ഭിന്നശേഷിക്കാർക്കുള്ള ക്വോട്ടാ ടിക്കറ്റുകൾ വിതരണം — പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിലെ പോർട്ട്, ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ വകുപ്പ് ഭിന്നശേഷിക്കാർക്കുള്ള ക്വോട്ടാ ടിക്കറ്റുകളുടെ വിതരണവുമായി ബന്ധപ്പെട്ട പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. നിലവിലുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ക്രോഡീകരിച്ചാണ് പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചത്.

നോട്ടിഫിക്കേഷൻ അനുസരിച്ച്, ഭിന്നശേഷിക്കാർക്കുള്ള ക്വോട്ടാ ടിക്കറ്റുകൾ ഇനി മുതൽ കപ്പൽ പുറപ്പെടുന്ന തുറമുഖങ്ങളിലെ കൗണ്ടറുകളിൽ നിന്നുമാത്രമേ വിതരണം ചെയ്യുകയുള്ളൂ. മെയിൻലാൻഡിൽ നിന്ന് ദ്വീപുകളിലേക്കുള്ള യാത്രയ്ക്കായി ഭിന്നശേഷി ക്വോട്ടാ ടിക്കറ്റുകൾ ബന്ധപ്പെട്ട ദ്വീപുകളിലെ കൗണ്ടറുകളിൽ നിന്നുമാത്രം ലഭ്യമാക്കാനാണ് തീരുമാനം.

UDID / ID കാർഡ് കൈവശമുള്ളവർക്കും അവരുടെ സഹായികൾക്കുമാത്രമേ ഈ ടിക്കറ്റുകൾ ലഭിക്കുകയുള്ളൂ എന്ന് നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. UDID കാർഡ് നിർബന്ധമായും ഹാജരാക്കണം. കാർഡ് ഉടമയൊപ്പമില്ലാതെ സഹായിക്ക് (Escort) ക്വോട്ടയിൽ യാത്ര ചെയ്യാൻ അനുവാദമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ടിക്കറ്റ് വിതരണം സംബന്ധിച്ച് നിയമലംഘനം നടത്തുന്ന ജീവനക്കാർക്കെതിരെ സർവീസ് നിയമങ്ങൾക്കനുസരിച്ച് അച്ചടക്കനടപടികൾ സ്വീകരിക്കും. അതുപോലെ, വ്യാജരേഖകൾ സമർപ്പിക്കുന്നതോ ഭിന്നശേഷി ക്വോട്ട ദുരുപയോഗം ചെയ്യുന്നതോ ചെയ്യുന്ന യാത്രക്കാരുടെ ടിക്കറ്റുകൾ റദ്ദാക്കുകയും റീഫണ്ട് നിഷേധിക്കുകയും ഭാവിയിൽ ക്വോട്ട ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ നിന്നും ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുകയും ചെയ്യും.

ഡോ. ആർ. ഗിരി ശങ്കർ, ഐ.എ.എസ്., ഡയറക്ടർ (പോർട്ട്, ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ) ഒപ്പുവെച്ച ഈ നോട്ടിഫിക്കേഷൻ 2025 ഒക്ടോബർ 10-ന് പുറത്തിറക്കി. ഭിന്നശേഷിക്കാർക്ക് ന്യായമായ ആനുകൂല്യങ്ങൾ ഉറപ്പാക്കാനും, ദുരുപയോഗം തടയാനും ലക്ഷ്യമിട്ടാണ് ഈ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതെന്ന് അധികൃതർ അറിയിച്ചു.