‘ബിത്ര ദ്വീപ് ഒഴിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണം’; പാർലമെന്റിൽ ഹംദുള്ള സഈദ് എം.പി

ന്യൂഡെൽഹി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ലോക്‌സഭയിൽ പ്രതിഷേധവുമായി ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ്.

റവന്യു വകുപ്പ് പുറത്തിറക്കിയ നോട്ടിഫിക്കേഷൻ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു. ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപായ ബിത്ര ആയിരക്കണക്കിന് ദ്വീപ് നിവാസികൾക്ക് മത്സ്യബന്ധനത്തിന്റെ മുഖ്യ കേന്ദ്രമായതിനാൽ അതിന്റെ ഒഴിപ്പിക്കൽ നീക്കം ദ്വീപുകാരെ വലിയ രീതിയിൽ ബാധിക്കുമെന്ന് എംപി മുന്നറിയിപ്പ് നൽകി.

“മത്സ്യ സമ്പത്ത് ലക്ഷദ്വീപിന്റെ പ്രധാന ആധാരമാണ്. പ്രതിരോധ ആവശ്യങ്ങൾക്കും മറ്റുമായി കേന്ദ്രസർക്കാരിന് ഞങ്ങൾ എപ്പോഴും പിന്തുണ നൽകിയിട്ടുള്ളവരാണ്. എന്നാൽ ഇപ്പോഴുള്ള നീക്കം ദ്വീപ് ജനതയെ അവഗണിക്കുന്നതാണ്. അതിനാൽ ഭരണകൂടം ഈ നടപടിയിൽ നിന്ന് പിന്മാറണം,” – എംപി ഹംദുള്ള സഈദ് സഭയിൽ പറഞ്ഞു.