റോഡ്സൈഡിലുള്ള തെങ്ങുകൾ കൊയ്യുന്നത് നിയന്ത്രിച്ച് ഉത്തരവ്

ആന്ത്രോത്ത്: യാത്രക്കാർക്ക് അപകടം സൃഷ്ടിക്കുന്ന തരത്തിൽ റോഡ് സൈഡിലുള്ള തെങ്ങുകളിൽ നിന്ന് സുരക്ഷാ മുൻകരുതലുകൾ കൂടാതെ തേങ്ങ കൊയ്യുന്നത് നിയന്ത്രിക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഉത്തരവ് പുറപ്പെടുവിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 (BNSS) സെക്ഷൻ 152 (1)(a) പ്രകാരമാണ് ഈ ഉത്തരവ് ആന്ത്രോത്തിലും കൽപേനിയിലും പുറപ്പെടുവിച്ചിരിക്കുന്നത്.

തെങ്ങുകളിൽ നിന്ന് തേങ്ങ മുൻകൂട്ടി അറിയിപ്പോ സുരക്ഷാ നടപടികളോ ഇല്ലാതെ കൊയ്യുന്നതിനാൽ തെങ്ങിൻ ഓലകളും കൊതുമ്പുകളും വീണ് ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുകയും യാത്രക്കാരുടെ ജീവൻ അപകടത്തിലാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. നേരത്തെ നൽകിയ വാക്കാലുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതിനാലാണ് ഇപ്പോഴത്തെ ഉത്തരവ്.

ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ:
തെങ്ങുകൾ കൊയ്യുന്നതിന് കുറഞ്ഞത് 24 മണിക്കൂർ മുൻപ് ബന്ധപ്പെട്ട SHO, AE (റോഡ്സ്) എന്നിവർക്ക് ഫോമിൽ അറിയിപ്പ് നൽകി അനുമതി വാങ്ങണം.
സ്കൂൾ/പീക്ക് ട്രാഫിക് സമയങ്ങളിലും കപ്പൽ വരുന്ന സമയത്തും കൊയ്ത്ത് നടത്താൻ പാടില്ല. തെങ്ങിനോടു ചുറ്റും 10 മീറ്റർ സുരക്ഷാ ഉറപ്പാക്കണം. മേൽനോട്ടം വഹിക്കുന്ന സൂപ്പർവൈസർ ഉണ്ടാകണം.
കയറുന്നവർ സുരക്ഷാ ബെൽറ്റ്, ഗ്രൗണ്ട് ഹാൻഡ്ലർമാർ ഹെൽമെറ്റ്, ഗ്ലൗസ് എന്നിവ നിർബന്ധമായും ഉപയോഗിക്കണം. കാറ്റ്/മഴക്കാലത്ത് ജോലി നിരോധിച്ചു. അപകടമോ പരിക്കോ സംഭവിച്ചാൽ ഉടമ/കണ്ട്രാക്ടർ ഉത്തരവാദിയായിരിക്കും.
നിയമലംഘനങ്ങൾക്കെതിരെ BNSS പ്രകാരം നിയമ നടപടി, പിഴ, എന്നിവ ഉണ്ടായേക്കും.

ഡെപ്യൂട്ടി കളക്ടർ കം സി.ഇ.ഒ മുഖുന്ദ് വല്ലഭ് ജോഷി ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.