ലക്ഷദ്വീപ്: തനത് പാരമ്പര്യ മൂല്യങ്ങൾ മുറുകെ പിടിച്ച് വൈജ്ഞാനിക ബന്ധങ്ങൾ സുശക്തമാക്കണമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡൻ്റും ജാമിഅ മദീനതുന്നൂർ റെക്ടറുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി. ജാമിഅ മദീനതുന്നൂറിൻ്റെ ലക്ഷദ്വീപിലെ പ്രഥമ ക്യാമ്പസ് അഗത്തിയിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാന സമ്പാദനത്തിന് സമയം കണ്ടെത്തുകയും ജ്ഞാനികളുമായി ബന്ധപ്പെടുകയും വൈജ്ഞാനിക കേന്ദ്രങ്ങൾക്ക് വേണ്ടി നിലകൊള്ളകയും ചെയ്യുന്നത്
ജീവിത ദൗത്യമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച്ച രാവിലെ എത്തിച്ചേർന്ന ഡോ: മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിക്ക് അഗത്തി ഖാസി പി ചെറിയകോയ ദാരിമിയുടെ നേതൃത്വത്തിൽ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചേർന്ന് അഗത്തി എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി. ശേഷം ശൈഖിന പള്ളി മഖാം സിയാറത്തും വൈകിട്ട് ഗ്രാൻ്റ് സുന്നി സംഗമവും നടന്നു. അബ്ദുൽ ബാരി ഉസ്താദ് നഗറിൽ നടന്ന പരിപാടിയിൽ നാഇബ് ഖാസി ബി അബ്ദുൽ ഗഫൂർ ദാരിമിയുടെ അധ്യക്ഷതയിൽ
ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.ഖാസി പി ചെറിയകോയ ദാരിമി പ്രാർത്ഥന നടത്തി.
അഗത്തി മദീനതുന്നൂർ പ്രിൻസിപ്പൾ മുഹമ്മദ് അബ്ദുൽ ഹാദി നൂറാനി ആമുഖ ഭാഷണം നടത്തി. എം. സമദ് കോയ ദാരിമി , എ. മുഹമ്മദ് കോയ മുസ്ലിയാർ, സി. മുഹമ്മദ് ഇഖ്ബാൽ മാസ്റ്റർ, എ. മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ശംസുദ്ദീൻ കാമിൽ സഖാഫി സ്വാഗതവും ചെറിയകോയ മുസ്ലിയാർ നന്ദിയും പറഞ്ഞു.
ഞായർ രാവിലെ നടന്ന കമ്മ്യൂണിറ്റി ഫോറത്തിൽ വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന യുവാക്കൾ പങ്കെടുത്തു.ഹയർസെക്കൻഡറി, ഡിഗ്രി, പി.ജി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച എജ്യു കണക്റ്റിൽ സ്കിൽ ഓറിയൻ്റഡ് എജ്യുക്കേഷൻ സാധ്യതകൾ ചർച്ചയായി. ഉച്ചക്ക് ശേഷം ‘നൂറാനിയ്യ’ എന്ന തീമിൽ വിമൺസ് അസംബ്ലി നടന്നു. വൈകീട്ട്
സംഘടനാ ശാക്തീകരണം പ്രമേയമാക്കി എസ് വൈ എസ് ലക്ഷദ്വീപ് ഘടകത്തിൻ്റെ ക്യാബിനെറ്റ് മീറ്റ് നടന്നു.
ഡോ: മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ ലക്ഷ്വദീപ് ടൂറിസം മേഖലയുടെ വളർച്ചക്കും പൈതൃക സംരക്ഷണത്തിനും അധികൃതരുമായി ചർച്ച നടന്നു. രാത്രി നടന്ന മിസ്കുൽ ഖിതാം പരിപാടിയോടെ ദിദ്വിന സംഗമം സമാപിച്ചു.

