മൃഗങ്ങളെ നിയന്ത്രിക്കാൻ ലക്ഷദ്വീപിൽ കടുത്ത നടപടി

കവരത്തി : ലക്ഷദ്വീപ് ഭരണകൂടം ദ്വീപുകളിലുടനീളം തെരുവ് മൃഗങ്ങളുടെ ഭീഷണി നിയന്ത്രിക്കാൻ കർശന നടപടികൾ പ്രഖ്യാപിച്ചു. ലക്ഷദ്വീപ് മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം ഇനി മുതൽ പശു, കാള, പശുകിടാവ്, ആട്, കുഞ്ഞാടുകൾ എന്നിവയെ പൊതുവഴികളിലും സർക്കാർ സ്ഥാപനങ്ങളുടെയും മറ്റും പരിസരങ്ങളിലും സ്വതന്ത്രമായി വിവരിക്കാനുള്ള അനുവാദമുണ്ടാകില്ല. മൃഗങ്ങളുടെ ഉടമകൾ തന്നെയാണ് അവയ്ക്ക് വേണ്ട ഭക്ഷണവും ആലകളും ഉറപ്പാക്കേണ്ടത്.

പൊതു സ്ഥലങ്ങളിൽ കണ്ടു കിട്ടുന്ന തെരുവ് മൃഗങ്ങളെ പഞ്ചായത്തിലെ തൊഴിലാളികൾ പിടികൂടി പൗണ്ടിലേക്ക് മാറ്റും. തിരിച്ചു കിട്ടാൻ ഉടമകൾക്ക് കർശനമായ പിഴയും പരിപാലന ചെലവും അടയ്ക്കേണ്ടിവരും.

പിഴ നിരക്കുകൾ:

പശു: ₹15,000 (ഉടമസ്ഥാവകാശം) + ദിവസേന ₹250 പരിപാലന ചെലവ്
ആട്: ₹2,000 + ദിവസേന ₹100
കിടാവ്: ₹5,000 + ദിവസേന ₹50
കുഞ്ഞാട്: ₹500 + ദിവസേന ₹25

മൃഗങ്ങൾ പല തവണയും തെരുവിൽ പിടിക്കപ്പെടുകയാണെങ്കിൽ കൂടുതൽ പിഴ ഈടാക്കും. നിശ്ചിത സമയത്തിനുള്ളിൽ ഉടമകൾ തിരിച്ചുപിടിക്കാത്ത മൃഗങ്ങളെ പൊതുലേലത്തിലൂടെ വിറ്റഴിക്കും.

പൊതു വഴികളിൽ മൃഗങ്ങളെ സ്വതന്ത്രമായി വിടുന്നതാണ് അപകടങ്ങളും ഗതാഗത തടസ്സങ്ങളും കൃഷിനാശവും ഉണ്ടാക്കുന്നതെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ മൃഗങ്ങൾ പൊളിത്തീൻ ഭക്ഷിച്ച് മരണമടയുന്നതും, രോഗങ്ങൾ പടരുന്നതും, വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ അഴുക്ക് സൃഷ്ടിക്കുന്നതുമാണ് പൊതുജനങ്ങൾക്ക് നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങൾ.
ഈ ഉത്തരവ് 2025 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും.