ചെത്ത്ലാത്ത്: “വികസിത ഭാരത് @2047” എന്ന പദ്ധതിയുടെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്നതിനിടെ ഈ പദ്ധതികളിൽ ദ്വീപുകാരുടെ പങ്കാളിത്തമില്ലെന്നും ജനാധിപത്യ മാനദണ്ഡങ്ങൾ അവഗണിക്കപ്പെടുകയാണെന്നും ആരോപിച്ച് കിൽത്താൻ സ്വദേശി വാജിബ് പി.പി കത്ത് നൽകി.
ചെത്ത്ലാത്ത് ദ്വീപിലെ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർക്ക് നല്കിയ കത്തിൽ അധികൃതർ ഏകപക്ഷീയമായി പദ്ധതികൾ നടപ്പിലാക്കുന്നത് ജനങ്ങളോട് ആശയവിനിമയം നടത്താതെയാണെന്നും, രാഷ്ട്രീയ പ്രാതിനിധ്യമില്ലാത്ത ദ്വീപുകളിൽ ഭരണകൂടം ഭരണഘടനാവിരുദ്ധമായി പെരുമാറുന്നതായും ആരോപിക്കുന്നു. പഞ്ചായത്തുകളുടെ കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പുകൾ നടക്കാത്തത്, പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ പരിപാടികൾക്കുമുള്ള നിയന്ത്രണങ്ങൾ, ഭൂമി കൈയേറ്റ പ്രശ്നങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലെ അവസ്ഥ എന്നിവ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. “ലക്ഷദ്വീപിന്റെ ഭാവി വികസനങ്ങൾ ദ്വീപുകാർ തിരഞ്ഞെടുത്ത ജനപ്രതിനിധികളുടെ നേതൃത്വത്തിലായിരിക്കണം” എന്ന ആവശ്യം വാജിബ് ഉന്നയിച്ചു.
കത്തിന്റെ പൂർണ്ണ രൂപം:
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ പുതിയ നോട്ടിഫിക്കേഷനിൽ “വികസിത ഭാരത് @2047” എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നതായി അറിയുന്നു. സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികത്തിലേക്കുള്ള രാജ്യത്തിന്റെ ദൗർലഭ നേട്ടങ്ങളെ കുറിച്ച് പറയാനാണ് ഈ പരിപാടിയെന്നാണ് അവകാശം. എന്നാൽ, ലക്ഷദ്വീപിന് വേണ്ടതെന്ത് എന്ന ചോദ്യത്തിന് ഒറ്റ വാക്കിലോ അല്ലെങ്കിൽ പോയിന്റ് to പോയിന്റ് ആയിട്ടൊ ഉത്തരം നൽകാൻ പ്രയാസമാണ്. കാരണം ലക്ഷദ്വീപിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ഇന്നും സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തെ ഓർമ്മിപ്പിക്കും വിധം തന്നെയാണെന്ന് ഓരോ പൊതു മേഖലകളും പരിശോധിക്കുമ്പോൾ മനസിലാക്കാൻ സാധിക്കും.
വികസനം വേണം, പക്ഷേ എവിടെയാണ് ജനങ്ങളുടെ പങ്കാളിത്തം?
ഇവിടെ ഒരു ജനതയുടെ ഭൂമി പണ്ടാരം ഭൂമിയെന്ന പേരിൽ സർക്കാർ കയ്യടക്കുന്ന നടപടികളാണ് നടക്കുന്നത്, ഇപ്പോഴും ലക്ഷദ്വീപിന്റെ 60% ഭൂമിയും പണ്ടാരമാണ് എന്ന് സർക്കാർ പറയുന്നു. ആരാണ് ഇവിടെ തീരുമാനം എടുക്കുന്നത്? പദ്ധതി രൂപകൽപ്പന ചെയ്യുന്നത്? വികസനം ജനകീയമായിരിക്കണം. ആ പ്രദേശത്തെ സമൂഹത്തെ ഉൾപ്പെടുത്തി, അവരുടെ സംസ്കാരവും ജീവിതരീതിയും സംരക്ഷിച്ചു കൊണ്ടല്ലേ ഒരു ജനാതിപത്യ രാജ്യത്ത് വികസനങ്ങൾ നടത്തേണ്ടത്?
ഏകപക്ഷീയമായ തീരുമാനങ്ങൾ, രാഷ്ട്രീയ പ്രാതിനിധ്യം ഇല്ലാതെ, ജനാധിപത്യ സംവിധാനങ്ങൾ അവഗണിച്ച് നടത്തുന്ന പരിപാടികൾ തള്ളിപ്പറയേണ്ടത് തന്നെയാണ്. ഏതായാലും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 100ആം വാർഷികത്തിന്റെ ഭാഗമായി എങ്കിലും ലക്ഷദ്വീപുകാരുടെ അഭിപ്രായങ്ങൾ ആരാഞ്ഞു കൊണ്ടുള്ള ഒരു നോട്ടീസ് കണ്ടപ്പോൾ ദ്വീപുകാരായ ജനങ്ങൾക്ക് വളരെ അധികം കൗതുകവും പ്രതീക്ഷകളും ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ ജനാതിപത്യ ഭരണ സംവിധാനങ്ങൾ എത്താത്ത പ്രദേശങ്ങളാണ് ലക്ഷദ്വീപ് അടക്കമുള്ള ഇന്ത്യയിലെ കേന്ദ്ര ഭരണപ്രദേശങ്ങൾ. ഒരു പ്രദേശത്തെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജന പ്രതിനിധികൾക്ക് ഭരണ വ്യവസ്ഥയിൽ ഒരു തരത്തിലുള്ള പങ്കാളിത്തവും നൽകാതെ കേന്ദ്രത്തിൽ ആരാണോ ഭരണം നടത്തുന്നത് അവർ തന്നെ ഈ പ്രദേശങ്ങളിലും ഭരണം നടത്തുക എന്ന ജനാതിപത്യ വിരുദ്ധവും സോച്ഛാധിപത്യ രീതിയുമാണ് ഇവിടങ്ങളിലെല്ലാം നടന്നു വരുന്നത്.
ലക്ഷദ്വീപിലെ ആരോഗ്യ മേഖലകളിലെ ശോചനീയവസ്ഥയും ഗതാഗത മേഖലകളിലെ താളം തെറ്റിയുള്ള സംവിധാനങ്ങളും തൊഴിൽ മേഖലകളിലുള്ളവർ അനുഭവിക്കുന്ന ദാരിദ്ര്യവുമെല്ലാം സൂചിപ്പിക്കുന്നത് ദ്വീപിലെ ജനങ്ങളെ മറന്നു കൊണ്ടുള്ള ഏകാധിപത്യ ഭരണ സംവിധാനത്തെ തന്നെയാണ്.
പ്രസിഡന്റ് നിയമിക്കുന്ന അഡ്മിനിസ്ട്രേറ്റർക്കും അഡ്മിനിസ്ട്രേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും ഭരണ വ്യവസ്ഥയിൽ അധികാരം നൽകുകയും ജനങ്ങളെ രണ്ടാം തരം പൗരന്മാർ ആക്കുകയുമാണ് ഇവിടെ ചെയ്തു കൊണ്ടിരിക്കുന്നത്.
നമ്മൾ താമസിക്കുന്ന വീടിന്റെ ഗൃഹ നാഥൻ നമ്മുടെ ഭാഷ പോലും അറിയാത്ത ആളാണെങ്കിൽ എങ്ങനെ ആ വീട്ടിൽ നമ്മൾ താമസിക്കും..?
എവിടന്നോ വരുന്ന ഒരാൾ നമ്മുടെ വീടും വീട്ടുകാരെയും നിയന്ത്രിക്കുന്നതിന് സമമാണ് ജനാതിപത്യ രാജ്യമെന്ന് പറയുന്ന ഇന്ത്യയിലെ ഏകാധിപത്യ പ്രദേശങ്ങളുടെ അവസ്ഥ…ഒരുപാട് ഡിപ്പാർട്മെന്റുകളുടെ ലിസ്റ്റും അവയ്ക്ക് വേണ്ട മാറ്റങ്ങളും അഭിപ്രായങ്ങളും എഴുതി അറിയിക്കാൻ പറയുമ്പോൾ അതിനെല്ലാം മുൻപ് ലക്ഷദ്വീപിൽ വേണ്ടത് ജനാധിപത്യമാണ് എന്ന് പറയാനാണ് ഞാൻ ഈ കത്ത് എഴുതുന്നത്.
ദ്വീപികളിൽ ജനാധിപത്യത്തിന്റെ ചെറിയൊരു അംശമെന്നോണം ഉണ്ടായിരുന്ന പഞ്ചായത്തുകളിലെ കാലാവധി കഴിഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഒരു തിരഞ്ഞെടുപ്പ് പോലും നടത്താതെയാണ് സ്വാതന്ത്ര്യത്തിന്റെ 100ആം വാർഷികം ലക്ഷദ്വീപ് അടക്കമുള്ള പ്രദേശങ്ങളിൽ രാജ്യം ആഘോഷിക്കാൻ ഒരുങ്ങുന്നതെന്നും ഓർക്കേണ്ടതുണ്ട്.
ഇന്ത്യൻ ഭരണഘടനയെ തിരസ്ക്കരിക്കുന്ന ഒരു സർക്കാർ ഇന്ത്യയിൽ ഉണ്ടാവാൻ പാടില്ലാത്തതാണ്. നിർഭാഗ്യവശാൽ ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 19(1)(d)യിൽ പറയുന്ന സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന ഒരു ഭരണ സംവിധാനമാണ് ലക്ഷദ്വീപ് ജനങ്ങളുടെ കാര്യങ്ങളിൽ ഇന്ന് തീരുമാനങ്ങൾ എടുക്കുന്നത് എന്ന ഒരു വസ്തുതയും നമുക്ക് മുന്നിൽ ഉണ്ട് എന്നുള്ളതാണ് സത്യം.
ലക്ഷദ്വീപിൽ ഒരു പ്രതിഷേധമോ സമരമോ മറ്റെന്തെങ്കിലും രാഷ്ട്രീയ സാമൂഹിക പരിപാടികൾ നടത്തണമെങ്കിൽ പോലും 48 മണിക്കൂർ ഉദ്യോഗസ്ഥരുടെ അനുമതിക്ക് വേണ്ടി കാത്തിരിക്കണം. വിദ്യാഭ്യാസ മേഖലകളിൽ ഈയടുത്തായി നടന്ന പല പരിഷ്കാരങ്ങളും അഡ്മിനിസ്ട്രേഷന്റെ മാത്രം താത്പര്യങ്ങളായിരുന്നു.
വിദ്യാർത്ഥി സംഘടനകൾക്കോ, അധ്യാപക, രക്ഷിതാക്കളുടെ സംഘടനകൾക്കോ യാതൊരു വിധ അഭിപ്രായ പ്രകടനത്തിനും സാധ്യമാകാത്ത ഒരു സ്ഥിതിയാണ് ഈ മേഖലകളിലെല്ലാം ഇന്നും നില നിൽക്കുന്നത്.ഇങ്ങനെ ലക്ഷദ്വീപിലെ ഓരോ മേഖലകളും എടുത്തു പരിശോധിക്കുമ്പോൾ കാണാൻ കഴിയുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് പറയുന്നത് ജനാധിപത്യത്തിൽ നിന്നും ജനങ്ങളുടെ സ്വാതന്ത്ര്യത്തിൽ നിന്നുമുള്ള ഭരണ കൂടത്തിന്റെ അകൽച്ച തന്നെയാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് നമ്മൾ അഹങ്കരിക്കുന്ന ഇന്ത്യ മഹാരാജ്യത്തിന്റെ ഭാഗമായ ലക്ഷദ്വീപിൽ രാജ്യത്തിന്റെ 100 വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്ന ഈ ഘട്ടത്തിലും ജനാധിപത്യ സംവിധാനങ്ങൾ ഇല്ലന്ന് നമുക്ക് സമ്മതിക്കേണ്ടി വരും.
ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും ഭരണഘടനാ വിഭാവനം ചെയ്യുന്ന സ്വതന്ത്ര്യം നമുക്ക് ഇല്ലെന്ന് നടുവീർപ്പ് ഇടേണ്ടി വരും.ലക്ഷദ്വീപിന് ആവശ്യം ലക്ഷദ്വീപുകാർ തിരഞ്ഞെടുത്ത ജനപ്രതികളുടെ ഭരണ സംവിധാനമാണ്. ആ ജനാധിപത്യ സംവിധാനത്തിലൂടെയാവണം ലക്ഷദ്വീപിലെ വികസനങ്ങൾ ചർച്ച ചെയ്യേണ്ടത്. ലക്ഷദ്വീപിലെ സാമൂഹികവും പരിസ്ഥിതി സൗഹൃദവുമായ ജനകീയ വികസനങ്ങൾ ഇവിടെ ഉണ്ടാവണമെങ്കിൽ അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥ ഭരണം അവസാനിപ്പിച്ചു കൊണ്ട് ജനാധിപത്യ ഭരണ വ്യവസ്ഥയ്ക്ക് കൂടുതൽ പരിഗണനയും മുൻതൂക്കവും നൽകേണ്ടത് അത്യാവശ്യമാണ് എന്നാണ് ഒരു സാധാരണ ദ്വീപുകാരൻ എന്ന നിലയിൽ എന്റെ വിലയിരുത്തൽ.
- വാജിബ് പി.പി
പള്ളിപ്പുറം ഹൗസ്, കിൽത്താൻ
