ലക്ഷദ്വീപിൽ റിക്രൂട്ട്മെൻ്റ് റൂൾ (ആർ.ആർ) പ്രകാരമുള്ള പോർട്ട് ഓഫീസർ നിയമനം അനിവാര്യമാണെന്ന് കേരളാ ഹൈക്കോടതി

എറണാകുളം:ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപും മെയിൻലാൻഡും തമ്മിലുള്ള യാത്രാസൗകര്യങ്ങൾ സംബന്ധിച്ച ഹർജിയിൽ, യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ആർ ആർ പ്രകാരം യോഗ്യരായ ഡയറക്ടറേയും പോർട്ട് ഓഫീസറേയും സ്ഥിരമായി നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. കിൽത്താൻ ദ്വീപിലെ ജിയാദ് ഹുസൈൻ ,മഹദാ ഹുസൈൻ ,അഹ് മദ് അബ്ദുൽ ജലീൽ എന്നീ യുവാക്കൾ ചേർന്ന് നടത്തുന്ന നിയമ പോരാട്ടമാണിത്. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാംകുമാർ വി.എം. എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അഡ്വ അജിത് ജി അഞ്ചർലേക്കറാണ് ഹർജിക്കാർക്ക് വേണ്ടി കോടതിയിൽ ഹാജരായത്.
2023ലെ WP(C) 43465 നമ്പർ ഹർജിയിലും 2025ലെ WP(C) 10421 നമ്പർ അനുബന്ധ ഹർജിയിലുമാണ് കോടതി ഇടപെടൽ. കിൽത്താൻ ദ്വീപിൽ നിന്ന് മെയിൻലാൻഡിലേക്ക് കൂടുതൽ കപ്പൽ ബന്ധം ഉറപ്പാക്കണം എന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആവശ്യം .


ഭാഗിക പരിഹാരം ലഭിച്ചതായി ഹർജിക്കാർ.
ഹർജിയിക്കാർ ആവശ്യപ്പെട്ട പ്രകാരം 1 മുതൽ 3 വയസുവരെയുള്ള കുട്ടികൾക്ക് യാത്രാ ഇളവുകൾ അനുവദിക്കുന്ന വിഷയത്തിൽ ഭരണകൂടം അനുകൂല നടപടി സ്വീകരിച്ചതായി ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ ഹർജിയിലെ ഒരു ഭാഗം പരിഹരിക്കപ്പെട്ടതായി കോടതി രേഖപ്പെടുത്തി .
എന്നാൽ, തുറമുഖ–ഷിപ്പിംഗ് വിഭാഗങ്ങളുടെ കാര്യക്ഷമ പ്രവർത്തനത്തിന് അനിവാര്യമായ ഡയറക്ടർ, പോർട്ട് ഓഫീസർ തസ്തികകളിൽ നിയമനം ഇതുവരെ പൂർത്തിയാക്കാത്തത് ഗുരുതരമായ പ്രശ്നമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.


2025ലെ അനുബന്ധ ഹർജിയിൽ, നിലവിലെ നിയമനങ്ങൾ റിക്രൂട്ട്‌മെന്റ് ചട്ടങ്ങൾ അനുസരിച്ചല്ല നടന്നതെന്ന് ഹർജിക്കാർ വാദിച്ചു. യാത്രക്കാരുടെ സുരക്ഷയും കപ്പൽ സർവീസുകളുടെ കാര്യക്ഷമതയും ഉറപ്പാക്കാൻ യോഗ്യരായ ഉദ്യോഗസ്ഥരെ ആർ ആർ പ്രകാരം സ്ഥിരമായി നിയമിക്കണം എന്നതാണ് കോടതിയുടെ നിലപാട് .
വകുപ്പ് തലത്തിലുള്ള ഒഴിവുകളുടെ സ്ഥിതി, പോർട്ട് ഡയറക്ടർ സ്ഥാനത്തേക്ക് ഇതുവരെ നടത്തിയ നിയമനങ്ങൾ എന്നിവ സംബന്ധിച്ച വിശദമായ സത്യവാങ്മൂലം മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടത്തോട് കോടതി നിർദേശിച്ചു.