ലക്ഷദ്വീപിലെ മലയാളം മീഡിയം നിലനിൽപ്പും അപകടത്തിൽ !

ലക്ഷദ്വീപിലെ വിദ്യാഭ്യാസ രംഗത്ത് വലിയ വിവാദങ്ങൾക്കാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ തുടക്കമായത്. അറബിയും മഹലും ഒഴിവാക്കുന്ന ത്രീ-ലാംഗ്വേജ് ഫോർമുല (TLF) നടപ്പാക്കാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടതിനെതിരെ എൻ എസ് യു ഐ പ്രസിഡൻറ് അജാസ് അക്ബർ പി.ഐ. സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ, കേരള ഹൈക്കോടതി ശ്രദ്ധേയമായ ഇടപെടലാണ് നടത്തിയത്. അറബി–മഹൽ ഭാഷകൾക്കെതിരെ ഭരണകൂടം സ്വീകരിച്ച നിലപാടുകൾ മാത്രമല്ല, മലയാളം മീഡിയത്തിൻ്റെയും നിലനിൽപ്പിനെയൂം ഗൗരവമായ സ്ഥിതിയിലാണ് ഭരണകൂടം എത്തിച്ചിരിക്കുന്നത്.

ഹൈക്കോടതിയുടെ നിർണായക ഇടപെടൽ

ഹർജിയിൽ പ്രാഥമികമായി കോടതി വിശദമായി നിരീക്ഷിച്ചതും, ഭരണകൂടം മാറ്റം വരുത്തിയത് യാതൊരു പഠനവുമില്ലാതെ, സാംസ്കാരികമായി ആഴമുള്ള ഭാഷകളെ ഒഴിവാക്കുന്നതായും, തദ്ദേശീയ സാഹചര്യം അവഗണിച്ചുള്ള നടപടിയാണെന്നും വ്യക്തമാക്കി. ജൂൺ 9-നു പ്രഖ്യാപിച്ച ഇടക്കാല ഉത്തരവിൽ, ഈ ഭാഷാ മാറ്റങ്ങൾ നടപ്പാക്കുന്നത് താൽക്കാലികമായി തടഞ്ഞു. നിലവിലുള്ള ഭാഷാ രീതി തുടരണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

മലയാളം മീഡിയത്തിനും ഭീഷണി

കേസ് വാദത്തിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വക്കീൽ കോടതിയിൽ നൽകിയ നിലപാട്, “ദ്വീപുകളിലെ എല്ലാ സ്കൂളുകളെയും സിബിഎസ്ഇ പാറ്റേണിലേക്ക് മാറ്റുന്നതിനുള്ള പ്രക്രിയയിലാണ് അഡ്മിനിസ്ട്രേഷൻ” എന്നതാണ്. എന്നാൽ കഴിഞ്ഞ വർഷം ഇതിൻ്റെ ഭാഗമായി നൽകിയിരുന്ന ഉത്തരവ് തന്നെ കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ആ കേസ് ഇപ്പോഴും തുടരുകയാണ്. അതിനാൽ നിലവിൽ സിബിഎസ്ഇ പാറ്റേണിലേക്ക് പൂർണ്ണമായി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഔദ്യോഗിക ഉത്തരവൊന്നുമില്ല.

അതേ സമയം, മലയാളം മീഡിയം നിലനിൽക്കുന്നത് വലിയ അനിശ്ചിതത്വത്തിലാണ്. എല്ലാ ദ്വീപുകളിലെയും സ്കൂൾ പ്രിൻസിപ്പൽമാരെ വിദ്യാഭ്യാസ ഓഫീസർ ഫോൺ മുഖേന വിളിച്ച്, ഒന്നാം ക്ലാസിൽ മലയാളം മീഡിയത്തിലേക്ക് അഡ്മിഷൻ നൽകരുതെന്ന് നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ അത്തരമൊരു ഔദ്യോഗിക ഉത്തരവില്ലാതെ മലയാളം മീഡിയത്തിലേക്ക് അഡ്മിഷൻ  നൽകാതിരിക്കാനാകില്ലെന്ന ആശങ്ക ചില പ്രിൻസിപ്പൽമാർ മുന്നോട്ടുവച്ചിട്ടുണ്ട്.


കഴിഞ്ഞ അദ്ധ്യാന വർഷം കവരത്തി  സ്കൂളിൽ വാക്കാലുള്ള നിർദ്ദേശം അടിസ്ഥാനമാക്കി, മലയാളം മീഡിയത്തിൽ ഒന്നാം ക്ലാസിൽ അഡ്മിഷൻ നൽകാതെ തുടരുകയായിരുന്നു. അതിനാൽ രക്ഷിതാക്കൾക്ക് വ്യക്തതയും ആത്മവിശ്വാസവുമില്ലാതെ കുട്ടികളെ മലയാളം മീഡിയത്തിൽ ചേർക്കാൻ മടിയുണ്ടായി. ഇപ്പോൾ വീണ്ടും അതേ രീതിയിലായിരിക്കും ഭരണകൂടത്തിന്റെ നീക്കമെന്ന് രക്ഷിതാക്കളും അധ്യാപകരും സംശയിക്കുന്നു. ഔദ്യോഗിക ഉത്തരവില്ലാതെ, ഫോൺകോൾ മാർഗത്തിലുള്ള നിർദേശങ്ങൾ അടിസ്ഥാനമാക്കി മീഡിയം മാറ്റാൻ നിർബന്ധിതമാവുന്നത് നിയമപരമായും അർഹതയില്ലാത്ത നടപടിയാവും.

പ്രാദേശിക ഭാഷാപഠനം സംരക്ഷിക്കപ്പെടുമോ?

അറബി, മഹൽ, മലയാളം തുടങ്ങിയ ഭാഷകൾ ലക്ഷദ്വീപിലെ പാരമ്പര്യവും സാംസ്കാരിക പൈതൃകവുമാണ്. നൂറ്റാണ്ടുകൾ നീണ്ട ഭാഷാപാരമ്പര്യത്തിന്റെ നിലനില്പിന് നേരേ വരുന്ന ഇത്തരം വിദ്യാഭ്യാസ മാറ്റങ്ങൾ, ജനതയുടെ താൽപര്യങ്ങൾക്കുമുന്നിൽ ഉത്തരവാദിത്തപൂർണമായി ആലോചിക്കേണ്ടതുണ്ട്. 2020 ലെ പുതിയ വിദ്യാഭ്യാസ നയപ്രകാരം മാതൃഭാഷയിലൂടെയുള്ള പഠനത്തിന് മുൻതൂക്കം നൽകുന്നുണ്ട്. സിബിഎസ്ഇ പോലും ഇത് പിന്തുടരാൻ തുടങ്ങിയിരിക്കുന്നു. അക്കാലത്താണ് ലക്ഷദ്വീപ് ഭരണകൂടം കേന്ദ്രസർക്കാർ തന്നെ ഇറക്കിയ നിയമത്തെ മറ്റൊരു രീതിയിൽ എതിർക്കുന്നത്.

കേരള ഹൈക്കോടതിയുടെ ഇടപെടലിലൂടെ താത്കാലികമായി രക്ഷപ്പെട്ടുവെങ്കിലും, ഭരണകൂടം നയപരമായ നിലപാടുകൾ തിരുത്താതിരിക്കുകയാണെങ്കിൽ, ഭാഷാപഠനവും വിദ്യാഭ്യാസവുമൊത്തുള്ള ജനതയുടെ അവകാശങ്ങൾ ഗുരുതരമായി നഷ്ടപ്പെടുന്ന സാഹചര്യമാകും.