ലക്ഷദ്വീപിന്റെ സമഗ്രവികസനത്തിന് അൽമാസ് ഗ്രൂപ്പിന്റെ സഹായം

കോട്ടയ്ക്കൽ : ലക്ഷദ്വീപിലെ ആരോഗ്യസൗകര്യങ്ങളുടെ കുറവുപരിഹരിക്കാനും ദ്വീപ് നിവാസികൾക്ക് ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കാനുമായി അൽമാസ് ഗ്രൂപ്പ് സിഎസ്ആർ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. ലക്ഷദ്വീപ് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസസിന്റെ ഔദ്യോഗിക ക്ഷണപ്രകാരം അൽമാസ് ഗ്രൂപ്പിന്റെ പ്രതിനിധിസംഘം ലക്ഷദ്വീപ് സന്ദർശിച്ചു.

ലക്ഷദ്വീപ് ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ് എം. ഭാരണി ഡാനിക്‌സുമായി അൽമാസ് ഗ്രൂപ്പ് അധികൃതർ ചർച്ച നടത്തി ഭാവി പ്രവർത്തനങ്ങൾ ആസൂത്രണംചെയ്തു.
ആരോഗ്യമേഖലയ്ക്കൊപ്പം വിദ്യാഭ്യാസമേഖലയിലെ സഹകരണ സാധ്യതകളും അൽമാസ് ഗ്രൂപ്പ് മുന്നോട്ടുവെച്ചു. യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി അൽമാസ് ഗ്രൂപ്പിന്റെ വിവിധ വിദ്യാഭ്യാസ, ആരോഗ്യ, ഐടി സ്ഥാപനങ്ങളിൽ ജോലി നൽകുന്നതിനുള്ള സഹായങ്ങളും വാഗ്ദാനംചെയ്തു.

ലക്ഷദ്വീപിലെ ജനക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായ കടമത്ത് ഐലൻഡ് ഫിനാൻഷ്യൽ അസിസ്റ്റൻസ് ചാരിറ്റബിൾ സൊസൈറ്റി, പീപ്പിൾസ് യുണൈറ്റഡ് സൊസൈറ്റി ഫോർ ഹ്യൂമൻ പ്രോഗ്രസീവ് അപ്രോച്ച് എന്നീ സന്നദ്ധസംഘടനകളുമായി സഹകരിച്ചാണ് അൽമാസ് ഗ്രൂപ്പ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

അൽമാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. പി.എ. കബീർ, പ്രോജക്ട് ഡയറക്ടർ എം. സലിം, അക്കാദമിക് സി.ഇ.ഒ. എം. ജൗഹർ, ഐ.ടി. ഡയറക്ടർ ബഷീർ അഹമ്മദ്, അഡ്മിനിസ്‌ട്രേറ്റർ എം. മുജീബ്, ഡയറക്ടർ ഡോ. അമീൻ കബീർ, അമൻ കബീർ എന്നിവരടങ്ങിയ സംഘമാണ് ലക്ഷദ്വീപ് സന്ദർശിച്ചത്.