത്തിന്റെ ഗോവണിക്കടിയിലും മുകളിൽ ഒരു ഭാഗത്തും ഓരോ പേർക്ക് താമസ സൗകര്യം ഉണ്ട്. അവിടം കിൽത്താൻ ദ്വീപുകാരനായ അന്ന് ബി എസ് സിക്ക് പഠിക്കുന്ന സെയ്ദ് മുഹമ്മദ്കോയ(കാത്ത) സ്ഥലം പിടിച്ചിരുന്നു. തുടക്കത്തിൽ അദ്ദേഹം തന്നെ ആയിരുന്നു ഞങ്ങളുടെ വാർഡൻ. സെയ്ദ് മുഹമ്മദ് കോയ യുമായി പരിചയപ്പെട്ടു. അദ്ദേഹം ഒരു നല്ല മനുഷ്യനും, സൽസ്വഭാവിയും, പരോപകാരിയും ആയിരുന്നു.
കിടപ്പ് മുറിയിൽ ചെറിയമേശ രണ്ടു മൂന്ന് എണ്ണം ഉണ്ട്. കിടപ്പ് ഞങ്ങൾ കൈവശം വെച്ചിരുന്ന കോതടി കിടക്കയിൽ നിലത്ത് തന്നെ. ഒരു വറ്റിയ തലയണയും. ഞങ്ങളുടെ ഇരുമ്പ് പെട്ടി തലഭാഗത്ത് വെച്ചു. താഴെ ഒരു മെസ്സ് ഹാൾ ഉണ്ട്. പഴയ ഡസ്ക്കും ചാരില്ലാത്ത ബെഞ്ചും. ഓടിട്ടതും കരിപിടിച്ചതും എട്ടുകാലി വല കെട്ടിയതുമായ മേൽകൂര യുള്ള മെസ് ഹാൾ. ആ വർഷം പെൺകുട്ടികൾ ആരും ഇല്ലാത്തതിനാൽ അവർക്ക് ഹോസ്റ്റൽ ആവശ്യം വന്നില്ല. കോഴിക്കോട്ട് എത്തുന്ന ദ്വീപുകാർ പലരും രാമുണ്ണി സാറിനെ കണ്ട് താമസത്തിനു സൗകര്യം ഇല്ല എന്ന് പരാതി പറഞ്ഞാൽ അവരേയും ആ ഹോസ്റ്റലിൽ താമസത്തിനു വിടും. ഭക്ഷണവും സൗജന്യമായി അവർക്കും ലഭിക്കും.
റെയിൽവേ ഗേറ്റിന്റെയും ഹോസ്റ്റലിന്റെയും ഇടക്ക് ഹോസ്റ്റൽ ബിൽഡിംഗിന്റെ തൊട്ടു പടിഞ്ഞാറ് ഭാഗത്തായി ഒരു പഴയ വീടും അവിടെ താമസിക്കുന്ന ഒരു യുവാവും അവരുടെ അമ്മയും ഒരു അൾസേഷ്യൻ പട്ടിയും ഉണ്ടായിരുന്നു. ഗേറ്റിനടുത്ത് ഒരു പലചരക്ക് കടയും. ആ കടയിലേക്ക് പോകാൻ സൗകര്യത്തിൽ ആ വീടിനും ഹോസ്റ്റലിനും ഇടയിലെ ചുമരിൽ ഒരു ചെറിയ ഗേറ്റ് ഉണ്ടായിരുന്നു. ആ ഗേറ്റിലൂടെ കടയിലേക്ക് പോകുന്നതും തിരികെ വരുന്നതും പതിവായി. ആ വീട്ടിലെ യുവാവ് എം എ പഠനം കഴിഞ്ഞു സിവിൽ സർവീസിനു പഠിച്ചു കൊണ്ടിരുന്നു. അദ്ദേഹം ആ വീടിനും ചുറ്റും നടന്നു പുസ്തകം കയ്യിൽ പിടിച്ച് വായനയും മനപാഠമാക്കുന്നതും നിത്യവും കാണാമായിരുന്നു. അദ്ദേഹത്തിനു പിന്നീട് ഐ എ എസ് ലഭിച്ചു എന്ന് അറിഞ്ഞു.
ഞാനുമായി അദ്ദേഹവും ആ അൾസേഷനും സൗഹൃദത്തിലായി. ഒരു ദിവസം ഞാൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരിച്ചു വരുമ്പോൾ കൈവശം വച്ചിരിക്കുന്ന ഒരു മിഠായി ആ അൾസേഷൻ പട്ടി കണ്ടു. അടുത്തു വന്നു വാ പൊളിച്ചതും ഞാൻ മിഠായി വായിലിട്ട് കൊടുത്തു. പട്ടി വായ അടച്ചതും എന്റെ വലതു കൈ തള്ള വിരൽ പല്ലിൽ തട്ടി നീളത്തിൽ മുറിഞ്ഞു. ഒന്നര ഇഞ്ച് നീളത്തിലും അസ്ഥിവരെ ആഴത്തിലും. ഞാൻ അമർത്തിപ്പിടിച്ച് ഓടി ഹോസ്റ്റലിൽ എത്തി. രക്തം കണ്ട് കുക്ക് നായർ വന്ന് അടുക്കളയിലെ ഒരു കരി കൊണ്ട് വന്ന് അതിൽ വെച്ചു വെള്ളം ഒഴിച്ചു കഴുകി. തുണി കൊണ്ട് കെട്ടി. രക്തം നിന്നു എങ്കിലും എല്ലാവരും തൊട്ടടുത്തുള്ള ഒരു ആശുപത്രിയിൽ പോകാൻ ഉപദേശിച്ചതനുസരിച്ചു അവിടെ ചെന്നു. അവിടെ വെച്ച് തുന്നി കെട്ടി ഡ്രസ്സ് ചെയ്ത് ഒരു ടീടി ഇൻജക്ഷൻ എടുത്തു. ആന്റിബയോട്ടിക്കും തന്നു പട്ടിയെ നിരീക്ഷിക്കാൻ പറഞ്ഞു വിട്ടു. മുറി ഉണങ്ങിയ പാട് അടുത്ത കാലം വരെ ഉണ്ടായിരുന്നു.
അന്ന് ലക്ഷദ്വീപ് തലസ്ഥാനം കോഴിക്കോട്ടിൽ തന്നെ. വെള്ളയിലെ ബീച്ചിനടുത്ത് റോഡ് സൈഡിൽ സാമാന്യം തരക്കേടില്ലാത്ത നല്ല വലിയ കോമ്പൗണ്ട് ഉള്ള, മൂന്ന് നില വാർക്ക കെട്ടിടം ആയിരുന്നു ഓഫീസ് . അതിന്റെ മുകളിലെത്തെ നിലയിൽ ആയിരുന്നു അഡ്മിനിസ്റ്റ്റേറ്റർ കുടുംബ സമേതം താമസിച്ചിരുന്നത്. അത് കൊണ്ട് ദ്വീപുകാർക്ക് എപ്പോൾ വേണമെങ്കിലും അവിടെ കയറി ചെന്നു പരാതി പറയാൻ അവസരവും ലഭിച്ചു. പ്രത്യേകിച്ച് വിദ്യാർഥികൾക്ക്. യാതൊരു വിധ സെക്യൂരിറ്റിയും അന്ന് അവിടെ കണ്ടില്ല. കുട്ടികളുടെ പ്രശ്നങ്ങൾ അറിയാൻ അഡ്മിനിസ്റ്റ്റേറ്റർ ഇടക്കിടെ ഹോസ്റ്റലിലും വന്നിരുന്നു.
1963 ൽ ഞാൻ മലബാർ കൃസ്ത്യൻ കോളേജിൽ പഠിക്കുമ്പോൾ കോഴിക്കോട്ടിൽ കസ്റ്റംസ് റോഡിൽ ബീച്ചിനടുത്ത് ഒരു ബുദ്ധവിഹാർ ഉണ്ടായിരുന്നു. അത് ഞങ്ങൾ ഹോസ്റ്റലിൽ നിന്നും ലക്ഷദ്വീപ് ഓഫീസിലേക്ക് പോകുന്ന വഴിയിലായിരുന്നു. ദിവസവും ആ കെട്ടിടവും, കുറെ ബുദ്ധ സന്യാസിമാരെയും കണ്ടുവെങ്കിലും അവരുമായി സംസാരിച്ചില്ല. ഒരു ദിവസം കെ.കെ.മുഹമ്മത്കോയയും പൊന്നേലം ശൈഖോയയും ഞാനും ആ വഴിയിൽ കൂടെ നടന്നു പോകുമ്പോൾ ആ ബുദ്ധവിഹാരം കാണാനായി അവിടെ ചെന്നു. അവിടെയുള്ള സന്യാസിമാരിൽ രണ്ടു പേരെ അവിടെ കണ്ടു. അവർ മലയാളികൾ ആയിരുന്നു. ഞങ്ങൾ ലക്ഷദ്വീപുകാരാണെന്ന് പരിചയപ്പെടുത്തിയപ്പോൾ അവർ പറഞ്ഞത് അവരുടെ പൂർവികർ ദ്വീപുകളിൽ നിന്നും വന്നവരാണ് എന്നാണ്. അന്ന് കൂടുതൽ അറിയാൻ താൽപര്യം ഇല്ലാത്തത് കൊണ്ട് കൂടുതലായി അന്വേഷിച്ചില്ല. പിന്നീട് അന്ത്രോത്തിൽ നിന്നും ബുദ്ധ പ്രതിമയുടെ ഭാഗങ്ങൾ ലഭിച്ചു എന്ന് അറിഞ്ഞപ്പോൾ അവരുടെ പൂർവ്വപിതാക്കൾ വിട്ടേച്ചുപോയതായിരിക്കും എന്നും കരുതി.
ഒമ്പതാം നൂറ്റാണ്ടിനു ശേഷം ബുദ്ധൻമാർക്ക് എതിരെ ഇന്ത്യ ഒട്ടും ക്കും നടന്നിരുന്ന കൂട്ട വംശഹത്യ കാലത്ത് മിക്ക ബുദ്ധ മത വിശ്വാസികളും താമസസ്ഥലം ഒഴിവാക്കി നാട് വിട്ടിരുന്നു. അക്കാലത്ത് കോഴിക്കോട്ട് നിന്നും ലക്ഷദ്വീപിലെ അന്ത്രോത്ത് ദ്വീപിൽ ചെന്നു താമസിച്ചവരുടെ പിൻഗാമികൾ പിന്നീട് സ്വൈരകാലത്ത് തിരിച്ചു കോഴിക്കോട്ട് തന്നെ ചെന്നു താമസിച്ചതായിരിക്കാനാണ് സാധ്യത. ഇന്ന് ആ ഭാഗത്ത് ബുദ്ധമത വിശ്വാസികളെ കോഴിക്കോട്ട് കാണാനില്ല. എന്നാൽ ആ കെട്ടിടം ബുദ്ധവിഹാർ എന്ന പേരിൽ ഇന്നും കാണാം. അത് പോലെ ചിന്താവളപ്പിനടുത്ത് ആര്യസമാജം വിശ്വാസികളുടെ ഒരു വീടും കണ്ടിരുന്നു. 1981ൽ ഒരു ദിവസം അവിടെ കയറി അവരുമായി വിശേഷങ്ങൾ പങ്കുവെച്ചു. അവർ ഏക ദൈവവിശ്വാസികളായത് കൊണ്ട് ബഹുദൈവവിശ്വാസികളിൽ നിന്നും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നും, അവരുടെ ആളുകൾ കോട്ടയത്ത് ഉണ്ടെന്നും അങ്ങോട്ടു മാറി താമസിക്കാൻ തയ്യാറായി നിൽക്കുകയാണ് എന്നും അവർ പറഞ്ഞു.
എന്റെ വലിയാപ്പ അഹ്മദീയ പ്രസ്ഥാനത്തിൽ ചേർന്നതിനാൽ ഇളയമ്മ ആമിനാബി എന്ന ബീത്താത്തയെ കോഴിക്കോട്ടിൽ വെള്ളയിൽ കടപ്പുറത്തിനടുത്തും, അവരുടെ അനിയത്തി സുബൈദാബിയെ മഞ്ചേശ്വരത്തിനടുത്ത് കാസർകോട് ജില്ലയിലെ ഉപ്പള എന്ന സ്ഥലത്തും ആണ് കല്യാണം കഴിച്ചു കൊടുത്തത്. സൗകര്യം കിട്ടുമ്പോൾ ഞാൻ വെള്ളയിൽ വരെ നടന്നു ഇളയമ്മ ബീത്താത്തയെ കണ്ടിരുന്നു.
കോഴിക്കോട് കടപ്പുറത്ത് വൈകുന്നേരം സമയം ചെലവഴിക്കുന്നതിനും, ദ്വീപുകാരുടെ ഓടം വരുമ്പോൾ നാട്ടുകാരായ ബന്ധുക്കളെ കാണാനും ചെല്ലാറുണ്ടായിരുന്നു. അന്ന് ബീച്ച് ഇന്നത്തെ പോലെ മോഡി പിടിപ്പിച്ചിരുന്നില്ല. എന്നാൽ കച്ചവടസംഘങ്ങളുടെ ജനത്തിരക്ക് കാണാമായിരുന്നു. ദ്വീപോടങ്ങളും, ഗൾഫിൽ നിന്നുള്ള ‘ബഖല’ എന്ന പത്തേന്മാരികളും എത്രയും കടലിൽ കാണാനാവും. വടക്ക് മാറി വെള്ളയിൽ തീരത്തിനടുത്ത് മത്സ്യബന്ധന ബോട്ടുകളും മീൻ കച്ചവടവും കാണാമായിരുന്നു. അതിന്റെ തിരക്കും അവിടെ കാണാം. ഓട്ടോ റിക്ഷകൾ കാണാനില്ലായിരുന്നു. ഒരു അംബാസിഡർ കാർ പലപ്പോഴും ബീച്ചിൽ കണ്ടിരുന്നു. റോഡിൽ അധികം കാറുകൾ ഇല്ലെങ്കിലും ലോറി, കൈവണ്ടി, റിക്ഷ വണ്ടി, സൈക്കിൾ റിക്ഷ, കുതിരവണ്ടി എന്നിവ സുലഭം. ബസ്സുകൾ ഉണ്ടെങ്കിലും അവകൾക്ക് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നിരുന്നു.
കോഴിക്കോടിനു അന്നും ഇന്നും മറ്റു ജില്ലകളെ അപേക്ഷിച്ച് അതിന്റെതായ സംസ്കാരവും രുചിയുള്ള ഭക്ഷണവും, അതിഥി സൽകാരവും നില നിൽക്കുന്നതായി കാണപ്പെടുന്നുണ്ട്. ദ്വീപുകാർ പലർക്കും പരിചയക്കാരുടെ വീടുകൾ ഉണ്ടായിരുന്നു. എന്റെ ബാപ്പയുടെ സുഹൃത്ത് ഒരു തമിഴ് നാട്ടുകാരനായ റാവുത്തർ മൂന്നാം ഗേറ്റിനടുത്ത് താമസിച്ചിരുന്നു. വലിയങ്ങാടിയിൽ തുണികച്ചവടം നടത്തിയിരുന്നവരായിരുന്നു അവർ. അവരുടെ വീടിനോട് ചേർന്ന് രണ്ട് മുറി സൗകര്യം ചെയ്ത് ബാപ്പക്ക് താമസിക്കാൻ നൽകിയിരുന്നു. അവിടെ പിന്നീട് ഞാനും താമസിച്ചിട്ടുണ്ട്.
ജൂൺ ഒന്നാം തീയതി പഠനം തുടങ്ങി
കൽപേനിയിൽ നിന്നും എനിക്കു പുറമെ അക്കര കോയ, എൻ.പി കാസ്മിക്കോയ, കെ.കെ.മുഹമ്മദ്കോയ എന്നിവരും മറ്റു ദ്വീപുകളിൽ നിന്നും അഞ്ചു പേരും കൂടി എട്ടു പേരുണ്ടായിരുന്നു.
ജ്യേഷ്ഠൻ ഇയ്യ ഒരു പൈലറ്റ് പേനയും ഒരു കാസിയോ വാച്ചും വാങ്ങി തന്നു. മഷി നിറക്കുന്ന പൈലറ്റ് പേന അന്ന് വിലയേറിയതും ഉൽകൃഷ്ടമായതുമായിരുന്നു .
അക്കാലത്ത് തുണി കടകൾ കുറവായിരുന്നു. ഉള്ളതിൽ തന്നെ വെള്ളയും ഇളം മഞ്ഞയും ഇളം ചുവപ്പും നിറമുള്ള ഷർട്ട് തുണികൾ അധികവും. പാന്റ് തുണികൾ കൂടുതലും കറുപ്പും വെളുപ്പും നിറം. കുറെ റയോൺസ് തുണികളും. കോട്ടണു പുറമെ പോളിസ്റ്റർ തുണികളും കാണാം. പോളി സ്റ്റാർ തുണി അന്ന് ടെർലിൻ തുണി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
എനിക്കു ഒരു കറുത്ത പാന്റ്സും വെള്ള ഷർട്ടും തൈപ്പിച്ചു. അന്ന് കോളേജിൽ പഠിക്കുന്നവരിൽ ഏറ്റവും പ്രായക്കുറവ് എനിക്ക് ആയിരുന്നു.
കോളേജിൽ പഠനം എല്ലാം ഇംഗ്ലീഷ് മീഡിയത്തിൽ. മലയാളം മാത്രം മലയാളത്തിൽ. പതിനൊന്നാം ക്ലാസ് വരെ മലയാളത്തിൽ മാത്രം പഠനം നടത്തിയ ദ്വീപു വിദ്യാർത്ഥികൾക്ക് അതൊരു കേറാമല തന്നെയായിരുന്നു. കോളേജിൽ എല്ലാ പുസ്തകങ്ങളും, ക്ലാസ് എടുക്കുന്നതും ഇംഗ്ലീഷിൽ തന്നെ എന്നത് ആദ്യത്തെ അനുഭവം. ഞങ്ങൾക്ക് ഇംഗ്ലീഷ് അക്ഷരമാല തന്നെ പഠിപ്പിച്ചു തുടങ്ങിയത് ആറാം ക്ലാസിൽ വെച്ച്. ഹൈസ്കൂളിൽ ഡിഗ്രി ഉള്ള അദ്ധ്യാപകർ തന്നെ വിരലിൽ എണ്ണാവുന്നവർ. കോളേജിലെ ഞങ്ങളുടെ ക്ലാസിൽ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്ന കുട്ടികളും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്നും പഠനം കഴിഞ്ഞു വന്നവരും ഉണ്ടായിരുന്നു. ആകെ രണ്ടു ബാച്ചുകൾ. ഞങ്ങളുടെ ബാച്ചിൽ 90 കുട്ടികൾ. പിറകിൽ ഇരിക്കുന്നവർക്ക് ക്ലാസിൽ പറയുന്നത് കേൾക്കാനും വയ്യ. എന്നാൽ ഞങ്ങൾക്ക് ഏതാണ്ട് പകുതിക്ക് മുമ്പിൽ തന്നെ ഇരിപ്പിടം ലഭിച്ചിരുന്നു. കാരണം പലർക്കും പിറകിലാണ് ഇഷ്ടം.
ക്ലാസിൽ പറയുന്നത് മനസ്സിലായില്ലെങ്കിലും പല അദ്ധ്യാപകരും നന്നായി നോട്ടുകൾ നൽകിയിരുന്നു. വി.ഐ.നൈനാൻ മാസ്റ്റർ ആയിരുന്നു കണക്ക് എടുത്തിരുന്നത്. എനിക്കു കണക്ക് നല്ല താൽപര്യം ഉള്ള വിഷയം ആയിരുന്നു. നല്ല മാർക്കും ലഭിക്കും. പലപ്പോഴും നൂറിൽ നൂറ്. യൂനിവേഴ്സിറ്റി പരീക്ഷയിൽ കണക്കിനു തൊണ്ണൂറ്റി എട്ട് മാർക്ക് കിട്ടി. അത് കൊണ്ട് സെക്കന്റ് ക്ലാസ് ലഭിക്കാനായി. ഹിസ്റ്ററി നോട്ട് ആറെണ്ണം മനപ്പാട്ടമാക്കിയതിൽ അഞ്ച് ചോദ്യവും വന്നു. അതിൽ അറുപതിൽ കുടുതൽ മാർക്ക് നേടി. മറ്റു വിഷയങ്ങളിൽ അൻപതിൽ താഴെ. ഹിസ്റ്ററി ക്ലാസ് എടുത്തിരുന്നത് ശ്രീധരൻ മാസ്റ്റർ ആയിരുന്നു. ഇംഗ്ലീഷ് എടുത്തിരുന്നത് പ്രിൻസിപ്പൽ പാവമണി സാർ തന്നെ. നല്ല ക്ലാസ് ആയിരുന്നു. അതും സഹായകമായി.
അന്ന് കോളേജിൽ എൻ സി സി നിർബന്ധമായിരുന്നു. നേവി ഇല്ലാത്തത് കൊണ്ട് ഞാൻ ആർമിയിൽ ചേർന്നു. മെഡിക്കൽ കോളേജിൽ നേവി മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് കൊണ്ട് രണ്ടും പഠിക്കാനും ആസ്വദിക്കാനും സാധിച്ചു.
പരീക്ഷ കഴിഞ്ഞു റിസൾട്ട് വരാൻ മൂന്നാഴ്ച എടുക്കും. അടുത്ത ക്ലാസ് തുടങ്ങുന്നത് വരെ കൽപേനിയിൽ ചെന്നു എന്നിട്ട് തിരികെ കോഴിക്കോട്ടിൽ എത്തി. റിസൽട്ട് പത്രമാപ്പീസിൽ നോട്ടീസ് ബോർഡിൽ തലേന്നു പതിക്കുമായിരുന്നു. പിറ്റേന്നാൾ ആയിരിക്കും പത്രത്തിൽ വരിക. ഞങ്ങൾ മാതൃഭൂമി പത്രമാപീസിൽ ചെന്നു. ഞാൻ തേർഡ് ക്ലാസ് അല്ലെങ്കിൽ തോൽവി എന്ന ധാരണയിൽ ആണ് ചെന്നത്. തേർഡ് ക്ലാസിൽ പേര് ഇല്ല. അപ്പോൾ തോറ്റു എന്ന് ഉറപ്പിച്ച് തിരക്കിൽ നിന്നും പിൻവാങ്ങി. കുറച്ചു കഴിഞ്ഞു ആരോ വിളിക്കുന്നത് കേട്ടു. സെക്കന്റ് ക്ലാസ് ഉണ്ട് എന്ന്. ചെന്നു നോക്കിയപ്പോൾ അതാ സെക്കന്റ് ക്ലാസ് ലിസ്റ്റിൽ. വിശ്വാസം വന്നില്ല. എനിക്കു പുറമെ അമേനി ദ്വീപിലെ കെ.കെ. പൂക്കോയക്കും സെക്കന്റ് ക്ലാസ് ലഭിച്ചു. അന്ന് സെക്കന്റ് ക്ലാസ് വലിയ ബഹുമതി ആണ്. കാരണം ഫസ്റ്റ് ക്ലാസ്സ് വിരലിൽ എണ്ണാവുന്നവർ മാത്രം. ദ്വീപിൽ നിന്നും ആർക്കും ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നില്ല.
പിറ്റേന്നാൾ ലക്ഷദ്വീപ് ഓഫീസിൽ ചെന്നു വിവരം പറഞ്ഞു. അധികം കഴിയാതെ മാർക്ക് ലിസ്റ്റ് കോളേജിൽ ചെന്നു വാങ്ങി. കോളേജ് പഠനത്തിന് അപേക്ഷ നൽകാൻ പറഞ്ഞതനുസരിച്ച് ഞാൻ കാലിക്കറ്റ് എഞ്ചിനീയറിംഗ് കോളേജിലേക്ക് പൂരിപ്പിച്ചു കൊടുത്തു. എനിക്കു എഞ്ചിനീയറിംഗ് സീറ്റ് ഉറപ്പാണ്. ഇതറിഞ്ഞ അഡ്മിനിസ്റ്റ്റേറ്റർ മൂർക്കോത്ത് രാമുണ്ണി വിളിപ്പിച്ചു. മെഡിക്കൽ കോളജിലേക്ക് അപേക്ഷ നൽകാൻ കൽപിച്ചു. അദ്ദേഹം പറഞ്ഞത് ലക്ഷദ്വീപിൽ ആകെ ഒരു എഞ്ചിനീയർ മതി. എന്നാൽ പത്ത് ഡോക്ടർമാരെ വേണം എന്ന്. അന്ന് എഞ്ചിനീയറിംഗ് കോളേജിൽ കൽപേനിയിൽ നിന്നും ആച്ചാമ്മാട കാസ്മിക്കോയ പഠിക്കുന്നുണ്ടായിരുന്നു.
അഡ്മിനിസ്റ്റ്റേറ്ററുടെ കൽപനക്ക് വഴങ്ങി വൈമനസ്യത്തോടെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് അപേക്ഷ നൽകി.
അതൊരു വഴിത്തിരിവ് ആയിരുന്നു. എന്റെ താൽപര്യത്തിനു വിരുദ്ധമായി. എല്ലാം വിധി പോലെ. അന്ന് മെഡിക്കൽ കോളജിൽ അഡ്മിഷൻ ഉറപ്പാണ്. മെഡിക്കൽ കോളേജിൽ 50% മാർക്ക് ആണ് വേണ്ടത്. ഷെഡ്യൂൾ ട്രൈബിനു 45% മതി. ലക്ഷദ്വീപിനു ഒരു വർഷം നാല് സീറ്റ് റിസർവ് ചെയ്ത് വെച്ചിട്ടുണ്ട്. ഞങ്ങൾ നാലുപേര് മാത്രം അപേക്ഷിച്ചു. എനിക്കു പുറമെ അന്ത്രോത്ത് നിന്നും എൻ.മുത്തുകോയ, കൽപേനിയിൽ നിന്നും കെ. കെ. മുഹമ്മദ് കോയ, ചേത്ത്ലാത്ത് ദ്വീപിൽ നിന്നും ബി. ശേക്കോയ എന്നിവർക്ക് സീറ്റ് കിട്ടി.
മെഡിക്കൽ കോളജ് ക്ലാസ് ആരംഭിക്കുന്നതിന് നാല് മാസം എടുക്കും. സെപ്തംബർ ആവുമെന്ന് അറിഞ്ഞു. കാലാവസ്ഥ കാലവർഷം ആരംഭിച്ചു. കപ്പൽ സർവ്വീസ് നിർത്തലാക്കി. അത് കൊണ്ട് ദ്വീപിൽ ചെന്നു തിരിച്ചെത്താൻ സാധ്യമല്ല. ഞങ്ങൾക്ക് സുഖമായി ഭക്ഷണം കഴിച്ച് ഹോസ്റ്റലിൽ താമസിക്കാം. അഡ്മിനിസ്ട്രേറ്റർ പറഞ്ഞു തൽക്കാലം നിങ്ങൾ നാലുപേരും കോളേജിൽ ബി എസ് സി ക്ക് പഠിക്കുക. മലബാർ ക്രിസ്ത്യൻ കോളേജ് മൂന്നു മാസത്തേക്ക് മാത്രമായി ഞങ്ങൾക്ക് സീറ്റ് നൽകി. ഞങ്ങൾ അങ്ങനെ ബി എസ് സി ബയോളജി യിൽ മൂന്നു മാസം പഠനം തുടങ്ങി.
മെഡിക്കൽ കോളേജിൽ ബി.ശേഖോയയുടെ അഡ്മിഷന് ഒരു പ്രശ്നം വന്നു. മാർക്ക് 45 ശതമാനത്തിലും കുറവാണ്. അതിനു അഡ്മിനിസ്ട്രേറ്റർ മൂർക്കോത്ത് രാമുണ്ണി നേരിട്ട് കേരള യൂണിവേഴ്സിറ്റിയിൽ ചെന്നു റജിസ്റ്റ്രാർ, വിസി, ഗവർണർ എന്നിവരെ കണ്ട് ആ വർഷത്തിലേക്ക് മാത്രം ആ ഒരു കുട്ടിക്ക് മാർക്ക് റിലാക്സ് ചെയ്ത് അഡ്മിഷൻ വാങ്ങി. അതാണ് രാമുണ്ണി സാറ്റൈൽ.
അതിനു മുമ്പത്തെ വർഷം കേന്ദ്ര ഗവൺമെന്റ് കോട്ടയിൽ രാജസ്ഥാനിലെ ഉദയപ്പൂർ അഗ്രികൽചറൽ കോളേജിൽ രണ്ടു സീറ്റു വാങ്ങി. അവിടം വരെ മിസ്റ്റർ പി.പി.മേനോൻ എന്ന് ക്ലർക്ക് ആ വിദ്യാർഥികളെ അനുഗമിച്ചു. പീച്ച്യത്ത് സെയ്ത് മുഹമ്മദ് കോയക്ക് അഡ്മിഷൻ ലഭിച്ചു. കൂടെ ഉള്ള വിദ്യാർത്ഥി പത്താം ക്ലാസിൽ ജയിക്കാത്തത് കൊണ്ട് തിരിച്ചയച്ചു. സെയ്ത് മുഹമ്മദ് കോയയെ ഹോസ്റ്റലിൽ അഡ്മിറ്റ് ചെയ്തു ഒരു സൈക്കിളും ഗവർമെന്റ് വാങ്ങി കൊടുത്തു സ്ഥലം പരിചയപ്പെടുന്നത് വരെ മേനോൻ ക്ലാർക്ക് ഒരു മാസക്കാലം അവിടെ തന്നെ താമസിച്ച് തിരിച്ചു വന്നു. അതും രാമനുണ്ണി സ്റ്റൈൽ.
ആഗസ്ത് മാസം അവസാനത്തോടെ ഞങ്ങൾ നാലു പേരും ആലപ്പുഴയിലേക്ക് പുറപ്പെട്ടു. യാത്രാ ചിലവിലേക്ക് അഡ്മിനിസ്ട്രേറ്റർ അഡ്വാൻസ് ആയി നല്ല ഒരു തുക ഞങ്ങൾക്ക് തന്നാണ് അയച്ചത്.
