കോട്ടയം: ലക്ഷദ്വീപിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽത്സയ്ക്ക് എത്തിയ ഷെമീന ബീഗം (41) ശസ്ത്രക്രിയയ്ക്കുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. കെട്ടിടം ഇടിഞ്ഞതിൻറെ മറവിൽ ശസ്ത്രക്രിയ നടത്താതെ ഇവരെ നിർബന്ധിച്ച് പറഞ്ഞുവിടാനും നീക്കമുണ്ടായി. ഇത് വിവാദമായതിനെത്തുടർന്ന് മന്ത്രിമാർ, നിർബന്ധിച്ച് ഇവരെ വിടില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
വിടുതൽ വാങ്ങി മറ്റെവിടെയെങ്കിലും ചികിത്സ തേടാനാണ് രാവിലെ ആശുപത്രി അധികൃതർ ഷെമീനയുടെ ബന്ധുക്കളോട് പറഞ്ഞത്. ടെറസിൽ നിന്ന് വീണ് കഴുത്തിലും കാലിനും പരിക്കേറ്റാണ് ഒരുമാസം മുമ്പ് ഷെമീനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.
കാലിന് ശസ്ത്രക്രിയ നടത്തിയെങ്കിലും, കഴുത്തിലെ ശസ്ത്രക്രിയ നടത്താതെ ആശുപത്രി അധികൃതർ നീട്ടിക്കൊണ്ടുപോകുകയായിരുന്നു. അടുത്തദിവസം ചെയ്യാമെന്ന് എല്ലാ ദിവസവും പറയുന്നുണ്ടെങ്കിലും ഒരു മാസമായിട്ടും ശസ്ത്രക്രിയ നടന്നിട്ടില്ല. ഭർത്താവും സഹോദരനും മകളുമടങ്ങുന്ന കുടുംബം കരുതിയിരുന്ന ഒരു ലക്ഷത്തോളം രൂപ ഇതിനകം ചെലവായി. കോട്ടയത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത ഇവർ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. തിരികെ ലക്ഷദ്വീപിലേക്ക് പോകണമെങ്കിൽ എറണാകുളത്തെത്തി കപ്പൽ സമയത്തിന് കാത്തുനിൽക്കണം. ശസ്ത്രക്രിയ നടത്താതെ മടങ്ങാനാകാത്ത സ്ഥിതിയിലാണ് കുടുംബം.
കടപ്പാട്: മാതൃഭൂമി
ലക്ഷദ്വീപ് സ്വദേശിനിയെ ചികിത്സിക്കാതെ തിരിച്ചയയ്ക്കാൻ ശ്രമം
