വരൂ ബേപ്പൂരേക്ക്; ഐഎൻഎസ് കൽപ്പേനി കാണാം

കോഴിക്കോട്: അഞ്ചാം ബേപ്പൂർ രാജ്യാന്തര വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി ബേപ്പൂർ തുറമുഖത്തെത്തിയ നേവിയുടെ കപ്പലായ ഐഎൻഎസ് കൽപ്പേനിക്ക് വൻ വരവേൽപ്പ്. ഫെസ്‌റ്റിൻ്റെ ആദ്യ ദിവസം ഉച്ചയ്ക്ക് ശേഷം തുടങ്ങിയ കപ്പൽ പ്രദർശനം കാണാൻ നൂറ് കണക്കിനു പേരാണ് തുറമുഖത്ത് എത്തിയത്.
ക്രിസ്മസ് അവധിക്കാലമായതിനാൽ കുട്ടികളോടൊപ്പം കുടുംബസമേതമാണ് കൂടുതൽ പേരും എത്തിയത്. കപ്പലിൻ്റെ മുൻ വശത്തെ ഡെക്ക്, പിൻവശമായ ക്വാർട്ടർ ഡെക്ക്, കപ്പലിനകത്തെ സുരക്ഷ സംവിധാനങ്ങൾ, ആയുധങ്ങൾ എന്നിവ കാണാൻ അവസരവുമുണ്ട്. ലക്ഷദ്വീപിലെ കൽപ്പേനി ദ്വീപിന്റെ പേരിലുള്ള ഐഎൻഎസ് കൽപ്പേനി 2010 ന് ശേഷം കമ്മിഷൻ ചെയ്ത യുദ്ധ കപ്പലാണ്. തീരസംരക്ഷണം, കടൽ നിരീക്ഷണം, വേഗത്തിലുള്ള ആക്രമണ ദൗത്യങ്ങൾ എന്നിവയായിരുന്നു കൽപ്പേനിയുടെ പ്രധാന ചുമതലകൾ. ഇന്ത്യൻ നേവിയുടെ ഉത്പന്നങ്ങളായ കോട്ട്, തൊപ്പി, കീചെയിൻ തുടങ്ങിയവ ഉൾപ്പെടുന്ന പ്രദർശനവും വിൽപനയും ഇതിനൊപ്പമുണ്ട്.
ഒപ്പം തന്നെ തുറമുഖത്ത് തീരസംരക്ഷണ സേനയുടെയും പൊലീസ് അർമർ വിങ്ങിന്റെയും സോഷ്യൽ പൊലീസിങ്ങിന്റെയും സ്‌റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഈ സ്‌റ്റാളുകളിലും ആദ്യ ദിവസം തന്നെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
സുരക്ഷ ഉപകരണങ്ങളും നാവിഗേഷൻ ഉപകരണങ്ങളുമാണ് ഇവിടെ പ്രധാനമായി പ്രദർശനത്തിനുള്ളത്. പ്രവേശനം സൗജന്യമാണ്.