ലക്ഷദ്വീപിലെ തൊഴിലില്ലായ്മ ഭരണഘടനാ ലംഘനമെന്ന് എൽ.എസ്.എ; റിപ്പബ്ലിക് ദിനത്തിൽ അഡ്മിനിസ്ട്രേറ്റർക്കും കമ്മീഷനും പരാതി നൽകി


കവരത്തി: രാജ്യം 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, ലക്ഷദ്വീപിലെ യുവാക്കളുടെ തൊഴിൽപരമായ അവകാശങ്ങൾ നിഷേധിക്കുന്ന ഭരണകൂട നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി ലക്ഷദ്വീപ് വിദ്യാർഥികൾ. അസോസിയേഷൻ (LSA). ദ്വീപിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കണമെന്നും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC), ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC), പട്ടികവർഗ്ഗ കമ്മീഷൻ (NCST) എന്നിവർക്ക് എൽ.എസ്.എ നിവേദനം സമർപ്പിച്ചു.

രാജ്യത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക്
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO) പുറത്തുവിട്ട പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ (PLFS) പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ലക്ഷദ്വീപിലാണ്.

യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ: 36.2%

ദേശീയ തലത്തിലെ സ്ഥാനം: ഒന്നാം സ്ഥാനം

ഈ കണക്കുകൾ ദ്വീപ് നേരിടുന്ന സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നുവെന്ന് എൽ.എസ്.എ ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മ കുടുംബങ്ങളുടെ സുസ്ഥിരതയെയും യുവാക്കളുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നതായും നിർബന്ധിത കുടിയേറ്റത്തിന് ഇത് കാരണമാകുന്നതായും സംഘടന വ്യക്തമാക്കുന്നു.

2500-ലേറെ തസ്തികകൾ; നിയമനമില്ല, പകരം ‘അബോളിഷൻ’
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് 2500-ൽ പരം സ്ഥിര തസ്തികകൾ ഒഴിവുണ്ടായിട്ടും അവ നികത്താൻ ഭരണകൂടം തയ്യാറാകുന്നില്ല. പകരം നിലവിലുള്ള തസ്തികകൾ നിയമാനുസൃതം റദ്ദാക്കിയ നടപടിയാണ് സ്വീകരിക്കുന്നത്. ഈ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ‘ജീവിക്കാനുള്ള അവകാശത്തിന്’ മേലുള്ള കടന്നുകയറ്റമാണെന്ന് എൽ.എസ്.എ ആരോപിച്ചു.

“ജീവിക്കാനുള്ള അവകാശത്തിൻ്റെ അവിഭാജ്യ ഘടകമാണ് ഉപജീവനത്തിനുള്ള അവകാശം. അംഗീകൃത തസ്തികകൾ മരവിപ്പിക്കുന്നത് യോഗ്യരായ യുവാക്കളോടുള്ള വെല്ലുവിളിയാണ്.” – LSA പ്രതിനിധികൾ

‘ഇൻക്വിലാബ്’ സമരവുമായി മുന്നോട്ട്
തൊഴിൽ നിഷേധത്തിനെതിരെ “ഇൻക്വിലാബ്” എന്ന പേരിൽ എൽ.എസ്.എ നേരത്തെ തന്നെ പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചു. 2025 ഡിസംബർ 8-ന് അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകന് വിശദമായ നിവേദനം നൽകിയിരുന്നെങ്കിലും ഇതുവരെ അനുകൂല നടപടികൾ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് റിപ്പബ്ലിക് ദിനത്തിൽ തന്നെ ശക്തമായ നിയമപോരാട്ടത്തിലേക്കും കമ്മീഷനുകളെ സമീപിക്കുന്നതിലേക്കും സംഘടന നീങ്ങിയത്.

ദ്വീപിലെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഭാവിക്കായി സാധ്യമായ എല്ലാ വഴികളിലൂടെയും സമരം തുടരുമെന്ന് ലക്ഷദ്വീപ് സ്റ്റുഡൻസ് അസോസിയേഷൻ അറിയിച്ചു.