മത്സ്യത്തൊഴിലാളികൾക്കൊപ്പം ഗവേഷണം: മാതൃകയായി ദക്ഷിനിൻ്റെ ലക്ഷദ്വീപിലെ ഗവേഷണ പ്രവർത്തനങ്ങൾ

മത്സ്യത്തൊഴിലാളികൾക്കൊപ്പമുള്ള ഗവേഷണപ്രവർത്തനങ്ങൾ കടൽ വിഭവങ്ങളുടെ സംരക്ഷണത്തിനും തദ്ദേശീയ മത്സ്യത്തൊഴിലാളി സമൂഹങ്ങൾക്കും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന് മാതൃകയാവുകയാണ് ലക്ഷദ്വീപിലെ മാത്‍സ്യത്തൊഴിലാളികൾക്കൊപ്പം ദക്ഷിൺ ഫൗണ്ടേഷൻ നടത്തിവരുന്ന  പ്രവർത്തനങ്ങൾ. ആപ്തി ഇൻസ്റ്റിറ്റ്യൂട്ട്, അറുവ് കൊളാബ്രേട്ടറി, ദക്ഷിൺ ഫൌണ്ടേഷൻ തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങൾ സംയുക്തമായി ജൂലൈ നാലിന് ബാഗ്ലൂരിൽ നടത്തിയ Community Tech for Climate Resilience എന്ന വർക്ക്ഷോപ്പിലെത്തിയ വിദഗ്ദരും ഗവേഷകരുമാണ് ഈ അഭിപ്രായം പങ്കുവച്ചത്. കഴിഞ്ഞ പത്ത് വർഷത്തിലേറേക്കാലമായി മത്സ്യത്തൊഴിലാളികൾക്കൊപ്പം ചൂര പിടിത്തവുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ ദക്ഷിൺ നടത്തിവരുന്നു. മത്സ്യത്തൊഴിലാളികൾക്ക് ലോഗ് ബുക്ക് നൽകി ശേഖരിച്ച വിവരങ്ങളും അതിന്റെ സാധ്യതകളും വാർക്ഷോപ്പിൽ ലക്ഷദ്വീപ് നിവാസിയും ദക്ഷിൺ ഫൗണ്ടേഷൻ ലക്ഷദ്വീപ് റിസർച്ച് കോർഡിനേറ്ററുമായ മഹബൂബ് ഖാൻ അവതരിപ്പിച്ചു. ഒപ്പം ലക്ഷദ്വീപിലെ മത്സ്യത്തൊ ഴിലാളികളുടെ അറിവുകൾ ശേഖരിച്ച് നിർമിച്ച വിവിധ ദ്വീപുകളിലെ ലഗൂണിലെയും പ്രധാന ചാള പിടിക്കുന്നതും സംരക്ഷിക്കപ്പെടേണ്ടതുമായ സ്ഥലങ്ങളുടെ മാപ്പുകളും അവതരിപ്പിച്ചു. ലക്ഷദ്വീപിലെ മത്സ്യമേഖല നേരിടുന്ന വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കൊപ്പം ദ്വീപിലെ മത്‍സ്യത്തൊഴിലാളികൾ അവരുടെ അനുഭവങ്ങളും പ്രശ്നങ്ങളും പങ്കുവയ്ക്കുന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. ദ്വീപിലെ മത്സ്യമേഖല നേരിടുന്ന പ്രതിസന്ധികൾക്ക് മത്സ്യത്തൊഴിലാളികളുടെ അറിവും പങ്കാളിത്തവും ഉൾപ്പെടുത്തിക്കൊണ്ട് ഗവേഷണ പ്രവർത്തനങ്ങളിലൂടെ  പരിഹാര മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമമാണ് ദക്ഷിൺ നടത്തിവരുന്നത്. ദ്വീപിലെ കടൽപ്പണിക്കാരുടെ അറിവും വൈദഗ്ദ്യവും കൂടുതൽ പഠിക്കപ്പെടേണ്ടതുണ്ടെന്നും അവരുടെ പ്രശ്നങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. ദക്ഷിൺ ഫൗണ്ടേഷൻ ഗവേഷകരായ കുമാർ സഹായരാജു, മീനാക്ഷി, നവീൻ നമ്പൂതിരി തുടങ്ങിയവർ ചർച്ചകൾക്ക്‌ നേതൃത്വം നൽകി.