ലക്ഷദ്വീപ് കപ്പൽ ടിക്കറ്റുകൾ ഇനി IRCTC വഴി; നാളെ മുതൽ രജിസ്‌ട്രേഷൻ

കൊച്ചി: ലക്ഷദ്വീപ് കപ്പൽ യാത്രയിലെ ടിക്കറ്റ് ബുക്കിംഗ് ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം ഒരുങ്ങുന്നു. ഇനി റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ഐ.ആർ.സി.ടി.സി. (IRCTC) സംവിധാനം ഉപയോഗിക്കുന്നതുപോലെ തന്നെ ലക്ഷദ്വീപ് കപ്പൽ ടിക്കറ്റുകളും സുതാര്യമായ രീതിയിൽ ഓൺലൈൻ വഴി ലഭ്യമാകും.

ഐ.ആർ.സി.ടി.സി.യുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പുതിയ സംവിധാനത്തിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ ഉപയോക്തൃ രജിസ്‌ട്രേഷൻ ആരംഭിക്കുന്നതായി അധികൃതർ അറിയിച്ചു. www.lakshadweep.irctc.co.in എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്‌ട്രേഷൻ നടത്താവുന്നത്.

ടിക്കറ്റിംഗ് സംബന്ധിച്ച പ്രധാന വിവരങ്ങൾ:

Advance Reservation Period (ARP):7 മുതൽ 30 ദിവസത്തിനകം മുൻ‌കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം.

ശിശുക്കൾക്കും കുട്ടികൾക്കും: 2 വയസുവരെ ഉള്ള ശിശുക്കൾക്ക് ₹5 മാത്രമേ ഈടാക്കൂ, എന്നാൽ സീറ്റ് അനുവദിക്കില്ല. 2-12 വയസ്സ് വരെയുള്ള കുട്ടികൾക്ക് സീറ്റ് അനുവദിക്കും, എന്നാൽ മുതിർന്നവരുടെ നിരക്കിന്റെ 50% മാത്രം അടയ്ക്കേണ്ടിവരും.

കുടുംബാംഗങ്ങൾക്കായി മാത്രം ബുക്ക് ചെയ്യാം: മാതാപിതാക്കൾ, മുത്തശ്ശൻ-മുത്തശ്ശി, ജീവിത പങ്കാളി, മക്കൾ, സഹോദരങ്ങൾ എന്നിവർക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക. സുഹൃത്തുക്കൾക്കും ദൂരബന്ധുക്കൾക്കുമായി ടിക്കറ്റ് എടുക്കാൻ കഴിയില്ല.

രജിസ്‌ട്രേഷൻ ചെയ്യാവുന്നവർ: ദ്വീപ് നിവാസികൾ (Islanders), ദ്വീപിനു പുറത്തുള്ള നിവാസികൾ (Non-Resident Islanders), സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, ടൂറിസ്റ്റുകൾ (Permit Holders) എന്നിവർക്ക് രജിസ്‌ട്രേഷൻ ചെയ്യാം. ഓരോരുത്തരും അവരുടെ ആധാർ നമ്പറിന്റെ അവസാന 4 അക്കങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം.

അക്കൗണ്ടിൽ ബന്ധിപ്പിക്കാവുന്ന കുടുംബാംഗങ്ങൾ:പരമാവധി 10 അടുത്ത ബന്ധുക്കളെ മാത്രം അക്കൗണ്ടിൽ ചേർക്കാൻ സാധിക്കും.

ഒരു ടിക്കറ്റിൽ ബുക്ക് ചെയ്യാവുന്ന യാത്രക്കാരുടെ എണ്ണം: പരമാവധി 5 പേർക്ക് ടിക്കറ്റ് എടുക്കാം, എന്നാൽ അവർ നിങ്ങളുടെ മാസ്റ്റർ പാസഞ്ചർ ലിസ്റ്റിൽ ഉണ്ടായിരിക്കണം.

ഏജന്റുമാർക്ക് ബുക്ക് ചെയ്യാനാവില്ല: യാത്രക്കാർക്ക് സ്വന്തം പേരിൽ മാത്രം ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് കൈമാറ്റം (transfer) ചെയ്യാൻ സാധിക്കില്ല.

പുതിയ സംവിധാനം ലക്ഷദ്വീപ് യാത്രക്കാർക്കും സന്ദർശകർക്കും ഏറെ ആശ്വാസകരമായ മാറ്റമാകുമെന്ന് പ്രതീക്ഷിക്കുന്നു.