നൂറുവർഷത്തിലധികം ജീവിച്ച ‘ഇന്ന’ വിടവാങ്ങി

കിൽത്താൻ: നൂറുവർഷത്തിലധികം കാലത്തെ അനുഭവങ്ങളുമായി, കിൽത്താൻ ദ്വീപിന്റെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ജീവനുള്ള സാക്ഷിയായി ജീവിച്ചിരുന്ന കാട്ടാമ്പള്ളി സൈന, എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന “ഇന്ന” മരണപ്പെട്ടു. 115ന് മുകളിൽ പ്രായമുണ്ടായിരുന്നു അവർക്ക്.

പണ്ടുകാലത്ത് കടലിന്റെ ശ്വാസവും മനുഷ്യരുടെ അധ്വാനവുമായിരുന്നു കിൽത്താനിലെ ജീവിതം. ചകിരി തിരിച്ച് കയറുണ്ടാക്കി, അത് കൊടുത്ത് അരി വാങ്ങി കഞ്ഞി ഉണ്ടാക്കി കുടിച്ചിരുന്ന കാലത്തെ സാക്ഷിയായി ഇന്ന ജീവിച്ചിരുന്നു. പായക്കപ്പലുകളുടെ പായ പിടിച്ച് വൻകരയിലെത്തിയ കാലവും, കടലിന്റെ കഥകളും, കപ്പലുകളുടെ വരവും പോകലും, മത്സ്യബന്ധനത്തിന്റെ കഠിന പരിശ്രമങ്ങളും അവർക്ക് വ്യക്തമായ ഓർമ്മകളായിരുന്നു.

കിൽത്താനിലെ മഹത്തുക്കളെയും പണ്ഡിതന്മാരെയും, പഴയകാല അധ്യാപകരെയും ഉദ്യോഗസ്ഥരെയും കണ്ടും അറിഞ്ഞും വളർന്ന ഇന്ന, നാട്ടിന്റെ സമ്പന്നമായ അറിവുകളുടെ ഒരു ഭണ്ഡാരമായിരുന്നു. അനവധി പേർക്ക് ഭക്ഷണം വിളമ്പി, കുഞ്ഞുങ്ങളെ താലോലിച്ച് ഉറക്കിക്കൊടുത്ത മാതൃസ്നേഹത്തിന്റെ പ്രതീകമായി അവർ ജീവിച്ചു.

1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യവും, 1956-ൽ ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശമായ ഭരണപരമായ മാറ്റവും, 1970-80 കാലത്തെ വിദ്യാഭ്യാസ-ആരോഗ്യ പുരോഗതിയും, ഗതാഗത-മത്സ്യബന്ധന രംഗങ്ങളിലെ വികസനങ്ങൾക്കുമെല്ലാം  അവർ സാക്ഷിയായിരുന്നു.

കടൽത്തീരത്തെ ബാല്യകഥകളും, കുളിക്കരയിലെ ചരിത്രവും, കപ്പൽ വീണ ഓർമ്മകളും—എല്ലാം ഇന്ന മനപ്പാഠം പോലെ സൂക്ഷിച്ചിരുന്നു. അവർ ഇനി ഇല്ലെങ്കിലും, കിൽത്താന്റെ സമ്പന്നമായ പഴയകാലത്തിന്റെ ഒരു അധ്യായം, തലമുറകളുടെ ഓർമ്മയിൽ ഇന്നയിലൂടെ ജീവിച്ചുകൊണ്ടിരിക്കും.