വാട്ടർ മെട്രോ ഇനി ലക്ഷദ്വീപിലും

മട്ടാഞ്ചേരി: കൊച്ചിയിൽ വൻ വിജയം കൈവരിക്കുകയും, പൊതുജനസ്വീകാര്യ തയേറുകയും ചെയ്ത വാട്ടർ മെട്രൊ സർവ്വീസ് ഇനി ലക്ഷദ്വീപിലും വഴി തുറക്കു ന്നു. ടുറിസം വികസന ലക്ഷ്യവുമായി ലക്ഷ ദ്വീപിലെ വിവിധ ദ്വിപുകളിലേയ്ക്കുള്ള യാത്രാ സൗകര്യമായാണ് ജല മെട്രൊ സർവ്വീസ് ലക്ഷദ്വീപിൽ ആരംഭിക്കുന്നത്. ഇതിനുള്ള സാധ്യതാ പഠനം അന്തിമഘട്ടത്തിലാണ്. മിനികോയ്, കവരത്തി, അഗത്തി, കൽപേനി, ആന്ത്രോത്ത്, കട‌മത്ത് ദ്വീപുകളെ കോർത്തിണക്കിയുള്ള ജല മെട്രൊയാണ് ലക്ഷ്യമിടുന്നത്.

2026ൽ ലക്ഷദ്വീപിലെ ആദ്യഘട്ട ജല മെട്രൊ സർവ്വീസ് തുടങ്ങാനാണ് ആലോചന. കൊച്ചിക്ക് പിന്നാലെ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ ജല മെട്രൊ തുടങ്ങുന്നതിനോടോപ്പം ലക്ഷദ്വീപിലും സർവ്വീസ് തുടങ്ങാനാണ് ആലോചിക്കുന്നത്. രാജ്യത്ത് 21 ഓളം കേന്ദ്രങ്ങളിൽ ജലമെട്രൊ തുടങ്ങാനുള്ള സാധ്യത പഠനം പൂർത്തിയായിക്കഴിഞ്ഞു. വാട്ടർ മെട്രോ സർവീസ് വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത് കൂടി കണക്കിലെടുത്താണ് ലക്ഷദ്വീപ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വാട്ടർ മെട്രോ വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്.