ഗസ പറഞ്ഞ ഖിസ്സ നോവൽ പ്രകാശനം ചെയ്തു

ലക്ഷദ്വീപ്: ലക്ഷദ്വീപിലെ ചെത്ത്‌ലത്ത് ദ്വീപിൽ ബദരി പുനലൂർ രചിച്ച ‘ഗസ പറഞ്ഞ ഖിസ്സ’ എന്ന നോവൽ പ്രകാശനം ചെയ്തു. ഫലസ്തീൻ–ഇസ്രായേൽ സംഘർഷത്തിന്റെ ഒരു വർഷത്തെ അക്രമണാത്മക അധിനിവേശം അത്യന്തം ഉൾകിടിലത്തോടെ, സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ അവതരിപ്പിക്കുന്നതാണ് ഈ കൃതി. ഫലസ്തീൻ എന്ന ചെറുരാജ്യത്തിന്റെ ചിന്തകളെയും സംസ്കാരത്തെയും, അവിടുത്തെ ജനത അനുഭവിക്കുന്ന വേദനകളും യാഥാർത്ഥ്യങ്ങളും ഹൃദയസ്പർശിയായി വരച്ചുകാട്ടുകയാണ് നോവൽ.

എട്ട് ഭാഗങ്ങളായി ഒരുക്കിയിരിക്കുന്ന ‘ഗസ പറഞ്ഞ ഖിസ്സ’ ഗസയുടെ വ്യസനവ്യഥകളുടെ ഉള്ളുരുക്കത്തിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന സത്യസന്ധമായ ആഖ്യാനമാണ്. കണ്ണും ഖൽബും ദുഃഖസാഗരത്തിൽ ആഴ്ന്നിറങ്ങുന്ന അനുഭവമാണ് ഈ കൃതി വായനക്കാർക്ക് സമ്മാനിക്കുന്നത്.

കേരളത്തിലെ പ്രഗൽഭ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തന, കാരുണ്യ പ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യവുമായ ബദരി പുനലൂർ തന്റെ ഓരോ കൃതികൾക്കും നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പുഴപോലെ ഒഴുകുന്ന ഗസയുടെ കണ്ണീർക്കണങ്ങൾ വായനക്കാരുടെ മുന്നിൽ തുറന്നുകാട്ടുന്ന ഈ നോവൽ, ഗസയുടെ യാഥാർത്ഥ്യങ്ങളെ ശക്തമായി അവതരിപ്പിക്കുന്നു.

4-ാം തീയതിയാണ് പുസ്തക പ്രകാശന ചടങ്ങ് നടന്നത്. ലക്ഷദ്വീപിലെ യുവ കവയിത്രിയും മാപ്പിളപ്പാട്ട് രചയിതാവും എഴുത്തുകാരിയുമായ റഹ്മത്ത് ശൈഖ് (ചെത്ത്‌ലത്ത്) ലക്ഷദ്വീപ് എംപി അഡ്വ. മുഹമ്മദ് ഹംദുള്ള സഈദ് സാഹിബിന് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ശ്രീ. അബ്ദുൽ ജബ്ബാർ മൈദാൻ, റിട്ടേർഡ് പി.ടി.ഐ. ശ്രീ. കോയക്കിടാവ് മാസ്റ്റർ, റിട്ടേർഡ് ബി.ഡി.ഒ. ടി. കാസിം (കടമത്ത്), കുമാരി ആമിന ചേക്കാക്കൽ എന്നിവർ പങ്കെടുത്തു.