പൊന്നാനി: ബോട്ടിൽ ചരക്കുകപ്പലടിച്ച് 2 മത്സ്യത്തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ കപ്പലിന്റെ ക്യാപ്റ്റൻ ഉൾപ്പെടെ 3 പേരെ പ്രതിയാക്കി തീരദേശ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ക്യാപ്റ്റൻ മാന്നാർ സ്വദേശി സ്വാതിവീണയിൽ വേണുകുമാർ, റേഡിയോ ഓഫിസർ ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി ജലാൽ, കപ്പലിലെ ഹെൽസ്മാൻ ലക്ഷദ്വീപ് സ്വദേശി ബിദ്രാദ് എന്നിവരെ പ്രതി ചേർത്താണു ചാവക്കാട് മുനക്കക്കടവ് തീരദേശ പൊലീസ് സിഐ ടി.പി. ഫർഷാദിന്റെ നേതൃത്വത്തിൽ കുറ്റപത്രം തയ്യാറാക്കിയത്. കുറ്റപത്രം കഴിഞ്ഞ ദിവസം ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. ഒന്നാം പ്രതിയായ ക്യാപ്റ്റൻ വേണുകുമാർ മൂന്നുമാസം മുൻപ് മരിച്ചു.
2024 മേയ് 13ന് തൃശൂർ എടക്കഴിയൂർ തീരത്തുനിന്നു 17 കിലോ മീറ്റർ അകലെ അറബിക്കടലിലായിരുന്നു അപകടം. ചരക്കുകപ്പൽ ഇടിച്ച് മീൻപിടിത്ത ബോട്ട് പിളർന്ന് 2 മത്സ്യത്തൊഴിലാളികളാണു മരിച്ചത്. ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിലുള്ള എം.വി. സാഗർ യുവരാജ് എന്ന കപ്പലാണ് ഇടിച്ചത്. ക്യാപ്റ്റൻ ഉൾപ്പെടെയുള്ള ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നു കുറ്റപ്രത്രത്തിൽ പറയുന്നു. മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റമാണു ചുമത്തിയിരിക്കുന്നത്.
മീൻപിടിത്ത ബോട്ടിലെ സ്രാങ്കായിരുന്ന പൊന്നാനി ജെഎം റോഡിൽ മിസ്ത്രിപ്പള്ളിക്കു സമീപം കുറിയമാക്കാനകത്ത് അബ്ദുൽ സലാം, പൊന്നാനി പള്ളിപ്പടിപീക്കിന്റെ വീട്ടിൽ അബ്ദുൽ ഗഫൂർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മറ്റു 4 പേർക്കു പരുക്കേറ്റിരുന്നു.
കടപ്പാട്: മലയാള മനോരമ
ബോട്ടില് കപ്പലിടിച്ച സംഭവം: 3 പേരെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു
