മിനിക്കോയി: ലക്ഷദ്വീപിൽ നിന്നും ആദ്യമായി ഒരു വനിത മിലിറ്ററി ഓഫീസർ പദവിയിലേക്ക് എത്തുന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മിനിക്കോയി സ്വദേശി അനീസ ടീച്ചർ. പീസ് എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽ എൻസിസി (NCC) മുഖേന സൈനിക പരിശീലനത്തിനുള്ള അവസരം നേടിയതോടെ, മിനിക്കോയി സർക്കാർ സീനിയർ സെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ അനീസ ടീച്ചർ ചരിത്രം എഴുതുകയാണ്.
ഗ്വാളിയോറിലുള്ള സൈനിക ഓഫീസേഴ്‌സ് അക്കാദമിയിൽ 90 ദിവസത്തെ പരിശീലനവും പിന്നീട് ഇടവേളകളിൽ നടക്കുന്ന റിഫ്രഷർ കോഴ്സുകളും പൂര്‍ത്തിയാക്കേണ്ടതായിരിക്കും. അധ്യാപന ജോലിയോടൊപ്പം സൈനിക സേവനവും ചുമത്തപ്പെടുന്ന ഈ തസ്തിക എൻസിസി മുഖേന അധ്യാപകർക്ക് ലഭിക്കുന്ന അപൂർവ അവസരമാണ്.
ലക്ഷദ്വീപിൽ നേവൽ എൻസിസി കേന്ദ്രം ആരംഭിച്ചതിന് ശേഷം ഈ തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ, വിവിധ ഘട്ടങ്ങളിലായി ത്രിതല അഭിമുഖം, കർശനമായ മെഡിക്കൽ പരിശോധന, ഒരു വർഷത്തെ എൻസിസി കെയർടേക്കർ പ്രൊബേഷനറി സേവനം എന്നിവയ്ക്ക് ശേഷം മാത്രമേ അധ്യാപകരെ ഈ മേഖലയിലേക്ക് പരിഗണിക്കാറുള്ളു.
പദവിയിലിരിക്കുമ്പോൾ പ്രതിരോധ സേനാ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന എല്ലാ പ്രോട്ടോക്കോളുകളും ഈ അധ്യാപകർക്ക് ഇന്ത്യൻ പാർലമെന്റിന്റെ അനുമതിയോടെയാണ് ലഭിക്കുക. അധ്യാപന സമയത്തിന് ശേഷം വിദ്യാർത്ഥികൾക്ക് സൈനിക പരിശീലനം, തിയറി ക്ലാസുകൾ എന്നിവ നൽകുക, സൈനിക-പോലീസ് മേഖലകളിലേക്ക് കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ചുമതലകൾ. അതിനൊപ്പം അടിയന്തിര സാഹചര്യങ്ങളിൽ സൈനിക സേവനത്തിലേക്ക് നിയോഗിക്കപ്പെടാനും സാധ്യതയുണ്ട്.
