കവരത്തി: ലക്ഷദ്വീപിൽ ആഴ്ചയിലൊരിക്കൽ ഏർപ്പെടുത്താൻ തീരുമാനിച്ച വാഹന നിയന്ത്രണം റമസാൻ മാസം കഴിയുന്നത് വരെ നടപ്പിലാക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർ ഹൈക്കോടതിയെ അറിയിച്ചു. ബുധനാഴ്ചകളിൽ വാഹനങ്ങൾ നിരോധിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവെയാണ് ഈ നിർണ്ണായകമായ അറിയിപ്പുണ്ടായത്. കേസ് മാർച്ച് 16-ന് കോടതി വീണ്ടും പരിഗണിക്കും.
ദ്വീപ് നിവാസികൾക്കിടയിൽ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ബുധനാഴ്ചകളിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ലക്ഷദ്വീപ് ഭരണകൂടം തീരുമാനിച്ചത്. ഈ മാസം 25-ാം തീയതി മുതൽ പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കാൽനടയാത്രയും സൈക്ലിംഗും പ്രോത്സാഹിപ്പിക്കുക വഴി ജനങ്ങളുടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക. അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും പ്രകൃതിരമണീയമായ ദ്വീപിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കുകയും ചെയ്യുക. വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഇന്ധന ഉപഭോഗത്തിൽ കുറവ് വരുത്തുക എന്നിങ്ങനെയായിരുന്നു ഭരണകൂടം മുന്നോട്ടുവെച്ച ലക്ഷ്യങ്ങൾ. എന്നാൽ ഈ നിയമം ലംഘിച്ച് വാഹനങ്ങൾ ബുധനാഴ്ച നിരത്തിലിറക്കുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആഹ്വാനം ചെയ്തിരുന്നു. നിലവിൽ റമസാൻ മാസത്തിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം നടപ്പിലാക്കുന്നത് നീട്ടിവെച്ചിരിക്കുന്നത് എന്ന് ഭരണകൂടം അറിയിച്ചു.
വാഹന നിയന്ത്രണം റംസാൻ കഴിയുന്നത് വരെ നടപ്പിലാക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർ
