കിൽത്താൻ :- കിൽത്താൻ, ചെത്ത് ലാത്ത് ദ്വീപുകളിൽ ലാൻ്റ് ഡൈവർഷൻ ,പൊസസിംഗ് സർട്ടിഫിക്കെറ്റുകൾ കിട്ടാതെ ജനങ്ങൾ ബുദ്ധിമുട്ടിലായി. ഈ ദ്വീപുകളിലെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ അമിനിയിലാണ് ആസ്ഥാനം. അതിനാൽ ഈ ദ്വീപുകളിൽ നിന്നും ഈ സർട്ടിഫിക്കെറ്റുകൾക്ക് അപേക്ഷിച്ചവർ മാസങ്ങളേറെയായി കാത്തിരിക്കാൻ തുടങ്ങിയിട്ട്. അപേക്ഷകൾ ഇവിടെ നിന്നും പ്രോസസ് ചെയ്ത് ഡി.സി.യുടെ അംഗീകാരത്തിന് ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻ്റ് അയച്ചുകൊടുക്കും. അത് പല പോരാഴ്മ ക ളും ചൂണ്ടിക്കാട്ടി തിരിച്ചയക്കും.ഇത് പലവുരു ആവർത്തിക്കും. ഒരു തപാൽ ഇവിടെ നിന്നും അമിനി വരെ പോയി വരാൻ തന്നെ ഒരു മാസം വേണ്ടിവരും. ഫോണിൽ വിളിച്ചന്വേഷിച്ചാൽ വ്യക്തമാകാവുന്ന പോരായ്മകളാണ് ഇവയിലേറെയും. മാസത്തിലൊരിക്കലെങ്കിലും ഈ ദ്വീപുകളിൽ ഡി.സി. ക്യാമ്പ് ചെയ്തിരുന്നെങ്കിൽ തീരാവുന്ന പ്രശ്നങ്ങളാണിത്. നൂറു കണക്കിന് അപേക്ഷകളാണ് ബി.ഡി.ഓ. ഓഫീസിൽ കെട്ടിക്കിടക്കുന്നത്. അതിനിടയിൽ ഇത്തരം സർട്ടിഫിക്കെറ്റുകൾക്ക് ഓൺലൈൻ അപേക്ഷാ സമ്പ്രദായം നടപ്പിൽ വന്നു. ഈ നിയമം വരുന്നതിന് മാസങ്ങൾക്കു മുമ്പ് സമർപ്പിച്ച അപേക്ഷകൾക്ക് ഈ നിയമം ചൂണ്ടിക്കാട്ടി പല അപേക്ഷകളും കക്ഷികൾക്ക് തിരിച്ച് നൽകിയ സംഭവവും ഉണ്ടായി.ഓൺലൈൻ അപേക്ഷ സമ്പ്രദായം നിലവിൽ വരുന്നതിന് മുമ്പ് നൽകിയ അപേക്ഷകൾ അന്നത്തെ നിയമം അനുസരിച്ചാണ് പരിഗണിക്കേണ്ടത്.
ഇവിടെ നീതിയും നിയമവും എല്ലാം തോന്നിയത് പോലെയാണ് നടപ്പിലാക്കുന്നത്.കിൽത്താൽ, ചെത്ത്ലാത്ത് ദ്വീപുകളിലേക്ക് കൂടി ഡി.സി.മാരെ നിയമിച്ചാൽ ഇത്തരം പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണാൻ പറ്റു.ഡാനിക്, ഐ.എ.എസ്.ഓഫീസർമാർ ഫയലുകൾ തീർപ്പാക്കുന്നതിലും സർട്ടിഫിക്കെറ്റുകൾ ഒപ്പിടുന്നതിലും വളരെയധികം കാലതാമസം വരുത്തുന്നതായി വലിയ പരാതിയും ഉണ്ട്. ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരം തേടിക്കൊണ്ട് കിൽത്താൻ ഡവലപ്മെൻറ് ഫോറം അപേക്ഷ നൽകിയിരിക്കുകയാണ്.
ഡി.സി.അമിനിയിൽ; ഡൈവർഷൻ, പൊസസിംഗ് സർട്ടിഫിക്കെറ്റുകൾ കിട്ടാതെ കിൽത്താൻ ചെത്ത്ലാത്ത് ജനങ്ങൾ ബുദ്ധിമുട്ടിൽ
