പ്രിയപ്പെട്ട ഫൈസൽ മാഷിനെ അനുസ്മരിച്ച് കിൽത്താൻ സ്കൂൾ കോംപ്ലെക്സ്

കിൽത്താൻ: ഇന്നലെ രാത്രി മരണപ്പെട്ട മലയാള അധ്യാപകൻ കുന്നാംഗലം മുഹമ്മദ് സൈഫുദ്ദീൻ ഫൈസൽ മാഷിൻ്റെ വേർപാടിൽ കിൽത്താൻ സ്കൂൾ കോംപ്ലെക്സ് അനുശോചന യോഗം സംഘടിപ്പിച്ചു. എപ്പോഴും ചിരിച്ച മുഖവുമായി, നർമ്മവും സൗമ്യതയും കൊണ്ട് ഏതു സാഹചര്യത്തെയും ക്ഷമയോടെ നേരിടുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് സഹപ്രവർത്തകർ ഓർത്തു. പ്രിയപ്പെട്ട തങ്ങളുടെ ഫൈസൽ മാഷിനു വേണ്ടി വിദ്യാർത്ഥികളുടെ പ്രാർത്ഥനയും നടന്നു.  അദ്ദേഹത്തിന്റെ അകാലവിയോഗം കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും അതീവ ദുഃഖകരമാണ്.


കിൽത്താൻ ദ്വീപ് സ്വദേശിയായ ഫൈസൽ മാഷിന് നിലവിൽ ബിത്രയിലാണ് പോസ്റ്റിങ്ങ്. എന്നിരുന്നാലും അസുഖബാധിതനായതിനെ തുടർന്ന് മൂന്നുമാസം കിൽത്താൻ ഗവർമെൻറ് സീനിയർ സെക്കൻഡറി സ്കൂളിൽ തന്നെ അദ്ദേഹത്തെ നിർത്തിയിരുന്നു. ഇരുപതോളം വർഷം മലയാള അധ്യാപകനായി ജോലി ചെയ്ത അദ്ദേഹം ജന്മനാടായ കിൽത്താൻ, അമിനി, ചെത്ത്ലാത്ത്, കവരത്തി തുടങ്ങിയ ദ്വീപുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദ്വീപ് ഡയറി ചീഫ് എഡിറ്റർ കെ.ബാഹിറിന്റെ അനിയൻ കൂടിയാണ് അദ്ദേഹം.

ആലുവ പേങ്ങാട്ടുശ്ശേരി പള്ളിയിൽ ഇന്ന് രാവിലെ കബറടക്കി.